
പോപ് ഗായിക ടെയ്ലര്‍ സ്വിഫ്റ്റിന്റെയും ഫുട്‌ബോള്‍ താരം ട്രാവിസ് കെല്‍സിന്റെയും വിവാഹ നിശ്ചയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പൂന്തോട്ടത്തില്‍ നിന്ന് പ്രൊപ്പോസ് ചെയ്യുന്ന ഫോട്ടോകള്‍ക്കൊപ്പമാണ് ഇരുവരും വിവാഹനിശ്ചയ വാര്‍ത്ത പങ്കുവച്ചത്. ആ ചിത്രങ്ങളില്‍ വിവാഹ നിശ്ചയ മോതിരം അണിഞ്ഞുകൊണ്ടുള്ള ടെയ്ലറിന്റെ കെെയ്യുടെ ഒരു ക്ലോസ് ഷോട്ടും കാണാന്‍ സാധിക്കും. അതുകൊണ്ടുതന്നെ ആരാധകരുടെ കണ്ണ് ആദ്യം ഓടിയെത്തിയത് ടെയ്‌ലറിന്റെ വിവാസ നിശ്ചയ മോതിരത്തിലേക്കാണ്.
കുഷ്യന്‍ വജ്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു പുരാതന ഡയമണ്ടാണ് ആ മോതിരത്തില്‍ പതിപ്പിച്ചിരിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. 7-10 കാരറ്റ് വരെ കണക്കാക്കുന്ന ഈ ഡയമണ്ട് 18 കാരറ്റ് സ്വര്‍ണ്ണത്തിലുള്ള മോതിരത്തിലാണ് പതിപ്പിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ഡയമണ്ടുകള്‍ 18,19 നൂറ്റാണ്ടുകളിലുള്ളവയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ദക്ഷിണാഫ്രിക്കയിലും ബ്രസീലിലുമാണ് ഇത്തരം വജ്രം കണ്ടുവരുന്നത്.
ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നിന്നും കടത്തികൊണ്ടുവന്ന വജ്രമാണ് ഇതെന്നും വിദഗ്ധര്‍ പറയുന്നു. ഏകദേശം 2,000 വര്‍ഷം മുന്‍പ് ഇന്നത്തെ ആന്ധ്രാപ്രദേശ് ഉള്‍പ്പെടുന്ന ഗോല്‍ക്കൊണ്ട മേഖലയില്‍ നിന്നാണ് ഇത്തരം വജ്രങ്ങള്‍ വന്നതെന്ന് പറയുന്നു. കൊല്ലൂരിനും മറ്റ് ഖനന സ്ഥലങ്ങള്‍ക്കും സമീപമുള്ള കൃഷ്ണ, ഗോദാവരി താഴ്വരകളിലെ നദീതടങ്ങളില്‍ നിന്നും ഗുഹകളില്‍ നിന്നുമാണ് ഈ കല്ലുകള്‍ വേര്‍തിരിച്ചെടുത്തതെന്ന ചരിത്രവുമുണ്ട്.
ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ഈ മോതിരം വിന്റേജ് മോഡലായതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പല റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. വിവാഹനിശ്ചയ മോതിരത്തിന്റെ വിലയെക്കുറിച്ച് ടെയ്‌ലര്‍
പ്രതികരിച്ചിട്ടില്ലെങ്കിലും ഈ വജ്രമോതിരത്തിന് ഏകദേശം 4.8 കോടി രൂപ (550,000 യുഎസ് ഡോളര്‍) വില വരുമെന്ന് കണക്കാക്കുന്നു.
ടെയ്‌ലര്‍ സ്വിഫ്റ്റിന്‍റെ വിവാഹനിശ്ചയത്തെ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. ലളിതമായ വസ്ത്രങ്ങള്‍ അണിഞ്ഞുള്ള ചിത്രങ്ങളാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഡ്രസ്സില്‍ ടെയ്ലര്‍ സ്വിഫ്റ്റ് എത്തിയപ്പോള്‍ ബ്ലൂ ടീ ഷര്‍ട്ടിലാണ് ട്രാവിസ് കെല്‍സ് ചിത്രങ്ങളിലുള്ളത്. 'നിങ്ങളുടെ ഇംഗ്ലിഷ് ടീച്ചറും ജിം ടീച്ചറും വിവാഹിതരാകുന്നു' എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്.
Content Highlights: Taylor Swift's Rs 4.8 Crore Engagement Ring May Have An Andhra Pradesh Connection