
ഫിസിക്കലി വീക്ക് ആയിരുന്നതുകൊണ്ട് താൻ ഒരുപാട് കളിയാക്കലുകൾ നേരിട്ടിട്ടുണ്ടെന്ന് നടി കല്യാണി പ്രിയദർശൻ. ചന്ദ്ര എന്ന കഥാപാത്രം ചെയുമ്പോൾ തന്റെ ധാരണകൾ മാറിയെന്നും ആക്ഷൻ സീനുകൾ നന്നായി ചെയ്യാൻ കഴിഞ്ഞത് കോച്ചിങ്ങിന്റെ ഗുണം കാരണമാണെന്നും കല്യാണി കൂട്ടിച്ചേർത്തു. രേഖ മേനോന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്.
'ചന്ദ്ര എന്ന കഥാപാത്രം ചെയ്യുമ്പോൾ എനിക്ക് എന്നെ പറ്റിയുള്ള ധാരണകൾ തന്നെ മാറി. ശാരീരികമായിട്ടുള്ള ഫിറ്റ്നസ്സ് മാത്രമല്ല മാനസികമായും, ഞാൻ ഒട്ടും അത്ലറ്റിക് അല്ലായിരുന്നു. ഫിസിക്കലി വീക്ക് ആയിരുന്നതുകൊണ്ട് ഞാൻ ഒരുപാട് കളിയാക്കലുകൾ നേരിട്ടുണ്ട്. ഇപ്പോൾ ഇങ്ങനൊരു കഥാപാത്രമൊക്കെ ചെയ്യാൻ കാരണം എന്റെ കോച്ചാണ്. എന്റെ ആക്ഷൻ സ്റ്റൈൽ നന്നാക്കാൻ വേണ്ടിയാണ് ഞാൻ കോച്ചിങ്ങിന് പോയത്. ആക്ഷൻ സീൻസ് ഷൂട്ട് ചെയ്യാൻ തുടങ്ങിയപ്പോൾ എനിക്ക് മനസിലായി അതിന്റെ ഗുണം', കല്യാണി പറഞ്ഞു.
അതേസമയം, തിയേറ്ററുകളിൽ വലിയ സ്വീകാര്യത നേടി മുന്നേറുകയാണ് ദുൽഖർ സൽമാൻ നിർമിച്ച് കല്യാണി പ്രിയദർശൻ നായികയായി എത്തിയ ലോക. ഡൊമിനിക് അരുൺ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മലയാളത്തിലെ ആദ്യ സൂപ്പർഹീറോ യൂണിവേഴ്‌സിന് തുടക്കം കുറിച്ചിരിക്കുകയാണ്. കേരളത്തിൽ ചിത്രത്തിന്റെ പ്രദർശനം കൂടുതൽ തിയേറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോൾ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക് വേർഷൻ ബുക്കിംഗ് ആപ്പുകളിൽ ട്രെൻഡിങ്ങായി കഴിഞ്ഞു.
സിനിമയുടെ ടെക്‌നിക്കൽ വശങ്ങൾക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും ക്യാമറയും ആർട്ട് വർക്കും തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്. നസ്‌ലെൻ, ചന്തു സലിം കുമാർ, അരുൺ കുര്യൻ, സാൻഡി മാസ്റ്റർ തുടങ്ങി എല്ലാവരുടെയും പ്രകടനങ്ങളും കാമിയോ വേഷങ്ങളും കയ്യടി നേടുന്നുണ്ട്. ഇത്രയും പുതുമ നിറഞ്ഞ ചിത്രം നിർമിക്കാൻ തയ്യാറായ ദുൽഖർ സൽമാനും കയ്യടികൾ ഉയരുന്നുണ്ട്. സംവിധാനവും കഥയും തിരക്കഥയും നിർവഹിച്ച ഡൊമിനിക് അരുണിനും അഡീഷണൽ സ്‌ക്രീൻ പ്ലേ ഒരുക്കിയ ശാന്തി ബാലചന്ദ്രനും വലിയ അഭിനന്ദനം അർഹിക്കുന്നു എന്ന് അഭിപ്രായപെടുന്നവരും ഏറെയാണ്.
Content Highlights: Kalyani Priyadarshan talks about teasing her for physically weak