
കണ്ണൂര്‍: കണ്ണപുരം സ്‌ഫോടന കേസില്‍ പ്രതിയായ അനൂപ് മാലിക് മുന്‍പും സമാന കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ്. 2016ലെ പൊടിക്കുണ്ട് സ്‌ഫോടന കേസിലെ മുഖ്യപ്രതിയാണ് അനൂപ് മാലിക്. അന്ന് 57 വീടുകളായിരുന്നു സ്ഫോടനത്തിൽ തകർന്നത്. സ്ഫോടക വസ്തുക്കൾ നിയമവിരുദ്ധമായി കൈകാര്യം ചെയ്തതിന് ഇയാൾക്കെതിരെ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ണപുരം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ചാലാട് സ്വദേശി മുഹമ്മദ് ആഷാം എന്നയാളുടെ ബന്ധുവാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ നിതിന്‍ രാജ് പി പറഞ്ഞു.
അനൂപ് മാലിക്കാണ് വീട് വാടകയ്ക്ക് എടുത്തിരുന്നതെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. വീട്ടില്‍ നടത്തിയ പരിശോധനയില്‍ വലിയ രീതിയില്‍ ഗുണ്ടുകളും പടക്കങ്ങളും നിര്‍മിക്കുന്ന വസ്തുക്കള്‍ കണ്ടെത്തി. പടക്കങ്ങള്‍ നിര്‍മിക്കുന്നതിന് അനുമതി തേടിയിരുന്നില്ലെന്നാണ് മനസിലാക്കുന്നത്. അനൂപിനെ കണ്ടെത്തേണ്ടതുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ജില്ലാ ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തില്‍ സംഭവം അന്വേഷിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
അനൂപ് മാലിക്കിന്റെ രാഷ്ട്രീയം പരിശോധിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് രംഗത്തെത്തി. അനൂപ് കോണ്‍ഗ്രസിന്റെ അടുത്തയാളാണെന്ന് കെ കെ രാഗേഷ് ആരോപിച്ചു. ഇത്രയും മാരകമായ സ്‌ഫോടക വസ്തുക്കള്‍ എന്തിനാണ് നിര്‍മിക്കുന്നതെന്നും അത് ബന്ധപ്പെട്ടവര്‍ പരിശോധിക്കണമെന്നും കെ കെ രാഗേഷ് പറഞ്ഞു. കെ കെ രാഗേഷിന്റെ ആരോപണം തള്ളി ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് രംഗത്തെത്തി. കെ കെ രാഗേഷ് പറയുന്നത് ശുദ്ധ തോന്നിവാസമാണെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. തനിക്ക് വേണമെങ്കില്‍ സിപിഐഎം എന്നോ ബിജെപി എന്നോ പറയാമായിരുന്നുവെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു. സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണം. പ്രതി മുന്‍പും സമാനമായി സ്‌ഫോടന വസ്തുക്കള്‍ നിര്‍മിച്ചു. ആരാണ്, എന്താണ് ചെയ്തതെന്ന് അറിയാത്ത അവസ്ഥയാണ്. മുക്കിലും മൂലയിലും ബോംബ് പൊട്ടി സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുന്ന സ്ഥിതിയാണുള്ളത്. അനൂപ് മാലിക് എന്തിന് ബോംബ് നിര്‍മിച്ചുവെന്നും ആര്‍ക്ക് നല്‍കിയെന്നും അന്വേഷിക്കണമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
ഇന്ന് പുലര്‍ച്ചെ 1.50 നാണ് സ്‌ഫോടനം നടന്നത്. ഉഗ്രശബ്ദം കേട്ട് സമീപവാസികള്‍ നോക്കുമ്പോള്‍ വീട് തകര്‍ന്ന നിലയിലായിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് പരിശോധിക്കുമ്പോള്‍ ചിതറിയ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. എക്‌സ്‌പ്ലോസീവ് സബ്‌സ്റ്റന്‍സസ് ആക്ട് 1908 പ്രകാരം മൂന്ന്, അഞ്ച് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ അനൂപ് മാലിക്കിനെ മാത്രമാണ് നിലവില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.
Content Highlights- Accused Anoop malik as relative of man who died in kannur kannapuram blast