
ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഭര്‍ത്താവിനെ ഉപേക്ഷിച്ച ദുബായ് രാജകുമാരി ഷെയ്ഖ മഹ്‌റയും റാപ്പര്‍ ഫ്രഞ്ച് മൊണ്ടാനയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. 2024 മുതല്‍ തന്നെ ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജൂണില്‍ നടന്ന പാരിസ് ഫാഷന്‍വീക്കില്‍ പ്രണയം ഇരുവരും ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.
ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകളായ ഷെയ്ഖ മഹ്‌റ മുഹമ്മദ് റാഷിദ് അല്‍ മക്തൂം. 2024ല്‍ മൊണ്ടാനയെ ഷെയ്ഖ ദുബായിലേക്ക് ക്ഷണിച്ചിരുന്നു. ഇരുവരും ചേര്‍ന്നുള്ള ചിത്രങ്ങള്‍ രാജകുമാരി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. മൊറോക്ക ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ ഇവര്‍ ഒരുമിച്ച് നടത്തിയ യാത്രകളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
ഭര്‍ത്താവ് വിശ്വാസവഞ്ചന നടത്തിയെന്നാരോപിച്ചാണ് രാജകുമാരി ഇയാളെ ഉപേക്ഷിച്ചത്. 'പ്രിയപ്പെട്ട ഭര്‍ത്താവേ, നിങ്ങള്‍ മറ്റ് ബന്ധങ്ങളില്‍ തിരക്കായതിനാല്‍ ഞാന്‍ നമ്മുടെ വിവാഹമോചനം ഇവിടെ പ്രഖ്യാപിക്കുന്നു.ഞാന്‍ നിങ്ങളെ വിവാഹ മോചനം ചെയ്യുന്നു, ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു..ടേക്ക് കെയര്‍, നിങ്ങളുടെ മുന്‍ഭാര്യ' എന്നായിരുന്നു രാജകുമാരി ഇന്‍സ്റ്റഗ്രാമില്‍ അന്ന് കുറിച്ചത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു മകളുണ്ട്.
വിവാഹമോചനത്തിന് ശേഷം തന്റെ ബ്രാന്‍ഡായ മഹ്‌റ എംവണ്ണിന് കീഴില്‍ ഇവര്‍ ഡിവോഴ്‌സ് എന്ന പേരില്‍ ഒരു പെര്‍ഫ്യൂം അവതരിപ്പിക്കുകയും ചെയ്തിരുന്നു. യുകെ സര്‍വകലാശാലയില്‍ നിന്ന് ഇന്റര്‍നാഷ്ണല്‍ റിലേഷനില്‍ ഡിഗ്രിയെടുത്തിട്ടുണ്ട് മഹ്‌റ. മുഹമ്മദ് ബിന്‍ റാഷിദ് ഗവണ്‍മെന്റ് അഡ്മിനിസ്ര്‌ടേഷനില്‍ നിന്നുള്ള യോഗ്യതയും ഇവര്‍ നേടിയിട്ടുണ്ട്.
അണ്‍ഫോര്‍ഗെറ്റബിള്‍, നോ സ്‌റ്റൈലിസ്റ്റ്, തുടങ്ങിയ ഹിറ്റുകളുടെ പേരില്‍ പ്രസിദ്ധനായ റാപ്പറാണ് ഫ്രഞ്ച് മൊണ്ടാന. ഇയാളുടെ യഥാര്‍ഥ പേര് കരിം ഖര്‍ബൗച്ച് എന്നാണ്. ഉഗാണ്ടയിലെ വിദ്യാഭ്യാസ പദ്ധതികള്‍ക്കും ആരോഗ്യമേഖലയ്ക്കും നിരവധി ദനസഹായങ്ങള്‍ നല്‍കുന്ന മൊണ്ടാന മനുഷ്യാവകാശപ്രവര്‍ത്തനങ്ങളുടെ പേരിലും അറിയപ്പെടുന്നയാളാണ്. 2007ല്‍ ഡിസൈനറായിരുന്ന നദീന്‍ ഖര്‍ബൗച്ചവുമായി വിവാഹം കഴിഞ്ഞ മൊണ്ടാന 2014ല്‍ വിവാഹമോചനം നേടിയിരുന്നു. ഇവര്‍ക്ക് 16 വയസ്സുള്ള മകനുണ്ട്.
Content Highlights: Dubai Princess Gets Engaged To Rapper