ട്രംപിന്റെ സമ്മര്‍ദത്തിന് മോദി വഴങ്ങി; പ്രധാനമന്ത്രി ഇന്ത്യയെ അമേരിക്കയ്ക്ക് വിറ്റു: രാഹുൽ ഗാന്ധി

ട്രംപിന് മുന്നിൽ നരേന്ദ്ര മോദി കീഴടങ്ങിയെന്നും രാഹുൽ ഗാന്ധി

ട്രംപിന്റെ സമ്മര്‍ദത്തിന് മോദി വഴങ്ങി; പ്രധാനമന്ത്രി ഇന്ത്യയെ അമേരിക്കയ്ക്ക് വിറ്റു: രാഹുൽ ഗാന്ധി
dot image

ന്യൂഡൽഹി: ഇന്ത്യ-യു എസ് വ്യാപാരക്കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അമേരിക്കയുമായുള്ള വ്യാപാര കരാറിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിൻ്റെ സമ്മർദത്തിന് പ്രധാനമന്ത്രി വഴങ്ങിയെന്നും രാജ്യത്തിന്റെ താൽപര്യങ്ങൾ വിറ്റഴിച്ചുവെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി ഇന്ത്യയെ അമേരിക്കയ്ക്ക് വിറ്റുവെന്നും ട്രംപിന് മുന്നിൽ നരേന്ദ്ര മോദി കീഴടങ്ങിയെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. രാജ്യത്തെ കർഷകന്റെ സ്വപ്നങ്ങൾ ട്രംപിന് മുന്നിൽ മോദി അടിയറവ് വെച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ചൈനയെ കുറിച്ചുള്ള തന്റെ പ്രസംഗത്തെ മോദി ഭയപ്പെടുന്നുവെന്നും ചരിത്രത്തിൽ ആദ്യമായാണ് പ്രതിപക്ഷ നേതാവിന് നന്ദിപ്രമേയ ചർച്ചയിൽ പ്രസംഗിക്കാൻ അനുമതി നിഷേധിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

 

ലോക്സഭയിലും ഇന്ത്യ-യുഎസ് കരാറിനെതിരെ രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചിരുന്നു.

പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്തുവെന്നും നരേന്ദ്രമോദി കരാർ ഒപ്പിട്ടത് വളരെയധികം സമ്മർദ്ദത്തിന് വഴങ്ങിയാണെന്നുമായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. കരാറിലെന്താണ് ഉളളതെന്ന് ജനങ്ങള്‍ക്കറിയണം. ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയും രാജ്യത്തെ കര്‍ഷകരും വലിയ ഭീഷണിയിലെന്നും രാഹുല്‍ ആരോപിച്ചിരുന്നു.

ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ ധാരണയായെന്ന അവകാശവാദവുമായി ഇന്നലെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് രംഗത്തെത്തിയിരുന്നു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മേലുള്ള താരിഫ് 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു. ഇത് കൂടാതെ വെനസ്വേലയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുമെന്നും ട്രംപ് പറഞ്ഞിരുന്നു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിമായി ഫോണിൽ സംസാരിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. മോദിയെ ഉറ്റ സുഹൃത്ത് എന്നും രാജ്യത്തെ ശക്തനായ നേതാവെന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്നും ട്രംപ് അവകാശപ്പെട്ടു. പകരം വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങും. ഇന്ത്യയുടെ ഈ നടപടി മൂലം റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ ഇന്ത്യ-യുഎസ് വ്യാപാര കരാർ സ്ഥിരീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. താരിഫ് കുറയ്ക്കുമെന്ന് അറിഞ്ഞതിൽ സന്തോഷമെന്നും രാജ്യത്തെ 140 കോടി ജനങ്ങളുടെ പേരിൽ ട്രംപിന് നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി 'എക്‌സി'ൽ കുറിച്ചു. ലോകത്തെ രണ്ട് വലിയ സമ്പദ് വ്യവസ്ഥകൾ ഒന്നിച്ച് പ്രവർത്തിക്കുന്നത് ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് ഗുണം ചെയ്യുമെന്നും മോദി കുറിച്ചിരുന്നു. ട്രംപിന്റെ നേതൃപാടവം ലോക സമാധാനത്തിനും സുസ്ഥിരതയ്ക്കും ഗുണകരമാകും. ട്രംപിൻ്റെ പ്രഖ്യാപനത്തെ പൂർണമായും പിന്തുണയ്ക്കുന്നുവെന്നും മോദി വ്യക്തമാക്കിയിരുന്നു.

Content Highlight : Opposition leader Rahul Gandhi has sharply criticized Prime Minister Narendra Modi over the India-US trade deal

dot image
To advertise here,contact us
dot image