

കോട്ടയം: കോൺഗ്രസ്-ബിജെപി ഡീൽ മറച്ചുവെയ്ക്കാനാണ് സിപിഐഎം-ബിജെപി ഡീൽ ആരോപിക്കപ്പെടുന്നത് എന്ന് സിപിഐഎം അഖിലേന്ത്യ സെക്രട്ടറി എം എ ബേബി. ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ഉറച്ചുനിൽക്കുക എന്നുള്ളതാണ് ഇടതുപക്ഷത്തിന്റെ നിലപാട് എന്നും പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി സിപിഐഎം പ്രവർത്തിക്കുകയാണ് എന്നും എം എ ബേബി പറഞ്ഞു.
ന്യൂനപക്ഷങ്ങൾക്ക് വേണ്ടി എന്നും പ്രവർത്തിച്ചത് ഇടതുപക്ഷമാണെന്നും എം എ ബേബി പറഞ്ഞു. മുസ്ലിം ലീഗിനെ മന്ത്രിസഭയിലേക്ക് എത്തിക്കാൻ ഇടപെട്ടത് ഇഎംഎസ് ആണ്. യുഡിഎഫ് തങ്ങളാണ് യഥാർത്ഥ ഇടതുപക്ഷം എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധേയമാണ്. കേരളത്തിൽ ഇടതുപക്ഷം നല്ലതാണ് ചെയ്തത് എന്നാണ് അവർ പറയുന്നത്. ഇത്തരം അവകാശവാദങ്ങളല്ല ഇവരുടെ നയങ്ങളാണ് പരിശോധിക്കപ്പെടേണ്ടത് എന്നും ബേബി പറഞ്ഞു. ഉദാരവത്കരണ ആഗോളവത്കരണ സാമ്പത്തിക നയങ്ങൾ കോൺഗ്രസിന്റേതും ബിജെപിയുടേതും ഒന്നുതന്നെയെന്നും
ഇലക്ട്രൽ ബോണ്ട് ബിജെപിയെ പോലെത്തന്നെ കോൺഗ്രസും പങ്കുപറ്റുന്നുവെന്നും ബേബി വിമർശിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം നൂറ് സീറ്റിനു മുകളിൽ നേടുമെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സെഞ്ചുറി അടിച്ചില്ല എന്ന സങ്കടം ഈ തെരഞ്ഞെടുപ്പിൽ തീരുമെന്നും ബേബി അവകാശപ്പെട്ടു. പിന്നാലെ സ്വർണക്കൊള്ളയിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനം അഴിച്ചുവിട്ടു. സ്വർണ്ണക്കൊള്ളയിലെ പ്രധാന രണ്ടുപ്രതികളാണ് സോണിയ ഗാന്ധിയെ സന്ദർശിച്ചത്. അത്ര പെട്ടെന്ന് കടന്നു ചെല്ലാൻ കഴിയാത്ത സ്ഥലത്ത് ഒന്നിലധികം തവണയാണ് പ്രതികൾ കടന്നുചെന്നത്. വിഷയത്തിൽ സോണിയാഗാന്ധിക്ക് ബന്ധമുണ്ടാകും എന്ന് ഞങ്ങൾ കരുതുന്നില്ല. പക്ഷേ കൂടിക്കാഴ്ചയിൽ ദുരൂഹതകളുണ്ട് എന്നും അത് വിശദീകരിക്കണമെന്നും എം എ ബേബി ആവശ്യപ്പെട്ടു. പത്മകുമാറിനെ അറസ്റ്റ് ചെയ്തത് ചുമതലയിൽ വീഴ്ച വരുത്തി എന്ന് കാണിച്ചാണ്. അത് മാത്രമാണോ തെറ്റ് എന്ന് വ്യക്തത വരണം. തെറ്റ് ചെയ്തെന്ന് കണ്ടെത്തിയാൽ പാർട്ടി അവരെ ചെവിയിൽ പിടിച്ച പുറത്തുകളയും. ഇതിനുമുമ്പും അത് ചെയ്തിട്ടുണ്ട്. സഭ നിർത്തിവെച്ച് സ്വർണ്ണക്കൊള്ള ചർച്ചചെയ്യാൻ ഞങ്ങൾ തയ്യാറാണ് എന്നും എന്നാൽ പ്രതിപക്ഷം തയ്യാറായില്ല എന്നും എം എ ബേബി കുറ്റപ്പെടുത്തി.
എസ്ഡിപിഐയുമായി കോൺഗ്രസിനാണ് ഡീൽ എന്നും എം എ ബേബി ആരോപിച്ചു. കാസർകോട് എസ്ഡിപിഐ സ്ഥാനാർഥിയെ പിൻവലിക്കാൻ പറഞ്ഞത് യുഡിഎഫ് ആണ്. ഇത് ഒരു കോൺഗ്രസ് നേതാക്കളോടും ആരും ചോദിക്കുന്നില്ല. ഓഡിറ്റ് ചെയ്യപ്പെടേണ്ടത് സിപിഐഎമ്മും സിപിഐഎം നേതാക്കളുമാണെന്ന് മാധ്യമങ്ങൾ പറയുകയാണ്.അതൊരു അംഗീകാരമായി കരുതുകയാണെന്നും എം എ ബേബി പറഞ്ഞു.
വോട്ട് ചെയ്യുന്നത് ഓരോരുത്തരുടെയും അവകാശമാണ് എന്നും സ്വഭാവ സർട്ടിഫിക്കറ്റ് നോക്കി വോട്ട് ചെയ്യുന്നവരെ കടത്തിവിടാൻ കഴിയുമോ എന്നും ബേബി ചോദിച്ചു. സിപിഐഎമ്മും എൽഡിഎഫും എസ്ഡിപിഐയോട് വോട്ട് അഭ്യർത്ഥിച്ചില്ലെന്നും ഒരു ചർച്ചയും നടത്തിയിട്ടില്ല എന്നും ബേബി പറഞ്ഞു.
പേരാമ്പ്രയിലെ അനൗൺസ്‌മെന്റ് വിവാദത്തിലും എം എ ബേബി പ്രതികരിച്ചു. സംഭവം പരിശോധിച്ച് തെറ്റുപറ്റിയെങ്കിൽ തിരുത്താനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും സ്ഥാനാർത്ഥിയുടെ അറിവോടെ ഒന്നും സംഭവിച്ചിട്ടില്ല എന്നുമാണ് ബേബി പ്രതികരിച്ചത്. ഫാത്തിമ തഹ്‌ലിയക്കെതിരായ പരാതി നിയമപരമായി മുന്നോട്ടു പോകട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Content Highlights: CPI(M) national leader M. A. Baby has responded to allegations of a CPI(M)-BJP deal, stating that such claims are being raised to conceal an alleged Congress-BJP understanding. He emphasized that the Left’s political stance is firmly rooted in protecting minority communities and safeguarding the rights of backward sections, asserting that CPI(M) continues to work towards social justice.