അടുക്കളയില്‍ പാത്രം കഴുകുന്ന സ്‌പോഞ്ച് രോഗാണുക്കള്‍ നിറഞ്ഞത്; എങ്ങനെ വൃത്തിയാക്കാമെന്ന് അറിയാം

അടുക്കളയിലെ സ്‌പോഞ്ച് എങ്ങനെ വൃത്തിയാക്കാം. ബാക്ടീരിയകളെ നീക്കം ചെയ്യാനും അടുക്കള പ്രതലങ്ങളില്‍ ബാക്ടീരിയ പടരുന്നത് തടയാനുമുള്ള വഴികള്‍

അടുക്കളയില്‍ പാത്രം കഴുകുന്ന സ്‌പോഞ്ച് രോഗാണുക്കള്‍ നിറഞ്ഞത്; എങ്ങനെ വൃത്തിയാക്കാമെന്ന് അറിയാം
dot image

പാത്രങ്ങളും അടുക്കളയിലെ പ്രതലങ്ങളും വൃത്തിയാക്കാന്‍ ദിവസവും ഉപയോഗിക്കുന്ന സ്‌പോഞ്ചില്‍ ബാക്ടീരിയകള്‍ വളരാം. ഉപയോഗശേഷം നനവോടെ സൂക്ഷിക്കുന്നതും ഒരേ സ്‌പോഞ്ച് പല ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതും രോഗാണുക്കള്‍ പടരാനുള്ള സാധ്യത വര്‍ധിപ്പിക്കും. സ്‌പോഞ്ച് വൃത്തിയാക്കേണ്ടത് എങ്ങനെയെന്നും എപ്പോള്‍ മാറ്റണമെന്നും അറിയാം.

പാത്രങ്ങള്‍ കഴുകാനും എണ്ണക്കറകളും ഭക്ഷണാവശിഷ്ടങ്ങളും നീക്കാനും നമ്മള്‍ സ്‌പോഞ്ച് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഈ സ്‌പോഞ്ച് വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം. ഭക്ഷണ അവശിഷ്ടങ്ങളും വെള്ളവും സ്‌പോഞ്ചിന്റെ സുഷിരങ്ങള്‍ക്കുള്ളില്‍ തങ്ങിനില്‍ക്കാം. ദീര്‍ഘനേരം നനവോടെ ഇരിക്കുന്ന സ്‌പോഞ്ചില്‍ ബാക്ടീരിയകള്‍ വളരാനും അവ അടുക്കളയിലെ മറ്റ് പ്രതലങ്ങളിലേക്കും പടരാനും സാധ്യതയുണ്ട്. അതിനാല്‍ സ്‌പോഞ്ച് ഉപയോഗിക്കുന്നതുപോലെ തന്നെ പ്രധാനമാണ് അത് വൃത്തിയായി സൂക്ഷിക്കുന്നതും.

clean kitchen dishwashing sponge

ഉപയോഗശേഷം ചെയ്യേണ്ടത് എന്ത്?

പാത്രങ്ങള്‍ കഴുകിക്കഴിഞ്ഞാല്‍ സ്‌പോഞ്ച് ഒഴുകുന്ന വെള്ളത്തില്‍ നന്നായി കഴുകണം. അതില്‍ കുടുങ്ങിയിരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ നീക്കിയശേഷം വെള്ളം പരമാവധി പിഴിഞ്ഞുകളയുക. പിന്നീട് വായുസഞ്ചാരമുള്ള സ്ഥലത്ത് വെച്ച് ഉണക്കുക. സിങ്കിനരികില്‍ വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലത്ത് സ്‌പോഞ്ച് വെക്കുന്നത് ഒഴിവാക്കുക. നനഞ്ഞ സ്‌പോഞ്ച് അടച്ച പാത്രത്തിലോ വായുസഞ്ചാരം കുറഞ്ഞ ഇടത്തിലോ സൂക്ഷിക്കുന്നതും ഒഴിവാക്കുക.

വിനാഗിരി ഉപയോഗിച്ച് കഴുകിയാല്‍ സ്‌പോഞ്ച് വൃത്തിയാകുമോ?

വിനാഗിരിയും വെള്ളവും തുല്യ അളവില്‍ കലര്‍ത്തി അതില്‍ സ്‌പോഞ്ച് മുക്കിവച്ച് ക്ലീന്‍ ചെയ്യുന്ന രീതി ചിലര്‍ ചെയ്യാറുണ്ട്. ഇത് ദുര്‍ഗന്ധം കുറയ്ക്കാനും അഴുക്കുകള്‍ നീക്കാനും ഒരു പരിധിവരെ സഹായിച്ചേക്കാം.

clean kitchen dishwashing sponge

ബ്ലീച്ച് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

കൂടുതല്‍ നന്നായി വൃത്തിയാക്കാനായി ഒരു ലിറ്റര്‍ വെള്ളത്തില്‍ മുക്കാല്‍ കപ്പ് ബ്ലീച്ച് കലര്‍ത്തി സ്‌പോഞ്ച് അഞ്ച് മിനിറ്റ് മുക്കിവയ്ക്കുക. നന്നായി കഴുകി ഉണങ്ങാന്‍ അനുവദിക്കുക. ബ്ലീച്ച് ഒരിക്കലും വിനാഗിരിയുമായോ മറ്റേതെങ്കിലും ക്ലീനറുമായോ കലര്‍ത്തരുത്. ഇങ്ങനെ ചെയ്താല്‍ അപകടകരമായ വാതകങ്ങള്‍ ഉണ്ടാകാന്‍ ഇത് കാരണമാകും.

