ഗില്ലിന്റെ ആ വലിയ പിഴവ്; തോൽവിക്ക് കാരണം പറഞ്ഞ് സഹീര്‍ ഖാനും രഹാനെയും

നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ 41 റണ്‍സിനാണ് കിവീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്

ഗില്ലിന്റെ ആ വലിയ പിഴവ്; തോൽവിക്ക് കാരണം പറഞ്ഞ് സഹീര്‍ ഖാനും രഹാനെയും
dot image

ഡാരൽ മിച്ചലിന്റേയും ഗ്ലെൻ ഫിലിപ്‌സിന്റേയും സെഞ്ച്വറിക്കരുത്തിലാണ് നിർണായകമായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ പരാജയപ്പെട്ടത്. ഇതോടെ ചരിത്രത്തിൽ ആദ്യമായി കിവീസ് ഇന്ത്യൻ മണ്ണിൽ ഒരു ഏകദിന പരമ്പര സ്വന്തമാക്കി. മത്സരത്തിൽ ശുഭ്മാൻ ഗില്ലിന്റെ ചില തീരുമാനങ്ങൾക്കെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയരുന്നത്. അതിൽ ശ്രദ്ധേയമായ ഒന്ന് അജിൻക്യ രഹാനെയുടേതാണ്.

'മിഡിൽ ഓവറുകളിൽ കുൽദീപിന് വെറും മൂന്നോവർ മാത്രം നൽകിയത് ഗില്ലിന് പിഴച്ചൊരു വലിയ തന്ത്രമാണ്. 37 ഓവർ വരെ അടുത്ത ഓവറിനായി കുൽദീപിന് കാത്തിരിക്കേണ്ടി വന്നു. വിക്കറ്റ് നേടാൻ കെൽപ്പുള്ള ബോളർമാരെ എങ്ങോട്ടാണ് നിങ്ങളീ മാറ്റി നിർത്തുന്നത്. ഗില്ലിന് പിഴച്ചത് അവിടെയാണ്'- ക്രിക് ബസിൽ നടന്ന ചർച്ചയിൽ രഹാനെ പറഞ്ഞു.

ചർച്ചയിൽ പങ്കെടുത്ത സഹീർ ഖാന് മറ്റൊരു അഭിപ്രായമായിരുന്നു. 'കുൽദീപിനേക്കാൾ ജഡേജക്ക് ബോള്‍ കൊടുത്തതില്‍ വൈകിയത് ഒരു മോശം തീരുമാനമായെന്ന് ഞാൻ പറയും. നിതീഷിന് കുറച്ച് കൂടി ഗെയിം ടൈം ലഭിക്കാൻ വേണ്ടിയാവാം നിങ്ങളത് ചെയ്തത്. പക്ഷെ ഫലത്തെയാണ് അത് ബാധിക്കുക എന്ന് മറന്ന് കളയരുത്'- സഹീർ പറഞ്ഞു.

ഇന്ത്യൻ മണ്ണിൽ കിവീസിന്റെ ആദ്യ പരമ്പര വിജയമാണിത്. ഇന്‍റോറില്‍ അരങ്ങേറിയ അവസാന ഏകദിനത്തിൽ 41 റൺസിനാണ് സന്ദർശകർ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യക്കായി വിരാട് കോഹ്ലി സെഞ്ച്വറി നേടിയെങ്കിലും കളി ജയിപ്പിക്കാനായില്ല. വാലറ്റത്ത് അർധ സെഞ്ച്വറിയുമായി നിതിഷ് കുമാർ റെഡ്ഡിയും ഹർഷിത് റാണയും പൊരുതി നോക്കിയെങ്കിലും ഇന്ത്യൻ പോരാട്ടം 46 ഓവറിൽ അവസാനിക്കുകയായിരുന്നു.

Content highlight : Gill's big mistake; Zaheer Khan and Rahane give reasons for defeat

dot image
To advertise here,contact us
dot image