
ജിസിസി രാജ്യങ്ങളിലെ ഏറ്റവും വലിയ ഓണാഘോഷവുമായി ബഹ്റൈൻ കേരളീയ സമാജം. ശ്രാവണം 2025ന്റെ ഭാഗമായി ഈ വർഷവും ഓണാഘോഷം വൈവിധ്യമാർന്ന കലാസാംസ്കാരിക പരിപാടികൾ കൊണ്ട് ശ്രദ്ധേയമായിരിക്കുമെന്ന് സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, ശ്രാവണം ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനർ വർഗീസ് ജോർജ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിന്റെ സാംസ്കാരികവും കലാപരവുമായ ഓണ പൈതൃകത്തെ ഓർമപ്പെടുത്തുകയും ആധുനിക മലയാളി സമൂഹത്തിന്റെ കലാഭിരുചികളെയും സമ്മിശ്രമായി സമീപിക്കുന്ന സമീപനത്തിലൂടെ ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളിലൂടെ പ്രവാസി മലയാളി സമൂഹത്തിലെ പുതുതലമുറക്ക് പരിചയപ്പെടുത്താനാണ് എല്ലാകാലത്തും ശ്രമിക്കാറുള്ളതെന്നും സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണൻ പിള്ള പറഞ്ഞു.
ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 29ന് രുചി മേള സംഘടിപ്പിക്കും. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ രുചി ഭേദങ്ങളെ പരിചയപ്പെടുത്താനും ആസ്വദിക്കാനുമുള്ള മികച്ച അവസരമാണ് രുചിമേള. സെപ്റ്റംബർ ഒന്നിന് ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ഔദ്യോഗികമായ ഉദ്ഘാടന ചടങ്ങായ കൊടിയേറ്റം സംഘടിപ്പിക്കും. സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള കൊടികയറ്റി ഉദ്ഘാടനം നിർവഹിക്കും.
സെപ്റ്റംബർ നാല് മുതൽ ഒക്ടോബർ മൂന്ന് വരെ ബഹ്റൈനിൽ ഓണാഘോഷ ചടങ്ങുകൾ നീണ്ടുനിൽക്കും. വർഗീസ് ജോർജ് ജനറൽ കൺവീനർ, ഹരികൃഷ്ണൻ, നിഷാ ദിലീഷ്, രാജേഷ് കെ പി, അഭിലാഷ് വെള്ളുക്കൈ, അനിത തുളസി, രജനി മേനോൻ, സജ്‌ന നൗഷാദ് തുടങ്ങിയവർ ജോയിൻ കൺവീനർമാരും ആയ നൂറിൽ അധികം വരുന്ന സമാജം ശ്രാവണം ഓണാഘോഷ കമ്മിറ്റിയുടെ കീഴിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത്.
Content Highlights: Bahrain Kerala Samajam holds the biggest Onam celebration in the GCC countries