

ഐപിഎല്ലിലെ തുടർച്ചയായ രണ്ടാം മത്സരത്തിലെ ജയത്തിന് പിന്നാലെ പഞ്ചാബ് കിംഗ്‌സിന് ബിസിസിഐയുടെ വക എട്ടിന്റെ പണി. ചെന്നൈ സൂപ്പർ കിങ്സിന് എതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്ക് ചൂണ്ടിക്കാട്ടി ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും ടീമിലെ മറ്റ് അംഗങ്ങൾക്കും കനത്ത പിഴ ചുമത്തിയിരിക്കുകയാണ് ഇപ്പോൾ ബിസിസിഐ. ഗുജറാത്ത് ടൈറ്റൻസിനെതിരായ ആദ്യ മത്സരത്തിന് പിന്നാലെയും ഇതേ കാരണം ചൂണ്ടിക്കാട്ടി ബിസിസിഐ പിഴ ശിക്ഷ ചുമത്തിയിരുന്നു.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കുറഞ്ഞ ഓവര്‍ നിരക്കിന് ശിക്ഷിക്കപ്പെട്ടതോടെ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് 24 ലക്ഷം രൂപയാണ് പിഴയായി നിലവിൽ ചുമത്തപ്പെട്ടത്. ഗുജറാത്തിരെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്ക് സീസണിലെ ആദ്യ കുറ്റമായതിനാല്‍ 12 ലക്ഷം രൂപ പിഴയൊടുക്കലായിരുന്നു പിബികെഎസിന് ശിക്ഷയായി ലഭിച്ചത്. രണ്ടാം മത്സരത്തിലും കുറ്റം ആവര്‍ത്തിക്കപ്പെട്ടതോടെ ശ്രേയസിന് പിഴത്തുക ഇരട്ടിയായി. അതോടെ മറ്റ് ടീം അംഗങ്ങൾ 6 ലക്ഷം രൂപയോ അല്ലെങ്കിൽ മാച്ച് ഫീയുടെ 25 ശതമാനമോ പിഴയായി നൽകാനും അച്ചടക്ക സമിതി വിധിച്ചു.
ഇന്ത്യൻ പ്രീമിയർ ലീഗ് പെരുമാറ്റച്ചട്ടം അനുസരിച്ച്, ഒരു ടീം നിശ്ചിത സമയത്തിനുള്ളിൽ ഓവറുകൾ പൂർത്തിയാക്കിയില്ലെങ്കിൽ ആദ്യ തവണ നായകന് മാത്രം പിഴ ശിക്ഷ. 12 ലക്ഷം രൂപയായിരിക്കും പിഴയായി ചുമത്തുന്നത്. വീണ്ടും തെറ്റ് ആവര്‍ത്തിക്കുകയാണെങ്കിൽ നായകന് 24 ലക്ഷം രൂപ പിഴയും ടീമിലെ ഇംപാക്ട് പ്ലെയേർസ് അടക്കമുള്ള മാറ്റ് 11 അംഗങ്ങൾക്കും 6 ലക്ഷം രൂപയോ മാച്ച് ഫീയുടെ 25% ശതമാനമോ പിഴയായി ചുമത്തും. മൂന്നാം തവണയും തെറ്റ് ആവര്‍ത്തിച്ചാല്‍ നായകന് 30 ലക്ഷം രൂപ പിഴയും ഒരു മത്സരത്തിൽ വിലക്കുമായിരിക്കും ശിക്ഷയായി ലഭിക്കുക. 12 ലക്ഷം രൂപയോ മാച്ച് ഫീയുടെ 50% ശതമാനമോ പിഴയായി ടീമിലെ മറ്റ് അംഗങ്ങൾ നൽകേണ്ടതായും വരും.
ചെന്നൈ ഇന്നിംഗ്സില്‍ നിശ്ചിത സമയത്ത് പഞ്ചാബ് രണ്ടോവര്‍ കുറച്ചാണ് പന്തെറിഞ്ഞിരുന്നത്. ഇതോടെ അവസാന രണ്ടോവറില്‍ നാലു ഫീല്‍ഡര്‍മാരെ മാത്രമെ ബൗണ്ടറിയില്‍ നിയോഗിക്കാന്‍ പഞ്ചാബിനായുള്ളു. എങ്കിലും ഇത് മുതലെടുക്കാന്‍ ചെന്നൈക്കായില്ല. മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഉയർത്തിയ 210 റൺസ് വിജയലക്ഷ്യം 8 പന്തുകൾ ബാക്കി നിൽക്കെയാണ് പഞ്ചാബ് മറികടന്നത്. ചെന്നൈക്കെതിരായ വിജയം ആഘോഷിക്കുമ്പോഴും അടുത്ത മത്സരത്തിൽ കൂടുതൽ ജാഗ്രത പാലിച്ചില്ലെങ്കിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് വിലക്ക് നേരിടേണ്ടി വരുമെന്നത് പഞ്ചാബ് ക്യാമ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്.
Content highlight: BCCI imposed massive penalty on Shreyas Iyer and Punjab Kings