

പാരിസ്: ഗ്രീന്‍ലാൻഡിനെ പിന്തുണയ്ക്കുന്ന യൂറോപ്യൻ രാജ്യങ്ങളെ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുതിയ തീരുവകൾ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിരോധ നടപടികൾ നടപ്പിലാക്കാൻ പോവുകയാണ് യൂറോപ്യൻ യൂണിയൻ. ട്രംപിനെതിരെ തങ്ങളുടെ പക്കലുള്ള ഏറ്റവും ശക്തമായ സാമ്പത്തിക ആയുധം പ്രയോഗിക്കാനാണ് യൂറോപ്യൻ യൂണിയൻ്റെ നീക്കം. ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ ഭീഷണികൾ വർദ്ധിക്കുന്നതിനിടയിലാണ് 'ട്രേഡ് ബസൂക്ക' എന്നറിയപ്പെടുന്ന പ്രതിരോധ സംവിധാനം ഉപയോഗിക്കാൻ 27 രാജ്യങ്ങൾ അടങ്ങുന്ന കൂട്ടായ്മ ശ്രമിക്കുന്നത്.
ഡെൻമാർക്ക് , നോർവേ, സ്വീഡൻ , ഫ്രാൻസ് , ജർമ്മനി , യുകെ , നെതർലാൻഡ്‌സ് , ഫിൻലാൻഡ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം തീരുവ വർദ്ധിപ്പിച്ച ട്രംപിൻ്റെ നീക്കത്തിനെതിരെയാണ് യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിരോധം. ട്രംപിന്റെ ഭീഷണിക്ക് നേരെ 'ട്രേഡ് ബസൂക്ക' പ്രയോഗിക്കേണ്ട സമയമായെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അഭിപ്രായപ്പെട്ടു. ഞായറാഴ്ച ചേർന്ന യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിനിധികളുടെ അടിയന്തര യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തതായി റിപ്പോർട്ടുണ്ട്. 'ട്രേഡ് ബസൂക്ക' ഉപയോഗിക്കുന്നതിലൂടെ യൂറോപ്യൻ യൂണിയൻ്റെ വിപണിയിലേക്ക് അമേരിക്കൻ ഉത്പന്നങ്ങളുടെ പ്രവേശനം തടയുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യാം. അമേരിക്കയ്ക്ക് യൂറോപ്യൻ മാർക്കറ്റിൽ വ്യാപാരം നടത്തുന്നതിനും കടുത്ത പ്രതിസന്ധി നേരിടേണ്ടിവരും. കൂടാതെ യൂറോപ്പിൻ്റെ ഭാഗത്ത് നിന്ന് അമേരിക്കയ്ക്ക് റിട്ടാലിയേഷൻ താരിഫും ഉണ്ടായേക്കാം. ചൈന പോലുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള യൂറോപ്പിന്റെ ഒരു വ്യാപാര പ്രതിരോധ നടപടിയാണ് ‘ട്രേഡ് ബസൂക്ക’ എന്ന പേരിലറിയപ്പെടുന്നത്.
ഗ്രീൻലാൻഡ് പിടിച്ചെടുക്കുന്നതിൽ ഇടഞ്ഞ് നിന്ന യൂറോപ്യൻ രാജ്യങ്ങൾക്ക്മേൽ ഇറക്കുമതി തീരുവ പ്രഖ്യാപിച്ചതാണ് ഇപ്പോഴത്തെ തീരുവ യുദ്ധത്തിന് കാരണം. ഡെൻമാർക്ക് , നോർവേ, സ്വീഡൻ , ഫ്രാൻസ് , ജർമ്മനി , യുകെ , നെതർലാൻഡ്‌സ് , ഫിൻലാൻഡ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾക്കാണ് അധിക തീരുവ ഏർപ്പെടുത്തിയത്. ഫെബ്രുവരി 1 മുതൽ 10% താരിഫ് ഏർപ്പെടുത്തുമെന്നാണ് ട്രംപ് ശനിയാഴ്ച പ്രഖ്യാപിച്ചത്. ജൂൺ ഒന്നിനകം ഒരു കരാറിൽ എത്തിയില്ലെങ്കിൽ ഇത് 25% ആയി ഉയരുമെന്നും ട്രംപ് അറിയിച്ചിരുന്നു.
Content Highlights: The European Union has asserted that it will not be weakened by former US President Donald Trump’s tariff threats