
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിനെതിരായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ പരാമര്‍ശം തളളി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. രാജീവ് ചന്ദ്രശേഖറും കുമ്മനം രാജശേഖരനും പറയുന്നത് രാഷ്ട്രീയമാണെന്നും ഭക്തിയും രാഷ്ട്രീയവും രണ്ട് വഴിക്കാണെന്നും പി എസ് പ്രശാന്ത് പറഞ്ഞു. ശബരിമലയുടെ വികസനം ആഗ്രഹിക്കുന്ന, ശബരിമല ഭക്തരായ എല്ലാവരെയും സംഗമത്തിലേക്ക് ക്ഷണിക്കുന്നുവെന്നും ശബരിമലയുടെ വരുമാനം വര്‍ധിക്കുമ്പോള്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ നിരവധി ക്ഷേത്രങ്ങളുടെ വികസനമാണ് നടക്കുന്നതെന്നും പി എസ് പ്രശാന്ത് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി മുഖ്യമന്ത്രിക്ക് അയച്ച കത്ത് ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ശബരിമലയുടെ ആചാരവും വിശ്വാസവും അനുഷ്ടാനവും അനുസരിച്ച് മാത്രമേ ആഗോള അയ്യപ്പ സംഗമം നടക്കുകയുളളുവെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.
ആഗോള അയ്യപ്പ സംഗമം വോട്ടുബാങ്ക് ലക്ഷ്യമിട്ടുളളതാണെന്നും തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് സംഗമം സംഘടിപ്പിക്കുന്നത് രാഷ്ട്രീയ നാടകമാണെന്നുമാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. അയ്യപ്പ സംഗമം രാഷ്ട്രീയമായി കാണരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിനെതിരെയാണ് രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയത്. ആരെ വിഡ്ഢിയാക്കാനാണ് മുഖ്യമന്ത്രി അയ്യപ്പ സംഗമം രാഷ്ട്രീയമായി കാണരുതെന്ന് പറയുന്നത്. രാഷ്ട്രീയം അല്ലെങ്കിൽ പിന്നെ എന്തിനാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ പരിപാടിയിലേക്ക് ക്ഷണിക്കുന്നത്. സ്റ്റാലിൻ എപ്പോഴാണ് അയ്യപ്പഭക്തനായതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
തെരഞ്ഞെടുപ്പിന് നാല് മാസം മുമ്പ് ഇത് സംഘടിപ്പിക്കുന്നത് രാഷ്ട്രീയ നാടകമാണ്. പത്ത് കൊല്ലം ഈ ഭക്തർക്ക് ഒരു അടിസ്ഥാന സൗകര്യം പോലും ചെയ്ത് നൽകാത്ത ദേവസ്വം അയ്യപ്പ സംഗമം നടത്തുകയാണെങ്കിൽ നടത്തട്ടെ. ഹിന്ദു വൈറസ് ആണെന്നും തുടച്ചുനീക്കണമെന്നും പറഞ്ഞ സ്റ്റാലിനും അയ്യപ്പ ഭക്തന്മാരെ ദ്രോഹിച്ച മുഖ്യമന്ത്രി പിണറായി വിജയനും അവിടെ പോകാൻ പാടില്ല. അത് അപമാനമാണ്. സർക്കാർ പരിപാടിയല്ലെങ്കിൽ എന്തിനാണ് അയ്യപ്പ സംഗമത്തെ കുറിച്ച് മുഖ്യമന്ത്രി പറയുന്നതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. മുഖ്യമന്ത്രി ദൈവ വിശ്വാസിയല്ല, നാസ്തികനാണ്. സംഗമം ആരാധനയുടെ ഭാഗമാണെന്ന് നാസ്തികനായ സിപിഐഎം മുഖ്യമന്ത്രി പറയുന്നു. പതിനെട്ട് തവണ ശബരിമലയിൽ പോയ എനിക്ക് ഒന്നും അറിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇതിൽ ആര് പറയുന്നതാണ് ജനം വിശ്വസിക്കുകയെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. സംഗമം നടത്തുന്നത് ആരാധനയുടെ ഭാഗമായാണെങ്കിൽ സ്റ്റാലിനെയും ഡിഎംകെയേയും വിളിക്കരുത്. ഭക്തർ ഞങ്ങളാണ്. ഞങ്ങളുടെ വിഷയങ്ങളാണ് പരിഗണിക്കേണ്ടത്. അല്ലാതെ വിശ്വാസിയല്ലാത്ത മുഖ്യമന്ത്രിയാണോ പരിപാടി നടത്തേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സെപ്റ്റംബര്‍ 20-നാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. പമ്പാ തീരത്താണ് പരിപാടി. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകന്‍. കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുമെന്നാണ് വിവരം.
Content Highlights: PS Prasant against rajiv chandrasekhar remark about global ayyappa sanganam