ഹനുമാൻ 'വ്യാജ ഹിന്ദു ദൈവ'മെന്ന് അമേരിക്കയിലെ റിപ്പബ്ലിക്കൻ നേതാവ്; പ്രസ്താവന വിവാദത്തിൽ

അമേരിക്കൻ ഭരണഘടന നൽകുന്ന സ്വാതന്ത്ര്യക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ നെറ്റിസൺസ് അലക്‌സാണ്ടറിനെ ഓർമിപ്പിക്കുന്നുണ്ട്

ഹനുമാൻ 'വ്യാജ ഹിന്ദു ദൈവ'മെന്ന് അമേരിക്കയിലെ റിപ്പബ്ലിക്കൻ നേതാവ്; പ്രസ്താവന വിവാദത്തിൽ
dot image

യുഎസ് നഗരമായ ടെക്‌സാസിൽ സ്ഥാപിച്ചിരിക്കുന്ന 90അടി നീളമുള്ള ഹനുമാൻ പ്രതിമയെ അധിക്ഷേപിച്ച് റിപ്പബ്ലിക്കൻ നേതാവ്. ഐക്യത്തിന്റെ പ്രതിമയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പ്രതിമ ക്രിസ്ത്യൻ രാജ്യമായ അമേരിക്കയിൽ നിർമിച്ചിരിക്കുന്നത് എന്തിനാണെന്നും ഇത്തരം വ്യാജ ഹിന്ദു ദൈവങ്ങളുടെ വ്യാജ പ്രതിമകൾ സ്ഥാപിക്കാൻ അനുവാദം നൽകുന്നത് എന്തിനാണെന്നുമാണ് ടെക്‌സാസിലെ റിപ്പബ്ലിക്കൻ നേതാവ് അലക്‌സാണ്ടർ ഡൺകാൻ എക്‌സിൽ കുറിച്ചത്. ഈ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്.

ഈ പോസ്റ്റിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പാർട്ടി അംഗമായ അലക്‌സാണ്ടർ മറ്റൊരു പോസ്റ്റും എക്‌സിൽ കുറിച്ചിട്ടുണ്ട്. അതിൽ ബൈബിൾ വചനമാണ് എഴുതിയിരിക്കുന്നത്. 'ഞാൻ അല്ലാതെ നിനക്കു വേറെ ദൈവങ്ങൾ ഉണ്ടാകരുത്. മുകളിൽ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കു കീഴെ വെള്ളത്തിലോ ഉള്ള യാതൊന്നിന്റെയും വിഗ്രഹമോ സാദൃശ്യമോ ഉണ്ടാക്കരുത്' എന്നാണ് രണ്ടാമത്തെ എക്‌സ് കുറിപ്പിലുള്ളത്.

എന്നാൽ അലക്‌സാണ്ടറിന്റെ പ്രസ്താവനയ്‌ക്കെതിരെ ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദു വിരുദ്ധവും തീവ്രവികാരമുണർത്തുന്നതുമാണ് റിപ്പബ്ലിക്കൻ നേതാവിന്റെ പരമാർശമെന്ന് സംഘടന പ്രതിനിധികൾ വിമർശിച്ചു. ഈ പരാമർശത്തെ സംഘടന റിപ്പബ്ലിക്കൻ പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ഇതിൽ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അതേസമയം അമേരിക്കൻ ഭരണഘടന നൽകുന്ന സ്വാതന്ത്ര്യക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ നെറ്റിസൺസ് അലക്‌സാണ്ടറിനെ ഓർമിപ്പിക്കുന്നുണ്ട്. ഏത് മതാചാരവും പിന്തുടരാനുള്ള അവകാശവും യുഎസിലുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്.

നിങ്ങൾ ഹിന്ദു അല്ലാത്തതിനാൽ അവരുടെ വിശ്വാസം വ്യാജമാകുന്നില്ല, ക്രിസ്തുവിനും 2000 വർഷങ്ങൾക്ക് മുമ്പാണ് വേദങ്ങൾ എഴുതപ്പെട്ടിരിക്കുന്നത്. ക്രിസ്തുമതത്തിലും അതിന്റെ സ്വാധീനമുണ്ട്, അതിനാൽ നിങ്ങളുടെ മതത്തിന് മുമ്പുള്ളതും അതിനെ സ്വാധീനിച്ചതുമായ മതത്തെ ബഹുമാനിക്കുക അതിനെ കുറിച്ച് അറിയാൻ ശ്രമിക്കുക എന്നാണ് എക്‌സ് ഉപഭോക്താവായ ജോർദാൻ ക്രൗഡർ എന്നയാൾ അലക്‌സാണ്ടറിന്റെ പോസ്റ്റിന് കമന്റായി കുറിച്ചത്. 2024ലാണ് യുഎസിലെ ഏറ്റവും വലിയ ഹിന്ദു സ്മാരകമായ സ്റ്റാച്യു ഒഫ് യൂണിയൻ അനാച്ഛാദനം ചെയ്തത്. യുഎസിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ പ്രതിമയാണിത്.
Content Highlights: Republican leaders remark on Lord Hanuman as False Hindu God sparks controversy

dot image
To advertise here,contact us
dot image