
മിക്കവരും ഫ്രിഡ്ജ് തുറന്നാല്‍ വളരെ പെട്ടെന്ന് സാധനങ്ങള്‍ വയ്ക്കാന്‍ കണ്ടെത്തുന്ന സ്ഥലം ഫ്രിഡ്ജിന്റെ വാതിലാണ്. പാലും മുട്ടയും വെളളവും ജ്യൂസും തുടങ്ങി കറികള്‍ വരെ കുപ്പിയിലടച്ച് ഫ്രിഡ്ജിന്റെ ഡോറില്‍ വയ്ക്കുന്നവരുണ്ട്. സൗകര്യത്തിന് വേണ്ടി ഇങ്ങനെ ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഫ്രിഡ്ജിന്റെ ഡോറില്‍ വച്ചാല്‍ ചില ഭക്ഷണ സാധനങ്ങള്‍ നിങ്ങളെ അപകടത്തിലാക്കും. അവ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും.
യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ പുറത്തുവിടുന്ന അറിവുകള്‍ (USDA) പ്രകാരം റഫ്രിഡ്ജറേറ്റര്‍ ഡോര്‍ ഏറ്റവും ചൂടുളള ഭാഗമാണ്. സ്ഥിരമായി തണുത്ത താപനില ആവശ്യമുളള ഭക്ഷണ സാധനങ്ങള്‍ താരതമ്യേനെ ചൂടുള്ള ഫ്രിഡ്ജ് ഡോറില്‍ വയ്ക്കുന്നത് അപകടകരമാണ്. തുടര്‍ച്ചയായി വാതില്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യുമ്പോള്‍ ഫ്രിഡ്ജിനുള്ളിലെ താപനില വ്യത്യാസപ്പെടുന്നു. അതുകൊണ്ട് സ്ഥിരമായി തണുത്ത താപനില ആവശ്യമുള്ള വസ്തുക്കള്‍ ഡോറില്‍ വച്ചാല്‍ അവ പെട്ടെന്ന് കേടാകാന്‍ സാധ്യതയുണ്ട്.
റഫ്രിഡ്ജറേറ്റര്‍ ഡോറില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത നിത്യോപയോഗ സാധനങ്ങള്‍ ഇവയാണ്
പാല്‍
പാലിന്റെ കവറും കുപ്പിയിലാക്കിയ പാലും ഒക്കെ ഫ്രിഡ്ജിന്റെ ഡോറിലാണ് പലരും സാധാരണയായി എളുപ്പത്തില്‍ വയ്ക്കാറുള്ളത്. പാല്‍ വളരെ പെട്ടെന്ന് കേടുവരുന്നതും തണുപ്പുളള അന്തരീക്ഷം ആവശ്യമുള്ളതുമാണ്. ഓരോ തവണ ഫ്രിഡ്ജിന്റെ വാതില്‍ തുറക്കുമ്പോഴും താപനില വ്യത്യാസം ഉണ്ടാവുകയും പാല്‍ പെട്ടെന്ന് കേടാവുകയും ചെയ്യും.
മുട്ട
പല ഫ്രിഡ്ജുകളുടെയും ഡോറുകളില്‍ ഒരു ബില്‍റ്റ് ഇന്‍ മുട്ട ട്രേ ഉണ്ട് . അതുകൊണ്ടുതന്നെ ആളുകള്‍ കരുതുന്നത് ആ ഡോര്‍ ഭാഗം മുട്ട വയ്ക്കാനുളളതാണെന്നതാണ്. പക്ഷേ പാല്‍ പോലെതന്നെ മുട്ടകളും തണുത്ത അന്തരീക്ഷം ആവശ്യമുളളവയാണ്. ഫ്രിഡ്ജ് ഡോര്‍ ഇടയ്ക്കിടെ തുറക്കുമ്പോള്‍ താപനില വ്യത്യാസപ്പെട്ട് ബാക്ടീരിയയുടെ വളര്‍ച്ചയ്ക്ക് കാരണമാവുകയും ഭക്ഷ്യജന്യ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.
