ഫോണുകളിലെ സഞ്ചാര്‍ സാഥി ആപ്പ് എന്തിന് ? കേന്ദ്ര സര്‍ക്കാരിന്‍റെ CCTV ആകുമോ ?

ജനങ്ങളെ നിരീക്ഷിക്കാനാണോ ഇങ്ങനെ ഒരു ആപ്പ് എന്നതാണ് പലരുടെയും സംശയം

ഫോണുകളിലെ സഞ്ചാര്‍ സാഥി ആപ്പ് എന്തിന് ? കേന്ദ്ര സര്‍ക്കാരിന്‍റെ CCTV ആകുമോ ?
dot image

ഇനി മുതല്‍ എല്ലാ സ്മാര്‍ട്ട് ഫോണുകളിലും ടെലികോം വകുപ്പിന്റെ സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമാക്കുന്നുവെന്ന പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ ആശങ്കകളും ചര്‍ച്ചകളും ശക്തമായിരിക്കുകയാണ്. വാട്‌സ്ആപ്പ് പോലെയുള്ള ആപ്പുകള്‍ ഉപയോഗിക്കാന്‍ സിംകാര്‍ഡ് നിര്‍ബന്ധമാണെന്ന ഉത്തരവിന് പിന്നാലെയാണ് സഞ്ചാര്‍ സാഥി ആപ്പുമായി ബന്ധപ്പെട്ട ഉത്തരവും പുറത്തിറക്കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം ആപ്പിള്‍, സാംസങ്, ഗൂഗിള്‍ തുടങ്ങി വമ്പന്‍ കമ്പനികള്‍ക്കെല്ലാം ബാധകമാണ്. സൈബര്‍ സുരക്ഷയ്ക്കായാണ് ഇങ്ങനെയൊരു തീരുമാനം എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

നവംബര്‍ 28 ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഇനി മാര്‍ക്കറ്റില്‍ ഇറങ്ങാന്‍ പോകുന്ന ഫോണുകളിലും നിര്‍മ്മിക്കാന്‍ പോകുന്ന ഫോണുകളിലും ഇപ്പോള്‍ ഉപയോഗത്തിലിരിക്കുന്ന ഫോണുകളിലും കേന്ദ്രസര്‍ക്കാരിന്റെ സഞ്ചാര്‍സാഥി ആപ്പ് (Sanchar Saathi) നിര്‍ബന്ധമാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. നിലവില്‍ ഉപയോഗത്തിലിരിക്കുന്ന ഫോണുകളില്‍ അപ്‌ഡേഷനിലൂടെ ആപ്പ് എത്തുമെന്നും വ്യക്തമാക്കിയിരുന്നു. ഈ ആപ്പ് ഫോണില്‍ നിന്നും ഒഴിവാക്കാനാകില്ല എന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ ഇതിന് പിന്നാലെ അങ്ങനെയൊരു നിബന്ധനയില്ലെന്ന വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ എത്തി.

sanchar saathi app

എന്നാല്‍ സഞ്ചാര്‍ സാഥി ആപ്പിനെ കുറിച്ചുള്ള ആശങ്കകള്‍ അവസാനിച്ചിട്ടില്ല. ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ആപ്പ് ഫോണില്‍ നിന്ന് നീക്കം ചെയ്യാനോ ഡിസേബിള്‍ ചെയ്യാനോ സാധിക്കില്ല എന്നായിരുന്നു നിര്‍ദ്ദേശത്തില്‍ പറഞ്ഞിരുന്നത്. ആപ്പ് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഇത് ഉപയോഗിച്ച് ആളുകളെ നിരീക്ഷിക്കാനാണോ പദ്ധതിയെന്നും എന്നുമൊക്കെയായിരുന്നു പലരുടെയും സംശയം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ല്‍ ഉള്‍പ്പെടുത്തിയിട്ടുളള ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുളള മൗലിക അവകാശത്തിന്റെ ലംഘനമാണെന്ന് പ്രതിപക്ഷവും വാദിക്കുകയുണ്ടായി.

