

മാസങ്ങള്‍ നീണ്ട അമേരിക്ക - ഇറാന്‍ യുദ്ധത്തിന് വിരാമമിട്ട് ഇരുരാജ്യങ്ങളും 60 ദിവസത്തെ ചരിത്രപരമായ വെടിനിര്‍ത്തല്‍ കരാറിലെത്തിയിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലും കരാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ജൂണ്‍ 19ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ വച്ച് ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവയ്ക്കും.
ആഗോള തലത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച ഈ യുദ്ധം അവസാനിക്കുമ്പോള്‍ ഏഷ്യന്‍ -യൂറോപ്യന്‍ രാജ്യങ്ങളെല്ലാം ആശ്വസിക്കുകയാണ്. 4 മാസം നീണ്ട് നിന്ന ഈ യുദ്ധം എങ്ങനെയാണ് ആരംഭിച്ചത്? വിവിധ രാജ്യങ്ങളെ ഇതെങ്ങനെയാണ് ബാധിച്ചത്? ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ എങ്ങനെ ഈ പ്രതിസന്ധിയെ നേരിട്ടു?
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത് 2026 ഫെബ്രുവരി 28നാണ്. ഇറാനെതിരെ യുഎസും ഇസ്രായേലും ചേര്‍ന്ന് നടത്തിയ സംയുക്ത വ്യോമ ആക്രമണത്തോടെയാണ് യുദ്ധം ആരംഭിക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ ഇറാനിലെ പ്രധാന സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് യുഎസും ഇസ്രായേലും ആക്രമണം നടത്തുകയും ഈ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനി അടക്കമുള്ളവര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതിന് ശക്തമായ മറുപടിയാണ് ഇറാന്‍ നല്‍കിയത്. അമേരിക്കയെ നേരിട്ട് ആക്രമിക്കാന്‍ സാധ്യതകളില്ലാത്ത ഇറാന്‍ മിഡില്‍ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങളിലും എണ്ണക്കപ്പലുകളിലും ശക്തമായ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തി.
അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഊര്‍ജ നിലയങ്ങള്‍ക്കും ജനവാസ കേന്ദ്രങ്ങള്‍ക്കും നേരെയുള്ള ഇറാന്റെ ആക്രമണത്തില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ജനജീവിതത്തെ സാരമായി ബാധിച്ചു. ദുബായ് പോലുള്ള വലിയ ടൂറിസം മേഖലയ്ക്ക് കാര്യമായ മങ്ങലേറ്റു. ഈ നാശനഷ്ടങ്ങള്‍ക്ക് ഇറാന്‍ പൂര്‍ണ ഉത്തരവാദിയാണെന്നും അവര്‍ നഷ്ടപരിഹാരം നല്‍കണമെന്നും യുഎഇ ആവശ്യപ്പെട്ടു.
ഇതു കൊണ്ടും അവസാനിക്കാതെ അവസാന വഴിയെന്ന നിലയില്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയതാണ് ആഗോളതലത്തിലുള്ള എല്ലാം മേഖലകളേയും ബാധിച്ചത്. യുഎസിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ഇറാന്റെ നീക്കം ആഗോള തലത്തില്‍ ഇന്ധന പ്രതിസന്ധിക്ക് കാരണമായി.
ആദ്യം കപ്പലുകളുടെ ഗതാഗതം നിലച്ചു. പിന്നാലെ എണ്ണവില കുത്തനെ ഉയര്‍ന്നു. ഓഹരി വിപണികളും കറന്‍സികളും ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവുകളില്‍ ഒന്ന് നേരിട്ടു. വിതരണ ശൃംഖലകള്‍ തകരാറിലായി. വിവിധ ചരക്കുകളുടെ വില വര്‍ധിച്ചതോടെ ഉപഭോക്താക്കള്‍ക്ക് അധിക സാമ്പത്തിക ഭാരം നേരിടേണ്ടതായി വന്നു. വെറും 30 കിലോമീറ്റര്‍ വീതിയുള്ള ഒരു നിര്‍ണായക സമുദ്രപാത അടച്ചുപൂട്ടപ്പെട്ടതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ഈ സംഭവവികാസങ്ങള്‍ അരങ്ങേറിയത്.
ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയത് ലോകത്തെ മാസങ്ങളോളം ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ധാരണാപത്രം പ്രതീക്ഷയുടെ പുതിയ കിരണം സമ്മാനിച്ചിരിക്കുകയാണ്. അമേരിക്കയും ഇറാനും വെള്ളിയാഴ്ചയാണ് ജനീവയില്‍ കരാറില്‍ ഒപ്പുവെക്കുക. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിലൂടെ ആഗോളതലത്തില്‍ വലിയ പ്രതിഫലനങ്ങള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. യുദ്ധത്തിന് മുമ്പ് ലോകത്തിലെ മൊത്തം എണ്ണവിതരണത്തിന്റെ ഏകദേശം 20 ശതമാനവും ഈ കടലിടുക്കിലൂടെയായിരുന്നു കടന്നുപോയിരുന്നത്. യുദ്ധം അവസാനിച്ചെങ്കിലും പൂര്‍ണമായി സാധാരണനിലയിലേക്ക് മടങ്ങാന്‍ അടുത്ത വര്‍ഷം വരെയെങ്കിലും സമയമെടുത്തേക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കപ്പല്‍ഗതാഗതവും വിതരണ ശൃംഖലകളും
ഹോര്‍മുസ് കടലിടുക്ക് തുറക്കുകയും കടലിലെ മൈനുകള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുകയും ചെയ്താല്‍, ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് എണ്ണ, പ്രകൃതിവാതകം, ഇന്ധന ഉപോത്പന്നങ്ങള്‍ എന്നിവ വഹിക്കുന്ന ടാങ്കറുകള്‍ വീണ്ടും ഏഷ്യന്‍ തുറമുഖങ്ങളിലേക്ക് എത്തും. ഇതോടെ തകരാറിലായിരുന്ന വിതരണ ശൃംഖലകള്‍ ക്രമേണ പുനഃസ്ഥാപിക്കപ്പെടും. പ്രത്യേകിച്ച് Saudi Arabia, Iraq, United Arab Emirates, Kuwait, Qatar തുടങ്ങിയ പ്രധാന എണ്ണ-വാതക കയറ്റുമതി രാജ്യങ്ങളില്‍ നിന്നുള്ള വിതരണങ്ങള്‍ സാധാരണ നിലയിലാകും
ഈ ചരക്കുകളുടെ വലിയൊരു വിഹിതം ഏഷ്യന്‍ വിപണികളിലേക്കാണ് എത്തുന്നത്. അതിനാല്‍ കടലിടുക്ക് തുറക്കുന്നത് ഏഷ്യയിലെ ഊര്‍ജവിതരണത്തെയും സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും ഗണ്യമായി സ്വാധീനിക്കും
ഏഷ്യ മുതല്‍ ഇന്ത്യ വരെ
ഏഷ്യയില്‍, ഫിലിപ്പൈന്‍സാണ് ദേശീയ ഊര്‍ജ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം നേരിട്ട രാജ്യം. അതേസമയം, Japan, South Korea എന്നീ രാജ്യങ്ങള്‍ പ്രതിസന്ധി മറികടക്കാന്‍ തങ്ങളുടെ തന്ത്രപ്രധാന എണ്ണ-വാതക ശേഖരങ്ങള്‍ വ്യാപകമായി ഉപയോഗിക്കുകയും ചെയ്തു. പാശ്ചാത്യ രാജ്യങ്ങളിലെല്ലാം ഇന്ധന സ്റ്റേഷനുകളിലെ ഉയര്‍ന്ന വിലയും വിമാന ടിക്കറ്റ് നിരക്കിലെ വര്‍ധനയും ജനങ്ങള്‍ നേരിട്ട് അനുഭവിച്ചു. എന്നാല്‍ സമാധാന കരാര്‍ പ്രഖ്യാപിച്ചതോടെ തന്നെ ആഗോള വിപണികളില്‍ പ്രതീക്ഷ ഉയര്‍ന്നിരിക്കുകയാണ്. ആഗോള എണ്ണവിലയുടെ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ബാരലിന് 83.36 ഡോളറിലേക്ക് താഴ്ന്നു. 4.55 ശതമാനത്തിന്റെ ഇടിവാണിത്. അതേസമയം ഏഷ്യന്‍ ഓഹരി വിപണികളും ശക്തമായ നേട്ടം രേഖപ്പെടുത്തി.