ബട്ടര്‍
വെണ്ണ അത്ര വേഗത്തില്‍ കേടുവരില്ല എങ്കിലും വാതില്‍ തുറക്കുമ്പോള്‍ വരുന്ന താപനിലയിലെ ഏറ്റക്കുറച്ചിലുകള്‍ വെണ്ണയെ മൃദുവാക്കുകയും അവയുടെ ഘടന നഷ്ടപ്പെടുത്തുകയും ചെയ്യും. വെണ്ണ സൂക്ഷിക്കാന്‍ ഏറ്റവും നല്ലത് ഫ്രിഡ്ജിന്റെ ഉള്‍വശം തന്നെയാണ്.
ചീസ്
മൊസറെല്ല, ബ്രൈ, ക്രീം ചീസ് പോലുള്ള മൃദുവായ ചീസുകള്‍ക്ക് പൂപ്പല്‍ വരുന്നതും കേടാകുന്നത് തടയാനും നല്ല തണുപ്പ് ആവശ്യമാണ്. അതുകൊണ്ടുതന്നെ അത് ചീസ് ഡ്രോയറിലോ സീല്‍ ചെയ്ത പാത്രത്തിനുള്ളിലോ സൂക്ഷിക്കേണ്ടതാണ്.
ജ്യൂസ്
ജ്യൂസ് പെട്ടെന്ന് എടുത്ത് ഉപയോഗിക്കാന്‍ എളുപ്പം ഡോറില്‍ വയ്ക്കുന്നതുതന്നെയാണ്. പക്ഷേ ഫ്രിഡ്ജ് തുറക്കുമ്പോഴുള്ള താപനിലയില്‍ വ്യത്യാസമുണ്ടാകുമ്പോള്‍ ജ്യൂസ് പെട്ടെന്ന് പുളിക്കാന്‍ കാരണമാകും. ജ്യൂസിന്റെ പുതുമയും രുചിയും നിലനിര്‍ത്താന്‍ എപ്പോഴും അകത്തുളള ഷെല്‍ഫില്‍ സൂക്ഷിക്കുന്നതാണ് നല്ലത്.
മാംസം
ഫ്രിഡ്ജിന്റെ വാതിലില്‍ പച്ച മാംസം ഒരിക്കലും വയ്ക്കരുത്. ബാക്ടീരിയയുടെ വളര്‍ച്ച തടയാന്‍ എപ്പോഴും തണുപ്പുളള അന്തരീക്ഷമാണ് ഫലപ്രദം. ഫ്രിഡ്ജ് ഡോറില്‍ സൂക്ഷിക്കുമ്പോള്‍ മാംസം പെട്ടെന്ന് കേടാവുകയും ഭക്ഷ്യവിഷബാധയയ്ക്ക് കാരണമാവുകയും ചെയ്യും.
തൈര്
പാല് പോലെ തന്നെ തൈരും പ്രോബയോട്ടിക്‌സ് നിലനിര്‍ത്താനും കേടാകാതിരിക്കാനും എപ്പോഴും തണുപ്പില്‍ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഫ്രിഡ്ജിന്റെ ഡോറിന്റെ താപനിലയിലെ വ്യത്യാസം തൈര് പുളിക്കാനും അതിന്റെ ഘടനയില്‍ വ്യത്യാസമുണ്ടാക്കാനും കാരണമാകും.
മയോണൈസ്
മയൊണൈസ് ഒരിക്കല്‍ തുറന്നാല്‍ പെട്ടെന്ന് കേടാകും. അതും സ്ഥിരമായി തണുപ്പുള്ള അന്തരീക്ഷത്തില്‍ സൂക്ഷിച്ചില്ലെങ്കില്‍ വേഗത്തില്‍ ഉപയോഗശൂന്യമായിത്തീരും.
Content Highlights :These are the foods that are not suitable to be stored in the refrigerator door