ഒരു വര്‍ഷം 13 ലക്ഷം; കുട്ടികളെ വളര്‍ത്താനുള്ള ചെലവിനെ കുറിച്ചുള്ള യുവാവിന്റെ പോസ്റ്റ് ചര്‍ച്ചയാകുന്നു

വരുമാനത്തിന്റെ 30 ശതമാനം കുട്ടികളെ വളര്‍ത്തുന്നതിന് വേണ്ടി ചെലവാക്കുകയാണെന്ന് കണക്കാക്കിയാല്‍ 43-44 ലക്ഷം രൂപ വരുമാനം വേണ്ടിവരും.

dot image

കുട്ടികള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നുള്ളതാണ് ഏതൊരു രക്ഷിതാവിന്റെയും സ്വപ്‌നം. എന്നാല്‍ വിദ്യാഭ്യാസത്തിന് മാത്രമല്ല, പാഠേത്യര കലാ-കായിക പഠനങ്ങള്‍ക്കായും വലിയ തുക മുടക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത്. രക്ഷിതാക്കള്‍ക്കാകട്ടെ അതിനുള്ള ശമ്പളവുമില്ല. എങ്കിലും തങ്ങളാല്‍ കഴിയുന്ന വിധം കുട്ടിക്ക് ഏറ്റവും മികച്ച എല്ലാം നല്‍കാനുള്ള ഓട്ടത്തിലുമാണ് ഭൂരിഭാഗം രക്ഷിതാക്കളും. കുട്ടികളെ വളര്‍ത്തുന്നത് എത്രത്തോളം ചെലവേറിയതാണെന്ന് സ്‌കൂള്‍ ഫീസിന്റെയും മറ്റും കണക്കുകളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യുകയാണ് മുംബൈ സ്വദേശിയായ അങ്കുര്‍ ഝവേരി എന്ന യുവാവ്. അങ്കുര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് വലിയ ചര്‍ച്ചകളിലേക്കാണ് വഴിതുറന്നിരിക്കുന്നത്. ഇന്റര്‍നാഷ്ണല്‍ സ്‌കൂളില്‍ പഠിപ്പിക്കുന്ന തന്റെ സഹോദരനുമായി സംസാരിക്കവേയാണ് സ്‌കൂള്‍ വിദ്യാഭ്യാസം ഇത്രയേറെ ചെലവേറിയതാണെന്ന ബോധ്യം തനിക്കുണ്ടായതെന്ന് യുവാവ് പറയുന്നു.

എന്റെ കസിനെ കഴിഞ്ഞ ആഴ്ചയില്‍ കാണുന്നത് വരെ ഇന്ത്യയില്‍ കുട്ടികളെ വളര്‍ത്തുന്നതിനുള്ള ചെലവ് യഥാര്‍ഥത്തില്‍ നസ്സിലാക്കിയിരുന്നില്ലെന്ന് യുവാവ് പറയുന്നു. ഒരു പ്രശസ്തമായ ഇന്റര്‍നാഷ്ണല്‍ സ്‌കൂളിലാണ് നിങ്ങള്‍ കുട്ടിയെ പഠിപ്പിക്കുന്നതെങ്കില്‍ സ്‌കൂള്‍ ട്യൂഷന്‍ ഫീസ് ആയി മാത്രം 7 മുതല്‍ 9 ലക്ഷം വരെ അടയ്‌ക്കേണ്ടി വരുന്നു. എന്നാല്‍ ഈ ചെലവ് ഒരു തുടക്കം മാത്രമാണ്. ഇതിനുപുറമേയാണ് യൂണിഫോം, പുസ്തകങ്ങള്‍, സ്വകാര്യ ട്യൂഷന്‍ എന്നിവയ്ക്കുള്ള ചെലവ്. ഇത് ഏകദേശം 2 മുതല്‍ 4 ലക്ഷം വരെ ചെലവുവരുന്നതാണ്. ചുരുക്കത്തില്‍ വര്‍ഷം 12 ലക്ഷം രൂപ വേണം.

ഇതിനെല്ലാം പുറമേയാണ് പഠേത്യര പരിശീലനങ്ങള്‍ക്കായി കുട്ടിയെ വിടുമ്പോള്‍ നല്‍കേണ്ടി വരുന്ന ചെലവ്. പുറമേ, വസ്ത്രം, പിറന്നാളാഘോഷം തുടങ്ങിയ ചെലവുകള്‍ വേറെ. അതിനായി മാസം 8000 രൂപ മുതല്‍ 10,000 രൂപ വരെ വേണം. വര്‍ഷം ഒരു ലക്ഷം രൂപയുടെ അടുത്ത്. അതായത് വരുമാനത്തിന്റെ 30 ശതമാനം കുട്ടികളെ വളര്‍ത്തുന്നതിന് വേണ്ടി ചെലവാക്കുകയാണെന്ന് കണക്കാക്കിയാല്‍ 43-44 ലക്ഷം രൂപ വരുമാനം വേണ്ടിവരും.

