

സാധാരണയായി ആരോഗ്യത്തിന് എന്തെങ്കിലും തകരാറുണ്ടാകുമ്പോള്‍ ശരീരം സൂചനകള്‍ നല്‍കാറുണ്ട്. എന്നാല്‍ എല്ലായ്‌പ്പോഴും അങ്ങനെ ആകണമെന്നില്ല. മാരകമായ പല രോഗങ്ങളും നിശബ്ദമായി ശരീരത്തിനെ ആക്രമിക്കുകയും പ്രാരംഭലക്ഷണങ്ങളൊന്നും കാണിക്കാതിരിക്കുകയും ചെയ്യുന്നു. നിശബ്ദ കൊലയാളികളായ ഈ രോഗങ്ങള്‍ പലപ്പോഴും ഹൃദയം, കരള്‍, വൃക്കകള്‍, പാന്‍ക്രിയാസ് തുടങ്ങിയ പ്രധാന അവയവങ്ങളെ ദോഷകരമായി ബാധിക്കുന്നവയാണ്. സൂചനകള്‍ ഒന്നും നല്‍കാതെ നിങ്ങളെ അപകടത്തിലാക്കുന്ന 5 രോഗങ്ങളെക്കുറിച്ച് അറിയാം. നേരത്തെയുള്ള തിരിച്ചറിയലും സമയബന്ധിതമായ ചികിത്സയും ലഭിക്കുന്നത് അതിജീവന സാധ്യത മെച്ചപ്പെടുത്തും.

