
ജോലി രാജിവയ്ക്കാന്‍ പലര്‍ക്കും കാരണങ്ങള്‍ പലതായിരിക്കും. ജോലിയിലെ മടുപ്പ്, തൊഴിലിടത്തിലെ ഇന്റേണല്‍ പൊളിറ്റിക്‌സ്, ബോസിന്റെ പീഡനം, ശമ്പള വര്‍ധനവ് ഇല്ലായ്ക, മികച്ച ശമ്പളത്തോടുകൂടിയ പുത്തന്‍ അവസരങ്ങള്‍ അങ്ങനെ പോകുന്നു കാരണങ്ങള്‍. എന്തൊക്കെ തന്നെയായാലും ജോലി രാജിവയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ എന്തിനാണോ നിങ്ങള്‍ രാജിവച്ചത് അക്കാര്യങ്ങള്‍ നിങ്ങളെ തുടര്‍ന്നും അലട്ടിയേക്കാം.
നോട്ടിസ് പിരീഡ് പൂര്‍ത്തിയാക്കണം
കമ്പനികള്‍ക്കനുസരിച്ച് നോട്ടിസ് പിരീഡ് കാലാവധിയില്‍ വ്യത്യാസം വന്നേക്കാം. ഒന്നുമുതല്‍ മൂന്നുമാസം വരെയാണ് സാധാരണഗതിയില്‍ നോട്ടിസ് പിരീഡ്. കൃത്യമായും നോട്ടിസ് പിരീഡ് പൂര്‍ത്തിയാക്കി വേണം നിങ്ങള്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തോട് യാത്ര പറയാന്‍. ബാക്കിയുള്ള ആ നാളുകള്‍ സന്തോഷത്തോടെ അവിടെ ജോലി ചെയ്ത്, സ്വയം ഒരു മതിപ്പുണ്ടാക്കി അവിടെ നിന്ന് ഇറങ്ങാം.
വൈകാരികമായി രാജിയിലെത്തരുത്
വൈകാരിക വിക്ഷോഭങ്ങളുടെ പുറത്ത് രാജി എന്ന തീരുമാനത്തിലേക്ക് എത്തരുത്. നല്ലപോലെ ആലോചിച്ച് മികച്ച തീരുമാനത്തിലേക്കെത്താം. ചെയ്തിരുന്ന ജോലി ഒരിക്കലും പാതിവഴിയില്‍ അവസാനിപ്പിക്കരുത്. എല്ലാം ചെയ്തുതീര്‍ത്തുതന്നെ വേണം ഇറങ്ങാന്‍. നിങ്ങളോടുള്ള ബഹുമാനം വര്‍ധിക്കാന്‍ അത് സഹായിക്കും.
നിയമപരമായ എല്ലാ കാര്യങ്ങളിലും ധാരണ ഉണ്ടാക്കണം
കമ്പനിയുടെ നിയമങ്ങള്‍ തെറ്റിച്ചിട്ടില്ലെന്നും നിങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്തുകഴിഞ്ഞെന്നും ഉറപ്പുവരുത്തി വേണം ഇറങ്ങാന്‍. നിയമപരമായ എല്ലാ ബാധ്യതകളും ഒഴിവാക്കണം.
കമ്പനിയെ കുറിച്ച് മോശം പറയരുത്
ജോലി ചെയ്തിരുന്ന കമ്പനിയെ കുറിച്ച് മോശം പറഞ്ഞാകരുത് അവിടെ നിന്ന് ഇറങ്ങിപ്പോകേണ്ടത്. വൈകാരികമായി നിങ്ങള്‍ ചിലപ്പോള്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ടാകാം. എങ്കിലും ഒരു കാലത്ത് നിങ്ങള്‍ക്ക് കൃത്യമായി ശമ്പളം നല്‍കിയിരുന്ന സ്ഥാപനമാണ് അതെന്ന് മറക്കരുത്. സാമൂഹിക മാധ്യമങ്ങളിലും കമ്പനിയെക്കുറിച്ചോ സഹപ്രവര്‍ത്തകരെ കുറിച്ചോ മോശം പോസ്റ്റുകള്‍ വേണ്ട.
യാത്ര പറയണം
നിങ്ങള്‍ ജോലി ചെയ്യുന്ന കാലയളവില്‍ നിങ്ങളെ പലരും മാനസികമായി ബുദ്ധിമുട്ടിച്ചിരിക്കാം. ആ വിരോധത്തിന്റെ പുറത്ത് ആരോടും യാത്ര പറയാതെ ഇറങ്ങരുത്. സഹപ്രവര്‍ത്തകരുമായുള്ള ബന്ധം വഷളാക്കാതെ തന്നെ ഇറങ്ങാം. അവരുമായി സൗഹൃദം തുടരാം. തികഞ്ഞ കൃതജ്ഞതയോടെയും പ്രൊഫഷണിലസത്തോടെയും വേണം ഇറങ്ങാന്‍.
Content Highlights: things you should NOT do when leaving a company