
തൈറോയിഡ് തകരാറുകള്‍ ശരീരത്തിന്റെ മെറ്റബോളിസത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കുന്നു. തൈറോയിഡിന്റെ ലക്ഷണങ്ങളെ നിയന്ത്രിക്കുന്നതിന് ഭക്ഷണക്രമം നിര്‍ണ്ണായകമായ പങ്കുവഹിക്കുന്നുണ്ട്. ചില ഭക്ഷണങ്ങള്‍ ഹോര്‍മോണ്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുന്നു. മറ്റ് ചില ഭക്ഷണങ്ങള്‍ ഹോര്‍മോണുകളുടെ ഉത്പാദനത്തെ തടസ്സപ്പെടുത്തുകയോ മരുന്നുകളുടെ ആഗിരണത്തെ തടസ്സപ്പെടുത്തുകയോ ചെയ്യും. ഏതൊക്കെ ഭക്ഷണങ്ങളാണ് തൈറോയിഡിന്റെ ലക്ഷണങ്ങളെ കൂടുതല്‍ വഷളാക്കുന്നതെന്ന് നോക്കാം.
സോയ ഉല്‍പ്പന്നങ്ങള്‍
സോയയില്‍ ഫൈറ്റോ ഈസ്ട്രജനുകളും ഗോയിട്രോജനുകളും അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനത്തെയും തൈറോയ്ഡ് മരുന്നുകളുടെ ആഗിരണത്തെയും തടസ്സപ്പെടുത്തിയേക്കാം. ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി & മെറ്റബോളിസത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് സോയ തൈറോയ്ഡ് പ്രവര്‍ത്തനത്തെ ബാധിക്കും. പ്രത്യേകിച്ച് അയോഡിന്‍ കുറവുള്ള വ്യക്തികളെ കൂടുതലായി ബാധിച്ചേക്കാം.പ്രോട്ടീന്‍ സ്രോതസ്സുകളായി ഉപയോഗിക്കാറുള്ള ടോഫു, സോയ മില്‍ക്ക്, സോയ ചങ്ക്‌സ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ മിതമായി കഴിക്കാന്‍ ശ്രദ്ധിക്കണം.
ഗ്ലൂട്ടണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍
ഗ്ലൂട്ടന്‍(പല ഭക്ഷണങ്ങളിലും കാണപ്പെടുന്ന ഒരു പ്രോട്ടീന്‍) കുടലിനെ അസ്വസ്ഥമാക്കുകയും തൈറോയ്ഡ് മരുന്നുകളുടെ ആഗിരണം കുറയ്ക്കുകയും ചെയ്യും. പ്രത്യേകിച്ച് ഓട്ടോഇമ്മ്യൂണ്‍ തൈറോയ്ഡ് രോഗമുള്ളവരില്‍. ഗ്ലൂറ്റന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുന്നതിലൂടെ കുടല്‍ വീക്കം കുറയ്ക്കാനും തൈറോയ്ഡ് ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.ബ്രെഡ്, പാസ്ത, ധാന്യങ്ങള്‍ എന്നിവയൊക്കെ ഗ്ലൂട്ടന്‍ അടങ്ങിയ ഭക്ഷണങ്ങളാണ്.
സംസ്‌കരിച്ച ഭക്ഷണങ്ങള്‍
സംസ്‌കരിച്ച ഭക്ഷണങ്ങളിലെ ഉയര്‍ന്ന സോഡിയത്തിന്റെ അളവ് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. ഇത് ഹൈപ്പോതൈറോയിഡിസമുള്ളവര്‍ക്കും ഹൃദയ സംബന്ധമായ അപകടസാധ്യതകള്‍ കൂടുതലുള്ളവര്‍ക്കും ദോഷകരമാണ്.
വറുത്തതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങള്‍
കൊഴുപ്പ് കൂടിയ ഭക്ഷണം തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനത്തെ തടസ്സപ്പെടുത്തുകയും മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും ചെയ്യും. ഇത് തൈറോയ്ഡ് പ്രശ്നങ്ങളുള്ളവര്‍ക്ക് ശരീരഭാരം നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു. വെണ്ണ, മയൊണൈസ്, ഫ്രൈഡ് മീറ്റ് എന്നിവയൊക്കെ കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങളാണ്.
ശുദ്ധീകരിച്ച പഞ്ചസാര
ശുദ്ധീകരിച്ച പഞ്ചസാര ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണങ്ങള്‍ വഷളാക്കും. എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസം ക്ലിനിക്കസ് ഓഫ് നോര്‍ത്ത് അമേരിക്കയില്‍ പ്രസിദ്ധീകരിച്ച ഗവേഷണം അനുസരിച്ച് അമിതമായ പഞ്ചസാര ഉപയോഗം തൈറോയ്ഡ് തകരാറുകളുമായി ബന്ധപ്പെട്ട ഉപാപചയ പ്രശ്‌നങ്ങള്‍ എങ്ങനെ വര്‍ദ്ധിപ്പിക്കുമെന്ന് എടുത്തുകാണിക്കുന്നു.മധുര പലഹാരങ്ങള്‍, കേക്കുകള്‍, സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവയില്‍ റിഫൈന്‍ഡ് ഷുഗര്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
മദ്യം
മദ്യം തൈറോയ്ഡ് ഹോര്‍മോണിന്റെ ഉല്‍പാദനത്തെ തടയുന്നു.