മൈക്രോവേവില്‍ വെച്ച് വൃത്തിയാക്കാമോ?

നനഞ്ഞ സ്‌പോഞ്ച് മൈക്രോവേവില്‍ ചൂടാക്കുന്നത് ചില രോഗാണുക്കളെ നശിപ്പിക്കാന്‍ സഹായിച്ചേക്കാം. സ്‌പോഞ്ച് നന്നായി നനച്ചെടുക്കുക. തുടര്‍ന്ന് ഒരു മിനിറ്റ് മൈക്രോവേവ് ചെയ്യുക.
എന്നാല്‍ എല്ലാ സ്‌പോഞ്ചുകള്‍ക്കും ഈ രീതി സുരക്ഷിതമല്ല. ലോഹനാരുകളുള്ള സ്‌ക്രബറുകള്‍ ഒരിക്കലും മൈക്രോവേവില്‍ വെക്കരുത്.

ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക

  • അടുക്കളയിലെ രോഗാണുക്കളുടെ സാന്നിധ്യം കുറയ്ക്കാന്‍ ഒരേ സ്‌പോഞ്ച് പല ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ശീലം ഒഴിവാക്കണം.
  • പാത്രങ്ങള്‍ കഴുകാന്‍ പ്രത്യേകം സ്‌പോഞ്ച് ഉപയോഗിക്കുക
  • അടുക്കളയിലെ പ്രതലങ്ങളും സിങ്കും വൃത്തിയാക്കാന്‍ വേറിട്ട തുണിയോ ക്ലീനിങ് ഉപകരണമോ ഉപയോഗിക്കുക.
  • പച്ചമാംസം, കോഴിയിറച്ചി, മത്സ്യം എന്നിവയില്‍നിന്നുള്ള നീരോ അവശിഷ്ടങ്ങളോ വൃത്തിയാക്കാന്‍ പാത്രം കഴുകുന്ന സ്‌പോഞ്ച് ഉപയോഗിക്കരുത്.
  • ഇത്തരം ഭക്ഷണാവശിഷ്ടങ്ങള്‍ നീക്കിയശേഷം പ്രതലങ്ങള്‍ അനുയോജ്യമായ ക്ലീനിങ് രീതി ഉപയോഗിച്ച് വൃത്തിയാക്കുക.
  • സ്‌പോഞ്ച് കൈകാര്യം ചെയ്തശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.

ഈ ശീലങ്ങള്‍ പാലിക്കുന്നത് ഒരിടത്തുള്ള രോഗാണുക്കള്‍ മറ്റൊരിടത്തേക്ക് പടരാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

clean kitchen dishwashing sponge

സ്‌പോഞ്ച് എപ്പോള്‍ മാറ്റണം?

സ്‌പോഞ്ച് വൃത്തിയായി കാണപ്പെടുന്നുണ്ടെന്നത് അതില്‍ രോഗാണുക്കളില്ലെന്നതിന് തെളിവല്ല. ദുര്‍ഗന്ധം, വഴുവഴുപ്പ്, നിറവ്യത്യാസം, കീറല്‍ തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് മാറ്റി സ്ഥാപിക്കേണ്ടതാണ്. പൊതുവെ അടുക്കള സ്‌പോഞ്ച് ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ മാറ്റുന്നതാണ് നല്ല രീതി. എത്രത്തോളം ഉപയോഗിക്കുന്നു, എങ്ങനെ പരിപാലിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ അനുസരിച്ച് ഈ ഇടവേളയില്‍ വ്യത്യാസമുണ്ടാകാം. വൃത്തിയാക്കിയിട്ടും ദുര്‍ഗന്ധം മാറിയില്ലെങ്കില്‍ അത് ഉപേക്ഷിക്കുന്നതാണ് നല്ലത്.

സ്‌പോഞ്ചിന് പകരം ബ്രഷ് ഉപയോഗിക്കാമോ?

പാത്രങ്ങള്‍ കഴുകാന്‍ ബ്രഷ് ഉപയോഗിക്കുന്നതും പരിഗണിക്കാവുന്നതാണ്. സ്‌പോഞ്ചിനെ അപേക്ഷിച്ച് ചില ബ്രഷുകള്‍ വേഗത്തില്‍ ഉണങ്ങുന്നതിനാല്‍ അവയില്‍ ബാക്ടീരിയകള്‍ നിലനില്‍ക്കുന്നതിനും വളരുന്നതിനുമുള്ള സാഹചര്യം കുറയാം. എന്നാല്‍ ബ്രഷും പതിവായി വൃത്തിയാക്കുകയും ഉണങ്ങാന്‍ അനുവദിക്കുകയും വേണം.

Content Highlights :How to clean a kitchen dishwashing sponge. Ways to eliminate bacteria and prevent the spread of bacteria on kitchen surfaces.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image