
ഫ്രാനോ സെലാക്ക് എന്ന മനുഷ്യന്റെ കഥ നമ്മെ എല്ലാവരേയും അമ്പരപ്പിക്കും. ഒരു മനുഷ്യന് ഇത്രയധികം ദുരന്തങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമോ എന്ന് തോന്നി പോകുന്നത് പോലെയാണ് അദ്ദേഹത്തിന്റെ ജീവിതം. മരണത്തിന് മുന്‍പ് അദ്ദേഹം അതിജീവിച്ചത് അത്രയധികം അപകടങ്ങളാണ്. ചിലര്‍ക്കൊക്കെ ഫ്രാനോയുടെ ജീവിതത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ അയാള്‍ ഭാഗ്യവാനെന്ന് തോന്നും മറ്റ് ചിലര്‍ക്ക് മരണവും ജീവിതവുമായുളള ഏറ്റുമുട്ടലുകള്‍ നിരന്തരം അഭിമുഖീകരിച്ചിരുന്ന ഒരാളായി തോന്നാം.
ഒരു ക്രൊയേഷ്യന്‍ സംഗീത അധ്യാപകനായിരുന്നു ഫ്രാനോ സെലാക്ക്. 1962 ല്‍ നടന്ന ഒരു ട്രെയിന്‍ അപകടത്തില്‍ നിന്നാണ് ഈ മനുഷ്യന്‍ നേരിട്ട ദുരന്തങ്ങളുടെയെല്ലാം ഉത്ഭവം. അപകടം നടന്ന ദിവസം ഒരു മലയിടുക്കിലൂടെ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു ഇദ്ദേഹം. യാത്രയ്ക്കിടയില്‍ ട്രെയിന്‍ പെട്ടെന്ന് പാളം തെറ്റി നദിയിലേക്ക് വീണു. ആ അപകടത്തില്‍ 17 പേര്‍ മുങ്ങി മരിച്ചു. ഫ്രാനോ എങ്ങനെയോ അത്ഭുതകരമായി നീന്തി രക്ഷപെടുകയായിരുന്നു.
കൃത്യം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ 1963 ല്‍ സാഗ്രെബില്‍ നിന്ന് റിജേക്കയിലേക്കുള്ള വിമാനയാത്രയ്ക്കിടയില്‍ വിമാനത്തിന്റെ വാതില്‍ പൊട്ടിത്തെറിച്ച് തുറക്കുകയും ഫ്രാനോ വിമാനത്തില്‍നിന്നും തെറിച്ച് വീഴുകയും ചെയ്തു. അത്ഭുതകരമെന്ന് പറയട്ടെ അദ്ദേഹം വന്ന് വീണത് ഒരു വയ്‌ക്കോല്‍ കൂനയ്ക്ക് മുകളിലാണ്. വിമാനം തകര്‍ന്ന് വീഴുകയും ചെയ്തിരുന്നു. ആ വിമാന അപകടത്തില്‍ 19 പേരാണ് മരിച്ചത്.
അടുത്ത ദുരന്തം ബസ് അപകടത്തിന്റെ രൂപത്തിലായിരുന്നു ഫ്രാനോയെ തേടിയെത്തിയത്. 1966 ല്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന ഒരു ബസ് റോഡില്‍നിന്ന് ഒരു നദിയിലേക്ക് തെന്നിമാറി. നാല് പേര്‍ മുങ്ങി മരിച്ച ആ അപകടത്തില്‍നിന്ന് ഫ്രാനോ വീണ്ടും പരിക്കേല്‍ക്കാതെ നീന്തി കരയിലെത്തി. അടുത്തതായി നടന്നത് കാറപകടമാണ്. അതും ഒന്നല്ല രണ്ട് തവണ. 1970 ല്‍ വാഹനമോടിക്കുന്നതിനിടെ ഫ്രാനോയുടെ കാറിന്റെ എഞ്ചിന് തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. പക്ഷേ കൃത്യസമയത്ത് ഇയാള്‍ രക്ഷപെട്ടു. അടുത്ത കാര്‍ അപകടം നടന്നത് 1773 ല്‍ ആയിരുന്നു. ഇത്തവണ അദ്ദേഹത്തിന്റെ മറ്റൊരു കാറിനാണ് തീപിടിച്ചത്. അത്തവണ എയര്‍ വെന്റുകളിലൂടെ അദ്ദേഹത്തിന്റെ മുടിക്ക് തീപിടിച്ചെങ്കിലും പക്ഷേ അത്ഭുതകരമായി രക്ഷപെടുകയും ചെയ്തു.
ദുരന്തങ്ങള്‍ അവിടംകൊണ്ടൊന്നും കഴിഞ്ഞില്ല. 1995ല്‍ ഒരു ബസ് ഫ്രാനോയെ ഇടിച്ചു. പക്ഷേ തെറിച്ച് വീണ ഫ്രാനോ വളരെ കൂളായി എഴുന്നേറ്റ് നടന്നുപോകുകയായിരുന്നുവത്രേ. 1996 ല്‍ വീണ്ടും ഒരു കാര്‍ അപകടം ഉണ്ടാവുകയും കാര്‍ ഓടിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരു ട്രക്കിന് മുന്നില്‍ നിന്ന് രക്ഷപെടാന്‍ കാറ് വെട്ടിച്ചപ്പോള്‍ ഫ്രാനോ കാറില്‍നിന്ന് തെറിച്ച് വീണു. 300 അടി താഴ്ചയിലേക്ക് കാര്‍ മറിഞ്ഞു.
ദുരന്തങ്ങളെ അതിജീവിച്ച ഭാഗ്യവാന് ലോട്ടറിയുടെ രൂപത്തിലെത്തിയത് മഹാഭാഗ്യം
ഇത്രയധികം ദുരന്തങ്ങളില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ട ഇദ്ദേഹം തീര്‍ച്ചയായും ഭാഗ്യവാനാണെന്ന് പറയാതെ വയ്യ. അങ്ങനെയെങ്കില്‍ ഭാഗ്യവാന്‍ ഒരു ലോട്ടറി എടുത്താലോ? എന്നാല്‍ കേട്ടോളൂ 2003 ല്‍ തന്റെ 73- ാം വയസില്‍ ഫ്രാനോ സെലാക്കിന് ലോട്ടറി അടിച്ചു. 600,000 പൗണ്ട് അതായത് ആറ് കോടിയിലധികം പണം. പിന്നീട് അദ്ദേഹം ഒരു ആഡംബര വീട് വാങ്ങുകയും തന്റെ അഞ്ചാമത്തെ ഭാര്യയോടൊപ്പം ശാന്തമായ ജീവിതം നയിക്കുകയും ചെയ്തു. 2016 ല്‍ തന്റെ 87ാം വയസില്‍ ഫ്രാനോ സെലാക്ക് അന്തരിച്ചു.
Content Highlights :He survived a plane crash, a bus crash, a train crash, a car crash, and everything in between. The story of a lucky man who finally won the lottery