എന്തിന് എല്ലാ സിനിമകളിലും ജാതി പറയുന്നു?, കലക്കൻ മറുപടിയുമായി മാരി സെൽവരാജ്; കയ്യടിച്ച് സോഷ്യൽ മീഡിയ

'എന്റെ ജീവൻ പണയം വെച്ചാണ് ഞാൻ സിനിമകൾ എടുക്കുന്നത്'

എന്തിന് എല്ലാ സിനിമകളിലും ജാതി പറയുന്നു?, കലക്കൻ മറുപടിയുമായി മാരി സെൽവരാജ്; കയ്യടിച്ച് സോഷ്യൽ മീഡിയ
dot image

തന്റെ ആദ്യ സിനിമയായ പരിയേറും പെരുമാൾ മുതൽ കൃത്യമായ രാഷ്ട്രീയം പറഞ്ഞുപോകുന്നവയാണ് മാരി സെൽവരാജ് സിനിമകൾ. എന്നാൽ മാരിയുടെ സിനിമകളിൽ എല്ലാം ജാതീയ അടിച്ചമർത്തലുകളെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത് എന്ന വിമർശനം ഒരു വിഭാഗം പ്രേക്ഷകരിൽ നിന്നും ചില തെലുങ്ക് മാധ്യമങ്ങളിൽ നിന്നും ഉയർന്ന് കേട്ടിരുന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരിക്കുകയാണ് മാരി സെൽവരാജ്.

ജീവൻ പണയം വെച്ചാണ് താൻ സിനിമകൾ എടുക്കുന്നതെന്നും ഇത്തരം ചോദ്യങ്ങൾ ആവർത്തിക്കുന്നത് നിർത്തണമെന്നും ബൈസണിന്റെ സക്സസ് മീറ്റിൽ മാരി സെൽവരാജ് പറഞ്ഞു. 'ഞാൻ എന്തിനാണ് ഇത്തരം സിനിമകൾ എടുക്കുന്നത് എന്ന ചോദ്യം ദയവു ചെയ്തു എന്നോട് ചോദിക്കരുത് കാരണം അത് എന്നെ വല്ലാതെ ബാധിക്കുന്നുണ്ട്. അതെന്റെ ജോലിയെയും നരേറ്റീവിനെയും ആലോചനയും എല്ലാം ബാധിക്കുന്നുണ്ട്. എനിക്ക് പ്രേക്ഷകരോടും തിരിച്ച് ചോദ്യങ്ങൾ ചോദിക്കാൻ കഴിയും പക്ഷെ അത് നമുക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കും. വീണ്ടും എന്നോട് ഈ ചോദ്യങ്ങൾ ചോദിക്കുകയാണെങ്കിൽ ഇനിയും നന്നായി ജോലി ചെയ്യുന്നതിനോടൊപ്പം ഞാൻ നിങ്ങളെ മാറ്റിനിർത്തും.

എന്നിൽ നിന്ന് എന്റെ കലയെയോ രാഷ്ട്രീയത്തെയോ തട്ടിയെടുക്കാൻ നോക്കിയാൽ ഞാനും ഫൈറ്റ് ചെയ്യും. ജാതിയെ അടിസ്ഥാനമാക്കിയുള്ള സിനിമയാണോ മാരി സെൽവരാജ് എടുക്കുന്നതെന്ന് ചോദിച്ചാൽ ഞാൻ എടുക്കുന്നത് ജാതിയെ എതിർക്കുന്ന സിനിമകളാണ്. അത്തരം സിനിമകൾ ഞാൻ ഇനിയും എടുക്കും. എന്റെ ജീവൻ പണയം വെച്ചാണ് ഞാൻ സിനിമകൾ എടുക്കുന്നത്. ഒരു വർഷം 300 ഓളം സിനിമകൾ വരുന്നുണ്ട്. അതിൽ നിങ്ങളെ എന്റർടൈൻ ചെയ്യുന്ന സിനിമകൾ നിരവധിയുണ്ട്. ദയവ് ചെയ്തു എന്നെ വെറുതേ വിടൂ', മാരി സെൽവരാജിന്റെ വാക്കുകൾ.

അതേസമയം, തന്റെ സിനിമകളിൽ കൃത്യമായ രാഷ്ട്രീയം ഉണ്ടാകുമെന്നും അത്തരം സിനിമകൾ ആകും താൻ തുടർന്നും എടുക്കുന്നതെന്നും മാരി സെൽവരാജ് നേരത്തെ പറഞ്ഞിരുന്നു. സംവിധായകനെ അനുകൂലിച്ചും നിരവധി പേർ എത്തിയിരുന്നു. മണിരത്നം തുടർച്ചയായി റൊമാന്റിക് സിനിമകൾ എടുക്കുമ്പോഴും ഷങ്കർ ഉൾപ്പെടെയുള്ള സംവിധായകർ വമ്പൻ ബിഗ് ബജറ്റ് സിനിമകൾ എടുക്കുമ്പോഴും പ്രശ്നം തോന്നാത്തവർക്ക് എന്തിനാണ് മാരി സെൽവരാജ് സിനിമകളോട് പ്രശ്നം തോന്നുന്നതെന്നും സോഷ്യൽ മീഡിയയിൽ പലരും കുറിക്കുന്നുണ്ട്.

ധ്രുവ് വിക്രമിനെ നായകനാക്കി ഒരുക്കിയ ബൈസൺ ആണ് ഏറ്റവും പുതിയതായി പുറത്തുവന്ന മാരി ചിത്രം. ദീപവലി റിലീസ് ആയി തിയേറ്ററുകളിൽ എത്തിയ ബൈസൺ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ധ്രുവ് വിക്രമിന്റെ ഗംഭീര പ്രകടനമാണ് സിനിമയുടെ ഹൈലൈറ്റ് എന്നാണ് കമന്റുകൾ. സിനിമയുടെ കഥയ്ക്കും പശുപതിയുടെ പ്രകടനത്തിനും കയ്യടി ലഭിക്കുന്നുണ്ട്. സ്ഥിരം പ്രേക്ഷകരെ പിടിച്ചിരുത്താൻ സിനിമയ്ക്ക് കഴിയുന്നുണ്ട് എന്നാണ് റിപ്പോർട്ട്. പാ രഞ്ജിത്തിന്റെ നീലം സ്റ്റുഡിയോസിനൊപ്പം അപ്ലോസ് എന്റർടൈൻമെൻറ്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാകുന്നു. ധ്രുവിനെ കൂടാതെ അനുപമ പരമേശ്വരൻ, ലാൽ, കലൈയരസൻ, രജിഷ വിജയൻ തുടങ്ങിയവരും അണിനിരക്കുന്നു.

Content Highlights: Mari selvaraj answer to media grabs attention

dot image
To advertise here,contact us
dot image