കഴിഞ്ഞിട്ടില്ല, തമാശ മറ്റൊന്നാണ്. നിങ്ങളുടെ ശമ്പളത്തിന്റെ 20 ശതമാനം വരുമാന നികുതിയായി നല്‍കേണ്ടതുണ്ട്. അതായത് ഈ ജീവിതശൈലിയില്‍ മുന്നോട്ടുപോകണമെങ്കില്‍ നിങ്ങള്‍ക്ക് ഗ്രോസ് സാലറി 55 ലക്ഷം രൂപ വേണ്ടി വരും. ഇതെല്ലാം ഒരു കുട്ടിയാണെങ്കിലുള്ള കാര്യമാണെന്നും കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് ചെലവും വര്‍ധിക്കുമെന്നും യുവാവ്് കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്താണ് ആളുകള്‍ കുട്ടികള്‍ വേണ്ടെന്ന തീരുമാനമെടുക്കുന്നതെന്ന് ഒരിക്കല്‍ താന്‍ അത്ഭുതപ്പെട്ടിട്ടുണ്ടെന്നും ഇപ്പോള്‍ അതെന്താണെന്ന് മനസ്സിലായെന്നും യുവാവ് പറയുന്നു. തനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാന്തതില്‍ നടത്തിയ കണക്കുകൂട്ടലാണ് ഇതെന്നും യഥാര്‍ഥ ചെലവ് രക്ഷിതാക്കള്‍ തന്നെ പറയൂവെന്നും അങ്കുര്‍ പറയുന്നുണ്ട്.]

അങ്കുറിന്റെ പോസ്റ്റ് ചര്‍ച്ചയായതോടെ നിരവധി പേരാണ് പ്രതികരണവുമായെത്തിയത്. പ്രമുഖ സ്‌കൂളുകളില്‍ അല്ലെങ്കില്‍ പ്രീമിയം സ്‌കൂളുകളില്‍ ചേര്‍ക്കുന്നത് കൊണ്ടാണ് ഇത്തരത്തില്‍ ചെലവുവരുന്നതെന്നും ഐസിഎസ്ഇ സ്‌കൂളുകളിലാണെങ്കില്‍ ഇത്രയേറെ ചെലവില്ലെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രീമിയം സ്‌കൂളുകള്‍ തിരഞ്ഞുപോകുന്നവര്‍ക്കാണ് ഇത്രയേറെ ചെലവ് വരുന്നതെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ വിദ്യാഭ്യാസം ചെലവേറിയ പ്രക്രിയായി മാറിക്കഴിഞ്ഞു എന്നുള്ളത് ഒരു സത്യമാണെന്നും പലരും പറയുന്നു. ചിലര്‍ ഇത് ഇന്നത്തെ കാര്യമാണ് ഭാവിയില്‍ കുട്ടികളുടെ ഉപരിപഠനത്തിന് എത്ര ചെലവുവരുമെന്ന ആശങ്കപ്പെടുന്നുണ്ട്.

ഇന്ത്യയെപ്പോലെ ജനസംഖ്യ വളരെ കൂടുതലും തൊഴിലില്ലായ്മ ഉയര്‍ന്ന നിരക്കിലുള്ളതുമായ ഒരു രാജ്യത്ത് ഉന്നതജോലിക്കാര്‍ക്ക് പോലും വീട് ഒരു സ്വപ്‌നവും കുട്ടികളുടെ വിദ്യാഭ്യാസം ഒരു കുരുക്കായും മാറുകയാണ്. എന്നാല്‍ മത്സരാധിഷ്ഠിതമായ ഇക്കാലത്ത് കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാനായില്ലെങ്കില്‍ തങ്ങളെ പോലെ അവരും പിന്നിലായി പോകുമോ എന്നതും പല രക്ഷിതാക്കളെയും അലട്ടുന്നുണ്ട്. അതുകൊണ്ടാണ് കടംവാങ്ങിയും കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാന്‍ പലരും മുതിരുന്നത്.

Content Highlights:Raising a Child in India: A Rs 13 Lakh Yearly Burden

dot image
To advertise here,contact us
dot image