അസംസ്‌കൃത ക്രൂസിഫറസ് പച്ചക്കറികള്‍
ക്രൂസിഫറസ് പച്ചക്കറികളിലെ 'ഗോയിട്രോജന്‍' തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനത്തിന് അത്യാവശ്യമായ അയോഡിന്‍ ആഗിരണം തടയുന്നു.ബ്രോക്കോളി, കാബേജ്, ബ്രസല്‍സ് മുളകള്‍, കോളിഫ്‌ളവര്‍ എന്നിവയൊക്കെ ക്രൂസിഫറസ് പച്ചക്കറികള്‍ക്ക് ഉദ്ദാഹരണമാണ്. ഇത്തരം പച്ചക്കറികള്‍ പാചകം ചെയ്യുന്നത് അവയുടെ ഗോയിട്രോജെനിക് ഫലങ്ങള്‍ കുറയ്ക്കുന്നു. ഇവയൊക്കെ സാലഡ് രൂപത്തില്‍ കഴിക്കുന്നത് കൂടുതല്‍ ഉപയോഗപ്രദമാണ്.
അന്നജം അടങ്ങിയ ഭക്ഷണങ്ങള്‍
അന്നജം അടങ്ങിയ ചില ഭക്ഷണങ്ങളില്‍ തൈറോയ്ഡ് വലുതാകുന്നതിന് കാരണമാകുന്ന ഗോയിട്രോജന്‍ അടങ്ങിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് മരച്ചീനി കഴിക്കുന്നത് ഹൈപ്പോതൈറോയിഡിസം അപകടത്തിലേക്ക് എത്തിക്കാന്‍ കാരമാകുന്നുവെന്ന് പറയുന്നുണ്ട്.മരച്ചീനിയും മധുരക്കിഴങ്ങും ഒക്കെ അന്നജം അടങ്ങിയ ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്.
ഗോയിട്രോജന്‍ അടങ്ങിയ പഴങ്ങള്‍
സ്‌ട്രോബറി, പീച്ച് തുടങ്ങിയ പഴങ്ങളില്‍ ഗോയിട്രോജന്‍ അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി കഴിച്ചാല്‍ തൈറോയ്ഡ് പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തും.
നട്ട്‌സ്
നിലക്കടല, പൈന്‍ നട്ട്‌സ്, തിന എന്നിങ്ങനെ ചില നട്സുകളില്‍ തൈറോയ്ഡ് ഹോര്‍മോണ്‍ സംശ്ലേഷണത്തെ തടസ്സപ്പെടുത്തുന്ന ഗോയിട്രോജന്‍ അടങ്ങിയിട്ടുണ്ട്. ഇവ അമിതമായി കഴിച്ചാല്‍ തൈറോയ്ഡ് പ്രവര്‍ത്തനം മോശമാകാന്‍ സാധ്യതയുണ്ട്.
കഫീന്‍
തൈറോയ്ഡ് മരുന്നുകളുടെ ആഗിരണത്തെ കാപ്പി, ബ്ലാക്ക് ടീ, ഗ്രീന്‍ ടീ എന്നിങ്ങനെ കഫീന്‍ അടങ്ങിയ പദാര്‍ഥങ്ങള്‍ തടസ്സപ്പെടുത്തുകയും ഹൈപ്പര്‍തൈറോയിഡിസത്തിന്റെ ലക്ഷണങ്ങള്‍ വഷളാക്കുകയും ചെയ്യും.
പാലുല്‍പ്പന്നങ്ങള്‍
പാലുല്‍പ്പന്നങ്ങളില്‍ അയോഡിന്‍ കൂടുതലായി അടങ്ങിയിരിക്കാം. ഇത് ഹൈപ്പര്‍തൈറോയിഡിസത്തിന്റെ ലക്ഷണങ്ങള്‍ വഷളാക്കും. ചീസ്, വെണ്ണ, പാല്‍ എന്നിവയൊക്കെ അഡോഡിന്‍ കൂടുതലുള്ള ഭക്ഷണങ്ങളാണ്. ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി & മെറ്റബോളിസത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം തൈറോയ്ഡ് രോഗികള്‍ അയോഡിന്‍ കഴിക്കുമ്പോള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.
അയോഡിന്‍
ഉയര്‍ന്ന അളവില്‍ അയോഡിന്‍ കഴിക്കുന്നത് ഹൈപ്പര്‍ തൈറോയിഡിസത്തിന് കാരണമാകാം. അല്ലെങ്കില്‍ രോഗം വഷളാക്കാം. അയോഡൈസ്ഡ് ഉപ്പ്. ചില മത്സ്യങ്ങള്‍ എന്നിവയില്‍ അയോഡിന്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.
Content Highlights :Foods that worsen thyroid symptoms