

ന്യൂഡൽഹി: കേന്ദ്ര സർക്കാർ സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതിന് പിന്നാലെ രാജ്യത്ത് സ്വർണ്ണക്കടത്ത് വൻതോതിൽ ഉയരുന്നതായി റിപ്പോർട്ടുകൾ. അനധികൃത മാർഗ്ഗങ്ങളിലൂടെ രാജ്യത്തേക്ക് കടത്തുന്ന സ്വർണ്ണം, നിയമപരമായ വിപണി നിരക്കിനേക്കാൾ കിലോയ്ക്ക് 8 മുതൽ 10 ലക്ഷം രൂപ വരെ കുറച്ചാണ് അനധികൃതമായ മാർഗ്ഗങ്ങളിലൂടെ വിറ്റഴിക്കുന്നത്. ഇത് ഔദ്യോഗിക സ്വർണ്ണ വിപണിയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി ബിസിനസ്സ് മാധ്യമമായ 'ഇക്കണോമിക് ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു.
ഇറക്കുമതി തീരുവ 15 ശതമാനവും ജി.എസ്.ടി 3 ശതമാനവും ചേരുന്നതോടെ നിലവിൽ ഇന്ത്യയിൽ ഒരു കിലോ സ്വർണ്ണം നിയമപരമായി എത്തിക്കാനുള്ള ആകെ ചിലവ് (Landed Cost) ഏകദേശം 1.65 കോടി രൂപയാണ്. ഇതിൽ സ്വർണ്ണത്തിന്റെ യഥാർത്ഥ വില 1.40 കോടി രൂപയും ബാക്കി 25 ലക്ഷം രൂപ സർക്കാരിലേക്ക് അടയ്‌ക്കേണ്ട നികുതിയുമാണ്.
നികുതി വെട്ടിച്ച് സ്വർണ്ണം രാജ്യത്ത് എത്തിക്കുമ്പോൾ കടത്തുകാർക്ക് ഒറ്റയടിക്ക് കിലോയ്ക്ക് 25 ലക്ഷം രൂപയുടെ ലാഭമാണ് ഉണ്ടാകുന്നത്. ഈ ലാഭത്തിൽ നിന്നാണ് കിലോയ്ക്ക് 8 മുതൽ 9 ലക്ഷം രൂപ വരെ കിഴിവ് നൽകി ഇവർ ജ്വല്ലറികൾക്കും മറ്റ് ഡീലർമാർക്കും സ്വർണ്ണം വിൽക്കുന്നത്. അതായത് അവസാനം കിലോയ്ക്ക് 16 ലക്ഷം രൂപയോളം ലാഭം കിട്ടുന്നതാണ് കള്ളക്കടത്ത് സംഘങ്ങളെ ഇതിലേക്ക് ആകർഷിക്കുന്നത്.
ഇത്തരത്തിൽ എത്തുന്ന സ്വർണ്ണത്തിൽ ഭൂരിഭാഗവും മിഡിൽ ഈസ്റ്റിൽ നിന്നാണ് വരുന്നത്. കഴിഞ്ഞ ആഴ്ചയും മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദുബായിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി 4.19 കോടി രൂപയുടെ കള്ളക്കടത്ത് സ്വർണ്ണം കസ്റ്റംസ് പിടികൂടിയിരുന്നു. ഗൾഫ് രാജ്യങ്ങൾക്ക് പുറമെ ബംഗ്ലാദേശ്, നേപ്പാൾ അതിർത്തികൾ വഴിയും ഇന്ത്യയിലേക്ക് സ്വർണ്ണം ഒഴുകുന്നുണ്ട്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ഈ അനധികൃത കച്ചവടം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്.
നികുതി വർദ്ധനവ് സ്വർണ്ണക്കടത്ത് കൂട്ടുമെന്നതിന് മുൻകാല ചരിത്രവുമുണ്ടെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ ചൂണ്ടിക്കാണിക്കുന്നു. 2013-ൽ ഇറക്കുമതി തീരുവ 4 ശതമാനം വർദ്ധിപ്പിച്ചപ്പോൾ, തൊട്ടടുത്ത വർഷം സ്വർണ്ണക്കടത്ത് ഏഴിരട്ടിയാണ് വർദ്ധിച്ചത്. 2013-ന്റെ ആദ്യ പാദത്തിൽ 10 ടൺ ആയിരുന്ന കള്ളക്കടത്ത് സ്വർണ്ണം 2014-ന്റെ ആദ്യ പാദമായപ്പോഴേക്കും 70 ടൺ ആയി ഉയർന്നു. തുടർന്ന് 2019 വരെ നികുതി 10 ശതമാനത്തിൽ മാറ്റമില്ലാതെ തുടർന്നപ്പോഴും പ്രതിവർഷം ശരാശരി 34 ടൺ സ്വർണ്ണം വീതം അനധികൃതമായി ഇന്ത്യയിലേക്ക് എത്തിയിരുന്നു.
ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്നും 15 ശതമാനത്തിലേക്ക് കേന്ദ്ര സർക്കാർ ഉയർത്തിയിട്ട് ഏതാനും ആഴ്ചകൾ മാത്രമേ ആയിട്ടുള്ളൂ എന്നതിനാൽ ഈ സാമ്പത്തിക വർഷത്തെ കള്ളക്കടത്തിന്റെ യഥാർത്ഥ വ്യാപ്തി എത്രത്തോളമാണെന്ന് കൃത്യമായി വിലയിരുത്താൻ ഇനിയും സമയമെടുക്കുമെന്നാണ് വിപണി വിദഗ്ധർ പറയുന്നത്. എങ്കിലും നികുതി വർദ്ധനവ് കള്ളക്കടത്തുകാർക്ക് വലിയ പ്രോത്സാഹനമാണ് നൽകിയിരിക്കുന്നത് എന്ന് വിപണി നിരീക്ഷകർ വ്യക്തമാക്കുന്നു.
Content Highlights: Gold smuggling is reportedly on the rise, with estimates suggesting that illegally transporting one kilogram of gold can generate profits of up to ₹25 lakh. The trend is linked to price differences, taxes, and import-related costs, which can create incentives for illegal trade despite stricter enforcement measures.