

പത്തനംതിട്ട: എ പത്മകുമാറിന് എതിരായ നടപടി വൈകിയിട്ടില്ലെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി. പത്മകുമാറിനോട് പാർട്ടി വിശദീകരണം ചോദിച്ചിരുന്നുവെന്നും മറുപടി കിട്ടിയെന്നും ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. തിരഞ്ഞെടുപ്പ് തിരക്കായതിനാൽ ഇപ്പോഴാണ് അത് പാർട്ടിക്ക് പരിശോധിക്കാൻ കഴിഞ്ഞത്. കുറ്റപത്രത്തിലെ ഗ്രാവിറ്റി നോക്കിയായിരിക്കും പത്മകുമാറിനെതിരായ അന്തിമ നടപടിയെന്നും രാജു എബ്രഹാം കൂട്ടിച്ചേർത്തു.
പത്മകുമാറിന്റെ സമ്മർദ്ദത്തിന് പാർട്ടി വഴങ്ങിയിട്ടില്ലെന്നും രാജു എബ്രഹാം വ്യക്തമാക്കി. പത്മകുമാർ ആത്മകഥ എഴുതട്ടെ ബെസ്റ്റ് സെല്ലറായി ലോകം മുഴുവൻ പോകട്ടെയെന്നും രാജു എബ്രഹാം പ്രതികരിച്ചു. പാർട്ടിക്ക് സംഘടനാ രീതി അനുസരിച്ചുമാത്രമെ നടപടിയെടുക്കാൻ കഴിയൂ. ഭരണഘടന അനുസരിച്ച് ഇഷ്ടമുള്ള നടപടി ജില്ലാ കമ്മിറ്റിക്ക് എടുക്കാൻ കഴിയില്ലെന്നും രാജു എബ്രഹാം വ്യക്തമാക്കി.
പത്മകുമാർ നൽകിയ മറുപടി തൃപ്തികരമല്ലെന്നും തുടർനടപടികൾ ഉണ്ടാകുമെന്നുമായിരുന്നു സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക് വ്യക്തമാക്കിയത്. എസ്‌ഐടി റിപ്പോർട്ട് കൂടി പാർട്ടി പരിശോധിക്കുമെന്നും ശേഷം തുടർനടപടിയുണ്ടാകുമെന്നും. പാർട്ടിക്ക് അതിന്റെ ചിട്ടകളുണ്ടെന്നും രാജു എബ്രഹാം പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ഇതാണെന്ന് കണ്ടെത്തിയിട്ടില്ല. ചില സ്ഥലങ്ങളിൽ ഇതും സ്വാധീനിച്ചിട്ടുണ്ടെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ ചെയർമാൻ എ പത്മകുമാറിനെ സസ്പെൻഡ് ചെയ്യാൻ ഇന്ന് ചേർന്ന സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. പത്മകുമാറിനെ പാർട്ടി അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്യാനാണ് തീരുമാനിച്ചത്. സംസ്ഥാന സമിതിയുടെ അനുമതിയോടെയാണ് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നടപടി. ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതി ചേർക്കപ്പെട്ട പത്മകുമാറിനെ പുറത്താക്കണമെന്ന് നേരത്തെ ജില്ലാ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. എന്നാൽ കടുത്ത നടപടിയിലേക്ക് പോയില്ല.
പാർട്ടിയിൽ നിന്ന് പുറത്താക്കിയാൽ ശബരിമല സ്വർണക്കൊള്ളയിലും യുവതീ പ്രവേശന വിഷയത്തിലും വെളിപ്പെടുത്തൽ നടത്തുമെന്ന് അടുത്ത സുഹൃത്തുക്കളോട് പത്മകുമാർ പറഞ്ഞുവെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിൽ പത്മകുമാറിനെതിരായ നടപടി സസ്പെൻഷനിൽ ഒതുക്കിയത് സമ്മർദ്ദത്തിന് വഴങ്ങിയാണോയെന്ന ചോദ്യം ഉയർത്തുന്നു. ഇപ്പോൾ സസ്‌പെൻഷൻ മാത്രമാണെന്നും തുടർ തീരുമാനങ്ങൾ പിന്നീട് ആയിരിക്കുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം റിപ്പോർട്ട് ചെയ്തു. പാർട്ടിയിൽ നിന്ന് പുറത്താക്കാൻ നടപടിക്രമങ്ങൾ ഉണ്ടെന്നാണ് നേതൃത്വത്തിൻറെ വിശദീകരണം.
Content Highlights: Raju Abraham stated that there was no delay in taking action against Padmakumar and emphasized that the party did not succumb to any pressure while making its decision.