
പ്രായം ഒന്നിനും ഒരു തടസമല്ല എന്ന് നമ്മൾ എപ്പോഴും പറയാറുണ്ട്. നമുക്ക് ഒരു ലക്ഷ്യമുണ്ടെങ്കിൽ, ആ ലക്ഷ്യം ഏത് വിധേനയും നേടണമെന്ന നിശ്ചയദാർഢ്യമുണ്ടെങ്കിൽ നമുക്ക് ഏത് പ്രായത്തിലും എന്തും നേടാവുന്നതേയുള്ളു. പ്രായമേറെയായിട്ടും കോളേജുകളിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവരെ നമ്മൾ കണ്ടിട്ടുണ്ട്. എൽഎൽബി നേടുന്നവരും സാക്ഷരതാ പരീക്ഷയിൽ വിജയിക്കുന്നവരെയും നമ്മൾ കണ്ടിട്ടുണ്ട്. അങ്ങനയൊരു കഥയാണ് 80കാരി ഉഷ റേയുടേത്. ഉഷ റേ ഈ പ്രായത്തിൽ നേടിയത് ചില്ലറ നേട്ടമൊന്നുമല്ല, ഒരു എംബിഎ ബിരുദമാണ് !
ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത്കെയർ മാനേജ്മെന്റിലാണ് ഉഷ എംബിഎ ബിരുദം നേടിയത്. പൂനെയിലെ ഡോ. ഡി വൈ പാട്ടീൽ വിദ്യാപീത് സെന്റർ ഫോർ ഓൺലൈൻ ലേർണിംഗിൽ നിന്നാണ് ഈ നേട്ടം അവർ കരസ്ഥമാക്കിയത്. കോഴ്സിന് ചേരുമ്പോൾ ഉഷയ്ക്ക് 77 വയസായിരുന്നു പ്രായം. ഈ വർഷം ഓഗസ്റ്റിൽ ഉഷയ്ക്ക് 80 വയസ് തികഞ്ഞു. രണ്ടാഴ്ച മുൻപ് അവസാന സെമസ്റ്റർ പരീക്ഷകളും പൂർത്തിയാക്കി എംബിഎ ബിരുദവും നേടി.
ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന ഫീലാണ് തനിക്ക് എന്നാണ് ഉഷ ഈ നേട്ടത്തെക്കുറിച്ച് പറഞ്ഞത്. ' ഇങ്ങനെയൊരു നേട്ടം കൈവരിക്കാനാകുമോ എന്നതിൽ എനിക്ക് സംശയമുണ്ടായിരുന്നു. എല്ലാ സബ്ജക്ടുകളും എനിക്ക് അറിയുന്നതായിരുന്നു. സുവോളജിയിൽ എംഎസ്‌സി ഉള്ളയാളാണ് ഞാൻ. വർഷങ്ങളായി ബയോളജി ടീച്ചറായും ജോലി ചെയ്യുകയായിരുന്നു. ഇവിടെ എനിക്ക് ഇക്കണോമിക്‌സും സ്റ്റാറ്റിസ്റ്റിക്‌സും ആണ് പഠിക്കേണ്ടിവന്നത്. തീർച്ചയായും വെല്ലുവിളിയായിരുന്നു. പക്ഷെ അതെനിക്ക് ഇഷ്ടമായിരുന്നു'; എന്നാണ് നേട്ടത്തെപ്പറ്റി ഉഷ റേയ് പറഞ്ഞത്.
കടുത്ത നിശ്ചയദാർഢ്യത്തിന് ഉടമ കൂടിയാണ് ഉഷ. രണ്ട് തവണയാണ് ഉഷയെ കാൻസർ പിടികൂടിയത്. എന്നാൽ ഉഷ അവയെ പരാജയപ്പെടുത്തി. നിലവിൽ ലക്‌നൗവിലെ ലൂവ് ശുഭ് ആശുപത്രിയിലെ നഴ്‌സായ ഉഷ 19-ാം വയസ് മുതൽക്കാണ് ടീച്ചറായി ജോലി നോക്കാനാരംഭിച്ചത്. രാജ്യത്തിനകത്തും, ഇംഗ്ലണ്ട്, യെമൻ തുടങ്ങിയ രാജ്യങ്ങളിലെ നിരവധി സ്‌കൂളുകളിലും ഉഷ അധ്യാപികയായി ജോലി ചെയ്തിരുന്നു. 2009ൽ വിരമിച്ച ശേഷമാണ് ഹോസ്പിറ്റൽ മേഖലയിലേക്ക് വന്നത്.
ആശുപത്രിക്കായി ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ ചെയ്യുന്ന സമയത്താണ് തനിക്കും ഒരു എംബിഎ വേണമെന്ന് ഉഷയ്ക്ക് തോന്നുന്നത്. ഉടൻതന്നെ കോഴ്സിന് ചേർന്നു. ആ തീരുമാനം അത്ര എളുപ്പമായിരുന്നില്ല എന്നും കമ്പ്യൂട്ടർ, ലാപ്‌ടോപ്പുകൾ എന്നിവ ഉപയോഗിക്കാൻ പോലും താൻ പെടുപെട്ടു എന്നും ഉഷ പറയുന്നു. എല്ലാ ദിവസവും ജോലി കഴിഞ്ഞുവന്ന ശേഷമാണ് ഉഷ പഠിക്കാനിരിക്കുക. രാത്രി വരെ നീളുന്ന പഠനത്തിന് ശേഷം ഉഷ അടുത്ത ദിവസം രാവിലെ മൂന്ന് മണിക്ക് എഴുന്നേൽക്കും. തുടർന്ന് വീണ്ടും പഠിക്കും. പ്രായം തന്നെ ബുദ്ധിമുട്ടിച്ചെന്നും എഴുതാൻ കഴിയാതിരുന്നത് വലിയ പ്രതിസന്ധിയായിരുന്നു എന്നും ഉഷ പറയുന്നുണ്ട്. എന്നിട്ടും 80 ശതമാനത്തോളം മാർക്ക് വാങ്ങിയാണ് ഉഷ എംബിഎ നേടിയത്.
കുടുംബവും സഹപ്രവർത്തകരുമാണ് തന്റെ ശക്തി എന്നാണ് ഉഷ പറയുന്നത്. എല്ലാവരും ഉഷയ്ക്ക് വലിയ പ്രചോദനമാണ് നൽകിയത്. ഈ പ്രായത്തിൽ തനിക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നും എന്നാൽ നേടിയാൽ അത് ചരിത്രമാകുമെന്നുമുള്ള കാഴ്ചപ്പാടാണ് ഉഷയെ നയിച്ചത്. ഇതിനകം നിരവധി യൂണിവേഴ്സിറ്റികളിൽ അടക്കം വെബ്ബിനാറുകൾക്ക് നേതൃത്വം നൽകാനും പിഎച്ഡിക്ക് ശ്രമിക്കാനുമുള്ള അവസരങ്ങൾ ഉഷയ്ക്ക് വന്നുകഴിഞ്ഞു. എന്നാൽ എംബിഎ മാത്രം മതിയെന്നും ഈ നേട്ടത്തിൽ താൻ സന്തോഷവതിയാണെന്നുമാണ് ഉഷ പറയുന്നത്.
Content Highlights: Meet usha ray, 80 year old mba graduate