
സാഹസികവും അപകടകരവുമായ പല വാര്‍ത്തകള്‍ നമ്മള്‍ ദൈനംദിന ജീവിതത്തില്‍ കേള്‍ക്കാറുണ്ടല്ലേ. ചില വാര്‍ത്തകള്‍ കേട്ടാല്‍ തലയില്‍ കൈവെച്ച് പോകാറുമുണ്ട്. അത്തരത്തിലൊരു അതിശയിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അഫ്ഗാനില്‍ നിന്ന് വിമാനത്തിന്റെ ടയറില്‍ കയറി യാത്ര ചെയ്ത് ഡല്‍ഹിയിലേക്കെത്തിയ പതിമൂന്നുകാരനാണ് ഇപ്പോള്‍ വാര്‍ത്തയില്‍ ഇടം നേടിയിരിക്കുന്നത്. ഏറെക്കുറെ അസാധ്യമെന്ന് തന്നെ പറയാന്‍ കഴിയുന്ന അത്യന്തം അപകടകരമായ 94 മിനിറ്റ് നീണ്ട് നിന്ന് യാത്രയാണ് ബാലന്‍ നടത്തിയത്. ഇത്രയും അപകടകരമായ യാത്ര എങ്ങനെയാണ് ബാലന്‍ അതിജീവിച്ചത് എന്ന അത്ഭുതത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.
സംഭവം ഇങ്ങനെ
അഫ്ഗാനിസ്ഥാനില്‍ നിന്ന് പുറപ്പെട്ട കെഎഎം എയര്‍ സര്‍വീസ് നടത്തുന്ന ആര്‍ക്യു4401 വിമാനത്തിലാണ് ഈ അതിശയിപ്പിക്കുന്ന സംഭവമുണ്ടായത്. എയര്‍ബസ് മ340 കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാവിലെ 8:46ന് പുറപ്പെട്ടതായിരുന്നു ആര്‍ക്യു 4401 വിമാനം. എന്നാല്‍ പറന്നുയര്‍ന്ന വിമാനത്തിന്റെ ടയറില്‍ കയറിയ 13 കാരനായ ബാലന്‍ ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. ഇറാനിലേക്ക് കടക്കാന്‍ ഉദ്ദേശിച്ചാണ് വിമാനത്തിലേക്ക് കയറിയതെങ്കിലും പദ്ധതി പാളി പോവുകയായിരുന്നു. വിമാനം മാറിയതറിയാതെ ബാലന്‍ എത്തിചേര്‍ന്നത് ഡല്‍ഹി വിമാനത്താവളത്തിലാണ്.
വിമാനം ലാന്‍ഡ് ചെയ്ത് യാത്രകാര്‍ ഇറങ്ങിയ ശേഷവും നിയന്ത്രിത മേഖലയിലൂടെ നടന്നു നീങ്ങുന്ന കുട്ടി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പിന്നാലെയാണ് കുട്ടിയുടെ സാഹസിക യാത്രയെ പറ്റി പുറത്തറിയുന്നത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടി നിയമപരമായ കുറ്റങ്ങളില്‍ നിന്ന് മുക്തനാണ്. എന്നാലും 30,000 അടി ഉയരത്തില്‍ പറന്ന വിമാനത്തില്‍ കുട്ടി എങ്ങനെ അതിജീവിച്ചുവെന്നത് അത്ഭുതപ്പെടുത്തുന്നതാണെന്ന് വ്യോമയാന വിദഗ്ധര്‍ പറയുന്നു.
''പറന്നുയര്‍ന്നതിനുശേഷം വീല്‍ ബേ വാതില്‍ തുറക്കും ഈ സമയം ചക്രം പിന്നോട്ട് പോകുകയും വാതില്‍ അടയുകയും ചെയ്യും. ഈ സമയം കുട്ടി ഈ അടച്ചിട്ട സ്ഥലത്ത് പ്രവേശിച്ചിരിക്കാം. അത് പാസഞ്ചര്‍ ക്യാബിനിന് സമാനമായ താപനില നിലനിര്‍ത്തിയിരിക്കാം. ''ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍ വിശദീകരിച്ചു.
10,000 അടിക്ക് മുകളില്‍ എത്തിയാല്‍ തന്നെ ഓക്‌സിജന്റെ അളവ് കുറയും. ഇത് മിനിറ്റുകള്‍ക്കുള്ളില്‍ ഒരാളെ അബോധാവസ്ഥയിലാക്കാനും മരണത്തിലേക്ക് നയിക്കാനും കാരണമാകും. ഇതിന് പുറമെ താപിനിലയിലെ കുറവും വില്ലനായേക്കാം. ഇത്തരത്തില്‍ വിമാനത്തിന്റെ ടയറില്‍ യാത്ര ചെയ്ത 5ല്‍ ഒരാള്‍ മാത്രമെ അതിജീവിക്കാന്‍ സാധ്യതയുള്ളൂവെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതേസമയം, ബാലനെ പരിശോധനയ്ക്ക് ശേഷം തിരിച്ച് അയച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.
Content Highlights- 13-year-old boy lands in Delhi after climbing on plane tire