
കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിന് മുന്നിൽ 189 റൺസ് വിജയലക്ഷ്യം ഉയർത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊച്ചി നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് അടിച്ചുകൂട്ടി. തുടർച്ചയായ രണ്ടാം മത്സരത്തിലും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച സൂപ്പർ താരം സഞ്ജു സാംസണിന്റെ അർധ സെഞ്ച്വറിയാണ് കൊച്ചിക്ക് കരുത്തായത്. 46 പന്തുകൾ നേരിട്ട സഞ്ജു 89 റൺസെടുത്ത് പുറത്തായി. ഒൻപതു സിക്സുകളും നാലു ഫോറുകളുമാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നത്.
മത്സരത്തിൽ ടോസ് നേടിയ തൃശൂർ ടൈറ്റൻസ് കൊച്ചിയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. കൊച്ചിക്ക് സഞ്ജു മികച്ച തുടക്കം നൽകിയെങ്കിലും പിന്തുണ നൽകാൻ മറുവശത്ത് ആരുമുണ്ടായിരുന്നില്ല. പതിനെട്ടാം ഓവറിലെ രണ്ടാം പന്തില്‍ സഞ്ജുവിനെ അജിനാസാണ് കൂടാരം കയറ്റിയത്. സഞ്ജു പുറത്തായതിന് പിന്നാലെ 18–ാം ഓവറിൽ തന്നെ പിഎസ് ജെറിനെയും ആഷിഖിനെയും പുറത്താക്കിയ അജിനാസ് കെസിഎല്ലിലെ ആദ്യ ഹാട്രിക് വിക്കറ്റ് സ്വന്തമാക്കി. സഞ്ജുവിന് പുറമെ ആല്‍ഫി ഫ്രാന്‍സിസ് (13 പന്തില്‍ 22*), മുഹമ്മദ് ഷാനു (24), നിഖില്‍ തോട്ടത്ത് (18), സാലി സാംസൺ(16) എന്നിവരാണ് കൊച്ചിയുടെ മറ്റ് പ്രധാന സ്കോറര്‍മാര്‍.
അതേസമയം തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഓപ്പണറായി ഇറങ്ങി മിന്നിക്കുകയാണ് സഞ്ജു. സീസണിലെ ആദ്യ മത്സരത്തില്‍ തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും കൊല്ലം സെയ്‌ലേഴ്‌സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ സഞ്ജു നിര്‍ണായക സെഞ്ച്വറി നേടിയിരുന്നു. കൊല്ലത്തിനെതിരെ 51 പന്തില്‍ 121 റണ്‍സെടുത്തു. ഏഴ് സിക്‌സറുകളും 14 ബൗണ്ടറികളുമാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.
Content Highlights: Sanju Samson Back To Back best Performance in KCL