കരളില്‍ അധികമായി കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴാണ് ഫാറ്റി ലിവര്‍ ഉണ്ടാകുന്നത്. തുടക്കത്തില്‍ വലിയ ലക്ഷണങ്ങള്‍ ഒന്നും ശരീരം കാണിക്കാത്തതുകൊണ്ടുതന്നെ പലരും രോഗം തിരിച്ചറിയാതെ പോകുകയാണ് ചെയ്യുന്നത്. ഫാറ്റിലിവര്‍ രോഗം തടയുന്നതിന് ആരോഗ്യകരമായ ജീവിതശൈലി പാലിക്കേണ്ടതുണ്ട്. പച്ചക്കറികള്‍, പഴങ്ങള്‍, ലീന്‍ പ്രോട്ടീനുകള്‍, ധാന്യങ്ങള്‍ എന്നിവയെല്ലാം അടങ്ങിയ സമീകൃത ആഹാരവും പതിവായ വ്യായാമങ്ങളും ചെയ്യുന്നത് പ്രാരംഭഘട്ടത്തില്‍ തന്നെ ഫാറ്റിലിവറിനെ മറികടക്കാന്‍ സഹായിക്കും. രോഗം നേരത്തെ കണ്ടെത്താന്‍ പതിവായ ആരോഗ്യ പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്.
ലോകമെമ്പാടുമുളള ആളുകളുടെ മരണത്തിന് ഒരു പ്രധാന കാരണമാണ് ഹൃദ്രോഗം. ഇത് പലപ്പോഴും പ്രാരംഭ ഘട്ടത്തില്‍ ലക്ഷണങ്ങള്‍ കാണിക്കുന്നില്ല. നെഞ്ചുവേദന പോലെയുളള പതിവ് മുന്നറിയിപ്പ് ലക്ഷണങ്ങള്‍ ഇല്ലാതെയും നിശബ്ദമായി ഹൃദയാഘാതം സംഭവിച്ചേക്കാം. ഹൃദയ പേശികള്‍ക്ക് ഓക്‌സിജന്‍ ലഭിക്കുന്നതിന്റെ കുറവ് ക്ഷീണം, അസ്വസ്ഥതകള്‍, ശ്വാസതടസം തുടങ്ങിയ സൂക്ഷ്മ ലക്ഷണങ്ങള്‍ നല്‍കുമെങ്കിലും ഇത് പലപ്പോഴും അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്. ആരോഗ്യകരമായ ജീവിതശൈലിയും ഇടയ്ക്കിടെ ഹൃദയ പരിശോധനകളും നടത്തുന്നതും ഹൃദ്രോഗസാധ്യത കുറയ്ക്കും.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ രക്താതിമര്‍ദ്ദം ഇന്ന് ലോകമെമ്പാടും സാധാരണയായി കാണപ്പെടുന്നു. പലപ്പോഴും ഈ രോഗം പ്രാരംഭ ഘട്ടത്തില്‍ വളരെ അപൂര്‍വ്വമായി മാത്രമേ ലക്ഷണങ്ങള്‍ കാണിക്കുകയുള്ളൂ. രക്താതിമര്‍ദ്ദം രക്തക്കുഴലുകളെ സാവധാനം തകരാറിലാക്കുകയും ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗം തുടങ്ങി ജീവന്‍ അപകടപ്പെടുത്തുന്ന അവസ്ഥകള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക, പതിവായി വ്യായാമം ചെയ്യുക, സമ്മര്‍ദ്ദം നിയന്ത്രിക്കുക, പുകയില, മദ്യം ഇവയുടെ അമിത ഉപയോഗം കുറയ്ക്കുക, തുടങ്ങിയ ജീവിതശൈലി മാറ്റങ്ങള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങളാണ്.
മനുഷ്യന്റെ രോഗപ്രതിരോധ ശേഷിയെ നശിപ്പിക്കുന്ന എയ്ഡ്‌സ് എന്ന രോഗാവസ്ഥയ്ക്ക് കാരണമാകുന്നത് ഹ്യുമന്‍ ഇമ്യൂണോ ഡെഫിഷ്യന്‍സി വൈറസ്(എച്ച്‌ഐവി) ആണ്. പ്രാരംഭഘട്ടത്തില്‍ എച്ച്‌ഐവി ശ്രദ്ധേയമായ ലക്ഷണങ്ങള്‍ കാണിക്കില്ല. സാധാരണയായ ഇന്‍ഫ്‌ളുവന്‍സ പോലെയുളള ലക്ഷണങ്ങള്‍ തുടക്കത്തില്‍ കാണുമെങ്കിലും ഇത് ആരും ശ്രദ്ധിക്കാറില്ല. എച്ച്‌ഐവി പൂര്‍ണമായും ചികിത്സിക്കാന്‍ സാധിക്കില്ല. എങ്കിലും ആന്റിറിട്രോവൈറല്‍ തെറാപ്പി (എആര്‍ടി)കൊണ്ട് വൈറസിനെ നിയന്ത്രിക്കാനും രോഗത്തിന്റെ പുരോഗതി തടയാനും കഴിയും. സുരക്ഷിതമായ ലൈംഗിക ബന്ധവും പതിവ് മെഡിക്കല്‍ പരിശോധനകളും ഫലപ്രദമായ പ്രതിരോധ നടപടികളാണ്.

ശരീരം ഇന്‍സുലിനോട് പ്രതിരോധം കാണിക്കുകയോ ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാന്‍ കാരണമാകുന്നു. പ്രാരംഭ ഘട്ടത്തില്‍ ലക്ഷണങ്ങള്‍ കാണിക്കാത്തതുകൊണ്ടുതന്നെ ടെപ്പ് 2 പ്രമേഹം കണ്ടുപിടിക്കാന്‍ പ്രയാസമാണ്. കാലക്രമേണ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാനും ഹൃദയം, വൃക്കകള്‍, കണ്ണുകള്‍, ഞരമ്പുകള്‍ എന്നിവയെ തകരാറിലാക്കുകയും ചെയ്യും. പതിവായുളള വൈദ്യ പരിശോധനകള്‍, ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവ അത്യാവശ്യഘടകങ്ങളാണ്.
Content Highlights :Does the body always give signs when there is a health problem?