

തലമുടി നരയ്ക്കണമെങ്കില്‍ പ്രായമാകണമെന്നില്ല. ഇന്നത്തെ ചെറുപ്പക്കാര്‍ക്കിടയില്‍ മുടി നരയ്ക്കുന്നത് സാധാരണമായ കാര്യമായി മാറിക്കഴിഞ്ഞു. അകാല നരയ്ക്ക് കാരണങ്ങള്‍ പലതാണ്. സമീപ കാലത്ത് മുടി നരയ്ക്കുന്ന യുവാക്കളുടെ എണ്ണത്തില്‍ വലിയ രീതിയില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
പിഗ്മെന്റുകള്‍ (മെലനോസൈറ്റുകള്‍) ഉത്പാദിപ്പിക്കുന്ന കോശങ്ങള്‍ മെലാനില്‍ ഉത്പാദനം കുറയ്ക്കുകയോ നിര്‍ത്തുകയോ ചെയ്യുമ്പോഴാണ് മുടി നരയ്ക്കുന്നത്. ജനിതകകാരണങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ അതിനെ മാത്രം കാരണമായി കണക്കാക്കാനാവില്ല.

സമ്മര്‍ദ്ദം
കൗമാര പ്രായത്തില്‍ പലര്‍ക്കുമുണ്ടാകുന്ന വിട്ടുമാറാത്ത സമ്മര്‍ദ്ദം മുടി നരയ്ക്കലിന് പിന്നിലെ ഒരു കാരണമാണ്. പഠനത്തിലെ സമ്മര്‍ദ്ദം, കരിയറുമായി ബന്ധപ്പെട്ടുള്ളത്, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, തുടര്‍ച്ചയായ സ്‌ക്രീന്‍ സമയം ഇവയെല്ലാം ശരീരത്തെ പ്രതികൂലമായി ബാധിക്കും. ദീര്‍ഘകാല സമ്മര്‍ദ്ദം മെലനോസൈറ്റ് സ്‌റ്റെം സെല്ലുകളുടെ നഷ്ടം വേഗത്തിലാക്കുകയും അകാല നരയ്ക്ക് കാരണമാകുകയും ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ സമ്മര്‍ദ്ദം മനസിനെ മാത്രമല്ല ശരീരത്തെയും ബാധിക്കുന്നു എന്നര്‍ഥം.
പോഷകാഹാരവും ജീവിതശൈലിയും
ശരിയായ ഭക്ഷണക്രമം, പതിവായി കഴിക്കുന്ന ഭക്ഷണത്തിന്റെ അഭാവം, വിറ്റാമിന്‍ ബി-12, അയണ്‍, പ്രോട്ടീന്‍ തുടങ്ങിയ പോഷകാഹാരങ്ങളുടെ കുറവ് ഇവയൊക്കെ മെലാനില്‍ ഉത്പാദനത്തെ തടസ്സപ്പെടുത്തിയേക്കാം. ഫാസ്റ്റ് ഫുഡ് പോലെയുള്ള ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്നത് രോമകൂപങ്ങള്‍ക്ക് പിഗ്മെന്റേഷന്‍ നിലനിര്‍ത്താന്‍ ആവശ്യമായ പോഷണം ലഭിക്കുന്നത് തടയുന്നു. ഇതോടൊപ്പം പുകവലി, ഉറക്കക്കുറവ്, കഫീന്റെ അമിതമായ ഉപയോഗം എന്നിവയിലൂടെയും ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇതൊക്കെയാണ് മുടി വേഗത്തില്‍ നരയ്ക്കാന്‍ കാരണം.

പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ട സമ്പര്‍ക്കങ്ങളും മനുഷ്യന്റെ രോമകൂപങ്ങളെ ദുര്‍ബലപ്പെടുത്തുകയും ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തിലേക്ക് നയിക്കുകയും ചെയ്യും. ഇത് മെലാനിന്റെ ഉത്പാദനത്തെ ബാധിക്കുന്നു. വായുവിന്റെ ഗുണനിലവാരം, അള്‍ട്രാവയലറ്റ് രശ്മികള്‍, കാഠിന്യം കൂടിയ ഷാംപുവും മറ്റും ഉപയോഗിക്കുന്നത് ഇവയെല്ലാം മുടിയുടെ ഗുണനിലവാരം മോശമാക്കാം.
ഹോര്‍മോണ്‍ മാറ്റങ്ങളും മെഡിക്കല്‍ ഡിസോര്‍ഡറുകളും
പ്രായപൂര്‍ത്തിയാകുമ്പോഴോ, ഗര്‍ഭകാലത്തോ, അല്ലെങ്കില്‍ യൗവനാരംഭത്തിലോ ഉണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ മുടിയുടെ പിഗ്മെന്റേഷനെ ബാധിച്ചേക്കാം. തൈറോയ്ഡ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട അവസ്ഥകളുമായോ അല്ലെങ്കില്‍ ഓട്ടോഇമ്യൂണ്‍ ഡിസോര്‍ഡറുകളുമായോ അകാല നരയും ബന്ധപ്പെട്ടിരിക്കാം.

ജനിതക ഘടകങ്ങള്‍
പാരമ്പര്യമായും നരയുണ്ടാകാന്‍ സാധ്യതയുണ്ട്. ഇതോടൊപ്പം ജീവിതശൈലിയും നരയുടെ തോത് വര്‍ധിക്കാനിടയാക്കുന്നു. ജീവിതശൈലിയിലെ നല്ല മാറ്റങ്ങള്‍ ശരീരത്തിന്റെ ആരോഗ്യത്തെയും മുടിയുടെ ആരോഗ്യത്തെയും ഏറെ സഹായിക്കുന്നു.
Content Highlights :There are many causes of premature graying. In recent times, there has been a significant increase in the number of young people experiencing gray hair.