
പോപ് ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റിന്റെയും ഫുട്ബോള്‍ താരം ട്രാവിസ് കെല്‍സിന്റെയും വിവാഹ നിശ്ചയ വാര്‍ത്ത ആഘോഷിക്കുകയാണ് ഇന്റര്‍നെറ്റ് ലോകം. പൂന്തോട്ടത്തില്‍ നിന്ന് പ്രൊപ്പോസ് ചെയ്യുന്ന ഫോട്ടോകള്‍ക്കൊപ്പമാണ് ഇരുവരും വിവാഹനിശ്ചയ വാര്‍ത്ത പങ്കുവച്ചത്. ആ ചിത്രങ്ങളില്‍ വിവാഹ നിശ്ചയ മോതിരം അണിഞ്ഞുകൊണ്ടുള്ള ടെയ്‌ലറിന്റെ കയ്യുടെ ഒരു ക്ലോസ് ചിത്രവുമുണ്ടായിരുന്നു. ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ കയ്യിലെ മോതിരത്തിനൊപ്പം ആരാധകര്‍ മറ്റൊന്നുകൂടി ശ്രദ്ധിച്ചു. അവര്‍ അണിഞ്ഞിരിക്കുന്ന ആഡംബര വാച്ച്.
മോതിരത്തേക്കാള്‍ മുന്‍പ് ഞാന്‍ ശ്രദ്ധിച്ചത് ആ വാച്ചാണ്, ആ വാച്ചില്‍ എന്റെ കണ്ണുടക്കി, ഏത് വാച്ചാണ് അത് തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ ആരാധകര്‍ പങ്കുവച്ചത്. 18 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ച കാര്‍ട്ടിയേര്‍ സാന്റോസ് ഡമാസെല്ലിന്റെ ഡയമണ്ട് വാച്ചാണ് ടെയ്‌ലര്‍ ധരിച്ചിരുന്നത്.
18,330 ഡോളറാണ് ഈ വാച്ചിന്റെ വില. അതായത് ഏകദേശം 15 ലക്ഷത്തില്‍ അധികം. 18 കാരറ്റ് ഗോള്‍ഡ് കേസും 18 കാരറ്റ് ഗോള്‍ഡ് ബ്രേസ്‌ലെറ്റുമുള്ള ഈ വാച്ചിലെ ബെസലില്‍ ഉള്ള ഡയമണ്ട് ഫാക്ടറി സെറ്റ് ആണ്. അതിന്റെ ക്രൗണിലും ഒരു ഡയമണ്ട് ഉണ്ട്. നീലനിറത്തിലുള്ള സൂചികളുള്ള ചതുരാകൃതിയിലുള്ള ഡയലില്‍ മനോഹരമായ വജ്രക്കല്ലുകള്‍ വെട്ടിത്തിളങ്ങുന്നു.
ആഡംബര വാച്ചുകള്‍ വാങ്ങിക്കൂട്ടുന്നവര്‍ ഇത് വാങ്ങാനൊരുങ്ങിയാല്‍ നിലവില്‍ സാന്റോസ് ഡമാസെല്‍ നിലവില്‍ കാര്‍ട്ടിയെര്‍ വില്‍ക്കുന്നില്ലത്രേ. പക്ഷെ സെക്കന്‍ഡറി മാര്‍ക്കറ്റുകളില്‍ ഇവ ലഭ്യമാണെന്നും പറയപ്പെടുന്നു.
ലൂയിസ് കാര്‍ട്ടിയെര്‍ സാന്റോസ് കളക്ഷന്‍ ആരംഭിക്കുന്നത് 1904ലാണ്. തന്റെ ബ്രസീലിയന്‍ വൈമാനിക സുഹൃത്തായ ആല്‍ബെര്‍ട്ടോ സാന്റോസ് ഡുമോണ്ടിന് വാച്ചുകളിലൂടെ അദ്ദേഹം നല്‍കിയ ആദരമായിരുന്നു അത്. സാന്റോസ് ഡമാസെല്‍ പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞ് 2008ലാണ്. ഏതായാലും ടെയ്‌ലറിന്റെ വിവാഹനിശ്ചയത്തോടെ താരമായിരിക്കുകയാണ് ഈ ആഡംബര വാച്ചും.
Content Highlights: Taylor Swift's Engagement Photos Go Viral: Watch Details Revealed