വളം, പ്ലാസ്റ്റിക്, പാചകവാതകം എന്നിവയുടെ വിതരണം
ഹോര്‍മുസ് കടലിടുക്ക് വീണ്ടും പ്രവര്‍ത്തനക്ഷമാവുമ്പോള്‍ Iran, Saudi Arabia, United Arab Emirates, Qatar, Bahrain തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വളം കയറ്റുമതി സാധാരണ നിലയിലാകും. വളം ലഭ്യത കുറഞ്ഞത് ഇതിനകം തന്നെ ഏഷ്യന്‍ രാജ്യങ്ങളിലെ മേയ്-ജൂലൈ കൃഷിക്കാലത്തെ ബാധിച്ചിട്ടുണ്ട്. വിതരണം കൂടുതല്‍ തടസ്സപ്പെട്ടാല്‍ വിളവ് കുറയാനും ഭക്ഷ്യസുരക്ഷാ ആശങ്കകള്‍ വര്‍ധിക്കാനും സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
സാധാരണ നിലയിലാകാന്‍ മാസങ്ങള്‍ വേണ്ടിവരും
100 ദിവസത്തിലധികം നീണ്ട യുദ്ധം സൃഷ്ടിച്ച സാമ്പത്തിക ആഘാതങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പരിഹരിക്കാനാകില്ലെന്നാണ് സാമ്പത്തിക വിദഗ്ദരുടെ വിലയിരുത്തല്‍. മാര്‍ച്ചില്‍ എണ്ണവില ബാരലിന് 100 ഡോളര്‍ വരെ എത്തിയതിന്റെ പ്രത്യാഘാതം മൂന്ന് മുതല്‍ ആറ് മാസം വരെ തുടരുമെന്നാണ് വിദഗ്ദര്‍ കരുതുന്നത്. എണ്ണവിലയുമായി ബന്ധപ്പെട്ടിരിക്കുന്ന എല്‍.എന്‍.ജി വിലയും ഏതാനും മാസങ്ങളെടുത്ത് മാത്രമേ കുറയുകയുള്ളൂ. അതിനാല്‍ പ്രകൃതിവാതക വിലയില്‍ ഗണ്യമായ ആശ്വാസം ലഭിക്കാന്‍ വര്‍ഷാവസാനം വരെ കാത്തിരിക്കേണ്ടി വന്നേക്കും
ഇന്ത്യയ്ക്ക് എന്ത് നേട്ടം?
ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരില്‍ ഒന്നായ ഇന്ത്യയ്ക്ക് ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് വലിയ ആശ്വാസമാകും. Saudi Arabia, Iraq, Kuwait, United Arab Emirates, Qatar എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണവിതരണം സുഗമമാകുന്നതോടെ എണ്ണ ഇറക്കുമതി ചെലവ് കുറയും. ചരക്ക് ഗതാഗത ചെലവ് താഴുകയും രൂപയുടെ മൂല്യം ശക്തിപ്പെടുകയും ചെയ്യും. പണപ്പെരുപ്പ സമ്മര്‍ദ്ദം കുറഞ്ഞ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കരുത്താര്‍ജിക്കും. ഇന്ധനവില കുറയുന്നത് ഗതാഗത ചെലവുകളും ഉല്‍പാദനച്ചെലവുകളും കുറയ്ക്കുകയും ഭക്ഷ്യവസ്തുക്കള്‍ മുതല്‍ നിര്‍മാണ സാമഗ്രികള്‍ വരെയുള്ള നിരവധി ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രണവിധേയമാക്കാനും സഹായിക്കും.
പ്രത്യേകിച്ച് വ്യോമയാന മേഖല, പെട്രോകെമിക്കല്‍ മേഖല, വള വ്യവസായം, കപ്പല്‍ഗതാഗതം, ലോജിസ്റ്റിക്‌സ് എന്നിവയ്ക്ക് വലിയ നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. എന്നിരുന്നാലും ഈ എല്ലാ അനുകൂല സാധ്യതകളും പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും നിലനില്‍ക്കും എന്ന അനുമാനത്തിലുള്ളതാണ്.
ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ വീണ്ടും സാധാരണ രീതിയില്‍ സഞ്ചരിക്കുകയും വിതരണ ശൃംഖലകള്‍ പൂര്‍ണമായി പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യുന്നതിനിടയില്‍ പുതിയ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടാല്‍ നിലവിലെ പുരോഗതി വീണ്ടും തുടക്കത്തിലേക്ക് മടങ്ങാന്‍ സാധ്യതയുണ്ട്. കൂടാതെ യുദ്ധകാലത്ത് രൂപം കൊണ്ട ബദല്‍ കപ്പല്‍പാതകളും ഊര്‍ജവിതരണത്തിലെ പുതിയ തന്ത്രങ്ങളും ആഗോള വ്യാപാരത്തിന്റെ ഭാവിയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളായി തുടരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
Content Highlights: The reopening of the Strait of Hormuz could revive global energy supply chains, ease oil prices, and offer economic relief to major oil-importing nations, including India