

അസുഖം വരുമ്പോള്‍ മരുന്നുകള്‍ കഴിക്കുന്നത് സ്വാഭാവികമാണ്. ചുമ, പനി തുടങ്ങിയ ചെറിയ അസുഖങ്ങള്‍ക്ക് മുതല്‍ ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത അസുഖങ്ങള്‍ക്ക് വരെ മരുന്നുകള്‍ കഴിക്കുന്നത് ജീവിതത്തിന്റെ ഭാഗമാണ്. ചിലര്‍ ഗുളികകള്‍ തൊണ്ടയില്‍നിന്ന് ഇറങ്ങി പോകുന്നതിന് മാത്രമായി അല്‍പ്പം വെള്ളം കുടിക്കുമ്പോള്‍ മറ്റു ചിലര്‍ ഏറെ വെള്ളം കുടിക്കും. എന്നാല്‍ ശരിക്കും എത്ര അളവിലാണ് ഗുളികയോടൊപ്പം വെള്ളം കുടിക്കേണ്ടത്.
മരുന്നുകളോടൊപ്പം വെള്ളം കുടിക്കേണ്ടത് പല കാരണങ്ങള്‍കൊണ്ടും അത്യാവശ്യമാണ്. ഒന്നാമതായി ഗുളികകള്‍ തൊണ്ടയില്‍ കുരുങ്ങാതെ ആമാശയത്തില്‍ സുരക്ഷിതമായെത്താന്‍ വെള്ളം സഹായിക്കുന്നു. രണ്ടാമതായി മരുന്ന് വേഗത്തില്‍ ലയിക്കാനും ശരീരത്തിലേക്ക് ഫലപ്രദമായി ആഗിരണം ചെയ്യാനും സഹായിക്കുന്നു. ചില മരുന്നുകള്‍ പെട്ടെന്ന് ലയിക്കുന്ന രൂപത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വെള്ളം കുടിക്കുന്നത് ഒഴിവാക്കിയാല്‍ ഈ പ്രക്രിയ തടസപ്പെടുകയും അവയുടെ ഫലപ്രാപ്തി കുറയുകയും ചെയ്യും. ചില ഗുളികകള്‍ വെള്ളമില്ലാതെ കഴിച്ചാല്‍ അന്നനാളത്തിലോ വയറിലെ പാളിയിലോ അസ്വസ്ഥത ഉണ്ടാക്കുകയും നെഞ്ചെരിച്ചിലിനോ അള്‍സറിനോ ഉള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.

ഗുളികയുടെ വലിപ്പവും തരവും അനുസരിച്ചാണ് ആവശ്യമായ വെള്ളത്തിന്റെ അളവ് നിശ്ചയിക്കുന്നത്. ഒരു പൊതുമാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച് ഓരോ ഗുളികയ്‌ക്കൊപ്പവും കുറഞ്ഞത് ഒരു മുഴുവന്‍ ഗ്ലാസ് വെള്ളം എങ്കിലും (ഏകദേശം 200-250 മില്ലി ലിറ്റര്‍) കുടിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. സാവധാനം ലയിക്കുന്ന മരുന്നുകള്‍ക്ക് ആവശ്യത്തിന് വെള്ളം ലഭിക്കേണ്ടത് അത്യാവശ്യമാണ്. മരുന്നിനൊപ്പം വെളളം കുടിക്കുന്നത് ശരിയായ ജലാംശത്തെയും മൊത്തത്തിലുള്ള ദഹനത്തെയും മരുന്നിന്റെ ആഗിരണത്തെയും സഹായിക്കുന്നു.
ഗുളിക കഴിക്കുമ്പോള്‍ വെള്ളം കുടിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് NIH ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നുണ്ട്. 60 മില്ലിയില്‍ താഴെ വെളളംകുടിക്കുകയോ ഉമിനീരിന്റെ സഹായത്തില്‍ മാത്രം വെള്ളം കുടിക്കുകയോ ചെയ്യുന്നത് അന്നനാളത്തില്‍ ഗുളിക ഏറെ സമയം തങ്ങിനില്‍ക്കാന്‍ കാരണമാകുന്നു. ഇത് അസ്വസ്ഥത ഉണ്ടാക്കുമെന്ന് പഠനം എടുത്ത് കാണിക്കുന്നു.

വെള്ളമില്ലാതെ ഗുളികള്‍ കഴിക്കുന്നത് പലതരം സങ്കീര്‍ണതകള്‍ക്ക് കാരണമാകും. അന്നനാളത്തില്‍ ചെല്ലുന്ന ഗുളികകള്‍ ആമാശയത്തില്‍ അസ്വസ്ഥതയുണ്ടാക്കും. വേദനസംഹാരിയോ ആന്റിബയോട്ടിക്കോ പോലെയുള്ള മരുന്നുകള്‍ അള്‍സര്‍ ഉണ്ടാക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇവ തൊണ്ടയിലോ വയറ്റിലോ തങ്ങിനില്‍ക്കുമ്പോള്‍ അള്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കൂടും. മരുന്ന് കഴിക്കുമ്പോള്‍ ജലാംശം കുറയുന്നത് വയറുവേദന, ഓക്കാനം, ദഹനക്കേട് ഉള്‍പ്പെടെയുള്ള ദഹന അസ്വസ്ഥതകളെ വഷളാക്കും. മരുന്നുകളുമായി ബന്ധപ്പെട്ട വിഷാംശം തടയാനും മരുന്ന് ഉദ്ദേശിച്ച രീതിയില്‍ പ്രവര്‍ത്തിക്കാനും വെളളം സഹായിക്കും.
ചൂടുവെള്ളം ഉപയോഗിക്കുക
തണുത്ത വെള്ളത്തേക്കാള്‍ കൂടുതല്‍ നന്നായി ഗുളികകള്‍ അലിയിക്കാന്‍ ചൂടുവെള്ളമോ സാധാരണ വെള്ളമോ സഹായിക്കുന്നു.
മരുന്ന് കഴിച്ച ഉടനെ കിടക്കുന്നത് ഒഴിവാക്കുക
മരുന്ന് കഴിച്ചതിന് ശേഷം കുറഞ്ഞത് 30 മിനിറ്റെങ്കിലും കഴിഞ്ഞ് കിടക്കുക. ഇത് അന്നനാളത്തില്‍ അസ്വസ്ഥത ഉണ്ടാകുന്നത് തടയാന്‍ സഹായിക്കുന്നു.

ഭക്ഷണ സമയം ശ്രദ്ധിക്കുക
മരുന്ന് വെറുംവയറ്റില്‍ കഴിക്കണമെങ്കില്‍ ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂറെങ്കിലും മുന്‍പ് കഴിക്കുക. ഇനി ഭക്ഷണം കഴിച്ചതിന് ശേഷമാണ് മരുന്ന് കഴിക്കേണ്ടതെങ്കില്‍ മരുന്ന് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നതിന് കുറഞ്ഞത് അര മണിക്കൂര്‍ വരെ കാത്തിരിക്കുക.
പാലും ജ്യൂസും ഒഴിവാക്കുക
പാല്‍ അല്ലെങ്കില്‍ പഴച്ചാറുകള്‍ പോലെയുള്ള പാനീയങ്ങള്‍ ചില മരുന്നുകളുടെ ലയനത്തെയും ആഗിരണത്തെയും തടസപ്പെടുത്തിയേക്കാം.
ഈ രീതികള്‍ പിന്തുടരുന്നത് മരുന്നുകള്‍ ശരിയായി ആഗിരണം ചെയ്യപ്പെടാനും പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാനും ദഹനാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
Content Highlights :Do you know how much water you should drink with the pill?