

ഇന്ത്യയിൽ നിന്നും സൗദി അറേബ്യൻ ട്രാൻസിസ്റ്റ് വിസ ഉപയോഗിച്ച് കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ഇത്തരത്തിലുള്ള യാത്രക്കാർ സൗദി വിമാന കമ്പനികളുടെ ടിക്കറ്റ് ഉപയോഗിച്ച് മാത്രമെ യാത്ര ചെയ്യാൻ പാടുള്ളൂ എന്നാണ് പുതിയ നിബന്ധന. ഇതോടെ കുവൈറ്റിലേക്കുള്ള നിരവധി യാത്രക്കാരെ നാട്ടിലെ വിവിധ വിമാനത്താവളത്തിൽ വെച്ച് തിരിച്ചയച്ചതായാണ് റിപ്പോർട്ട്.
നിലവിൽ കുവൈറ്റിൽ നിന്നും കുവൈറ്റ് ദേശീയ വിമാന കമ്പനികളായ കുവൈറ്റ് എയർ വെയ്സ്, ജസീറ എയർവെയ്സ് എന്നിവ മാത്രമാണ് നാട്ടിലേക്കും തിരിച്ചുമുള്ള സർവീസ് നടത്തുന്നത്. ഉയർന്ന നിരക്കുകകളാണ് ഇവ ഈടാക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രവാസികൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന വിമാന കമ്പനികളിൽ ടിക്കറ്റ് ബുക്ക് ചെയ്ത് സൗദി വഴി കുവൈറ്റിലേക്കുള്ള യാത്ര ക്രമീകരിക്കുന്നത്. ഇതിനായി സൗദി ട്രാൻസിസ്റ്റ് വിസ ആവശ്യമാണ്. എന്നാൽ സൗദി ട്രാൻസിറ്റ് വിസയിൽ യാത്ര ചെയ്യുന്നവർക്ക് സൗദിയുടെ ദേശീയ വിമാനക്കമ്പനികളായ സൗദിയ അല്ലെങ്കിൽ ഫ്ലൈനാസ് വിമാനങ്ങൾ മാത്രമേ ഉപയോഗിക്കാൻ അനുമതിയുള്ളൂ എന്നാണ് പുതിയ നിബന്ധന. മറ്റ് വിമാനക്കമ്പനികളിൽ ടിക്കറ്റ് എടുത്തവർക്ക് ട്രാൻസിറ്റ് അനുവദിക്കില്ല. കൂടാതെ ട്രാൻസിറ്റ് സമയത്തിലും കർശന നിയന്ത്രണങ്ങളുണ്ട്.
യാത്രക്കാരുടെ കണക്ഷൻ സമയം മൂന്ന് മണിക്കൂറിൽ കുറയാനോ എട്ട് മണിക്കൂറിൽ കൂടുതലാകാനോ പാടില്ല. ഈ മാനദണ്ഡങ്ങൾ പാലിക്കാത്ത ബുക്കിങ്ങുകൾക്ക് യാത്രാനുമതി ലഭിക്കില്ല. ഇത്തരത്തിൽ നാട്ടിൽ നിന്നുള്ള നിരവധി യാത്രക്കാർ വിമാനത്താവളത്തിൽ യാത്ര നിഷേധിച്ചതായാണ് വിവരം.
അതിനിടെ, നിലവിലെ വ്യോമഗതാഗത ക്രമീകരണങ്ങൾ പ്രകാരം സൗദിയിൽ നിന്ന് കുവൈറ്റിലേക്കുള്ള യാത്രയ്ക്ക് കുവൈറ്റ് എയർവേസ് അല്ലെങ്കിൽ ജസീറ എയർവേസ് സർവീസുകളെയാണ് ആശ്രയിക്കേണ്ടത്. അതിനാൽ ട്രാൻസിറ്റ് വിസയിൽ യാത്ര ചെയ്യുന്നവർ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് വിസാ നിബന്ധനകളും ട്രാൻസിറ്റ് സമയവും വിമാനക്കമ്പനികളുടെ വ്യവസ്ഥകളും കൃത്യമായി പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
Content Highlights: Authorities have warned travelers planning to reach Kuwait from India via Saudi Arabia to strictly follow entry, transit, and visa regulations. The advisory aims to prevent travel disruptions and ensure compliance with the latest immigration requirements.