
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ മൂന്നാം ഭരണത്തിന് അയ്യപ്പന്റെ മാത്രമല്ല എല്ലാവരുടേയും കടാക്ഷം ലഭിക്കുന്നുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആഗോള അയ്യപ്പ സംഗമത്തിന് എൻഎസ്എസ് പിന്തുണ നൽകിയതിന് പിന്നാലെയാണ് ഗോവിന്ദന്റെ പ്രതികരണം. മൂന്നാം ടേമിലേക്കുള്ള യാത്രയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നല്ല പിന്തുണ ലഭിക്കുന്നുണ്ട്. രണ്ടാം ഭരണം തന്നെ ചരിത്രത്തിൽ ആദ്യമാണ്. മൂന്നാം ഭരണം എന്നത് പുതിയ അധ്യായമായിരിക്കും. അയ്യപ്പന്റെ മാത്രമല്ല, എല്ലാവരുടേയും കടാക്ഷം ലഭിക്കുന്നുണ്ടെന്നായിരുന്നു വാർത്താ സമ്മേളനത്തിൽ എം വി ഗോവിന്ദന്‍റെ പ്രതികരണം.
ശബരിമലയിൽ സംസ്ഥാന സർക്കാരിന്റെ പിന്തുണയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ നൽകുമെന്ന് കഴിഞ്ഞദിവസമാണ് എൻഎസ്എസ് അറിയിച്ചത്. ആചാര സംരക്ഷണമാണ് എൻഎസ്എസിന്റെ നിലപാടെന്നും ആഗോള അയ്യപ്പ സംഗമം വിശ്വാസങ്ങൾ സംരക്ഷിച്ചുകൊണ്ടാണ് നടത്തുന്നത്, അതിൽ എൻഎസ്എസിന് എതിർപ്പില്ലെന്നും എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ പറഞ്ഞിരുന്നു.
ശബരിമലയുടെ പുരോഗതിക്ക് ആഗോള അയ്യപ്പ സംഗമം വലിയ പങ്കുവഹിക്കുമെന്നും സംഗമം ഒരു തെരഞ്ഞെടുപ്പ് വിഷയമല്ലെന്നും എം വി ഗോവിന്ദൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. വിശ്വസികൾക്ക് ഒരിക്കലും വർഗീയവാദിയാകാൻ കഴിയില്ല. വർഗീയവാദികൾക്ക് വിശ്വാസിയാകാനും കഴിയില്ല. വിശ്വാസികൾ ഏറെയുള്ള സമൂഹത്തിൽ അവരെകൂടി പരിഗണിച്ചാണ് മുന്നോട്ട് പോകുക. പാർട്ടി എന്നും വിശ്വാസികൾക്കൊപ്പമാണ്. നാളെയും അങ്ങനെയായിരിക്കും. ആഗോള ആയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത് ദേവസ്വം ബോർഡാണ്. ശബരിമലയുടെ പുരോഗതിക്കാവശ്യമായ നിർദേശങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്. അതിൽ ബിജെപി അസ്വസ്ഥമാകുന്നതിൽ അത്ഭുതമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞിരുന്നു.
എല്ലാ വിശ്വാസികളേയും അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിക്കും എന്നാൽ വർഗീയ വാദികളെ ക്ഷണിക്കില്ലെന്നും വർഗീയവാദികൾക്കെതിരായ പോരാട്ടത്തിൽ നല്ല പങ്കുവഹിക്കേണ്ടവരാണ് വിശ്വാസികളെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു.
അതേസമയം സംഗമത്തിനെതിരെ ബിജെപി വിമർശനമുന്നയിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞിട്ടുണ്ടെന്ന് എം വി ഗോവിന്ദൻ മറുപടി നൽകി.
സെപ്റ്റംബർ 20-നാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. പമ്പാ തീരത്താണ് പരിപാടി. ദക്ഷിണേന്ത്യയിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകൻ. കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാർ, കേരളത്തിലെ കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷ നേതാവ് തുടങ്ങിയ നേതാക്കൾ പങ്കെടുക്കുമെന്നാണ് വിവരം.
അയ്യപ്പ സംഗമം വോട്ടുബാങ്ക് ലക്ഷ്യമിട്ടുളളതാണെന്നും തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് സംഗമം സംഘടിപ്പിക്കുന്നത് രാഷ്ട്രീയ നാടകമാണെന്നുമാണ് രാജീവ് ചന്ദ്രശേഖറിന്റെ വിമർശനം. 'തെരഞ്ഞെടുപ്പിന് നാല് മാസം മുമ്പ് ഇത് സംഘടിപ്പിക്കുന്നത് രാഷ്ട്രീയ നാടകമാണ്. പത്ത് കൊല്ലം ഈ ഭക്തർക്ക് ഒരു അടിസ്ഥാന സൗകര്യം പോലും ചെയ്ത് നൽകാത്ത ദേവസ്വം അയ്യപ്പ സംഗമം നടത്തുകയാണെങ്കിൽ നടത്തട്ടെ. ഹിന്ദു വൈറസ് ആണെന്നും തുടച്ചുനീക്കണമെന്നും പറഞ്ഞ സ്റ്റാലിനും അയ്യപ്പ ഭക്തന്മാരെ ദ്രോഹിച്ച മുഖ്യമന്ത്രി പിണറായി വിജയനും അവിടെ പോകാൻ പാടില്ല. അത് അപമാനമാണ്'എന്നാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.
രാജീവ് ചന്ദ്രശേഖറിന്റെ പരാമർശത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് തളളിയിരുന്നു. രാജീവ് ചന്ദ്രശേഖർ പറയുന്നത് രാഷ്ട്രീയമാണെന്നും ഭക്തിയും രാഷ്ട്രീയവും രണ്ട് വഴിക്കാണെന്നും പി എസ് പ്രശാന്ത് പറഞ്ഞിരുന്നു.
Content Highlights: M VGovindan Reacts about ayyappa sangamam