

കാസർഗോഡ്: മൂങ്ങ ഡ്രൈവറുടെ തോളിൽ വന്നിരുന്നത് മൂലം ഓട്ടോ നിയന്ത്രണം വിട്ട് അപകടം. കാസർഗോഡ് ചട്ടഞ്ചാലിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുത തൂണിലിടിക്കുകയായിരുന്നു.
സംഭവത്തിൽ ഓട്ടോ ഡ്രൈവർ തളങ്കര സ്വദേശി യൂസഫിന് പരിക്കേറ്റു. ബെണ്ടിച്ചാലിൽ ഒരു യാത്രക്കാരനെ ഇറക്കി കാസർകോട്ടേക്ക് മടങ്ങുകയായിരുന്നു യൂസഫ്. ഇതിനിടെ പെട്ടെന്ന് ഒരു മൂങ്ങ വന്ന് തോളിൽ ഇരുന്നു. അതിനെ തട്ടിമാറ്റാനുള്ള ശ്രമത്തിനിടെ ഓട്ടോ നിയന്ത്രണം വിട്ട് വൈദ്യുത തൂണിൽ ഇടിക്കുകയായിരുന്നു.
ഓട്ടോയുടെ മുൻഭാഗം പൂർണമായും തകർന്നു. വൈദ്യുതത്തൂൺ തകരാത്തത് അപകടത്തിന്റെ വ്യാപ്തി കുറയ്ക്കുകയായിരുന്നു. യൂസഫിന് നിസ്സാരപരിക്ക് മാത്രമാണുള്ളത്.
Content Highlights: Owl landed on driver's shoulder; auto loses control and crashes into post, causing accident