sanchar saathi app

എന്താണ് സഞ്ചാര്‍ സാഥി ആപ്പ്, എന്തൊക്കെയാണ് ഇതിന്റെ പ്രത്യേകതകള്‍

2023 മെയ്മാസത്തിലാണ് കേന്ദ്രസര്‍ക്കാര്‍ സഞ്ചാര്‍ സാഥി പോര്‍ട്ടല്‍ ആരംഭിക്കുന്നത്. ഇക്കഴിഞ്ഞ നവംബര്‍ 28നാണ് എല്ലാ ഫോണുകളിലും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന ഉത്തരവ് ഇറങ്ങിയത്. പുതിയ മൊബൈലുകളില്‍ സര്‍ക്കാരിന്റെ സഞ്ചാര്‍ സാഥി ആപ്പ് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്ക് ഉത്തരവനുസരിച്ച് 90 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് ആപ്പ് പ്രവര്‍ത്തനരഹിതമാക്കാന്‍ കഴിയരുത് എന്ന വ്യവസ്ഥയും ഉണ്ട്.

sanchar saathi app

ഗുണങ്ങള്‍ എന്തൊക്കെയാണ്

  • വ്യാജ ഫോണുകള്‍ തടയുക എന്നതാണ് ഒന്നാമത്തെ ലക്ഷ്യം. ഒരേ ഐഎംഇഐ(IMEI) നമ്പറില്‍ ഒന്നിലധികം ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത് സുരക്ഷാ ഭീഷണിയാണ്. ഇപ്രകാരം ചെയ്യുന്നത് ജാമ്യമില്ലാ കുറ്റവുമാണ്.
  • ഫോണ്‍ നഷ്ടപ്പെട്ടാലോ മോഷണം പോയാലോ അത് ബ്‌ളോക്ക് ചെയ്യാനും കണ്ടെത്താനും സഹായിക്കുന്നു. ജനുവരിയില്‍ ആരംഭിച്ച സഞ്ചാര്‍സാഥി ആപ്പ് വഴി 700,000ലധികം നഷ്ടപ്പെട്ട ഫോണുകള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞതായി സര്‍ക്കാര്‍ കണക്കുകളില്‍ വ്യക്തമാക്കുന്നുണ്ട്.
  • വാങ്ങുന്ന ഫോണ്‍ ഒറിജിനലാണോ വ്യാജനാണോ എന്ന് ഐഎംഇഐ നമ്പറിലൂടെ തിരിച്ചറിയാന്‍ സാധിക്കും
  • നിങ്ങളുടെ ആധാര്‍ അല്ലെങ്കില്‍ ഐഡി ഉപയോഗിച്ച് എത്ര സിംകാര്‍ഡുകള്‍ ആക്ടീവാണ് എന്ന് അറിയാന്‍ സാധിക്കും.

സഞ്ചാര്‍ സാഥി ആപ്പ് വഴി ഇത്രയും സേവനങ്ങള്‍ ലഭിക്കുമെങ്കിലും ആപ്പ് വഴി ജനങ്ങളുടെ സ്വകാര്യതയ്ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും വിവാദങ്ങളും നിലനില്‍ക്കെ വിശദീകരണവുമായി ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തിയിട്ടുണ്ട്. ആപ്പ് നിര്‍ബന്ധമല്ലെന്നും ഫോണുകളില്‍ നിന്ന് ആപ്പ് നീക്കം ചെയ്യാന്‍ സാധിക്കും എന്നുമാണ് അദ്ദേഹം പറയുന്നത്. ഇത് അടിച്ചേല്‍പ്പിക്കുന്ന തീരുമാനമല്ല എന്നും ഫോണുകളില്‍ ആപ്പ് ഉണ്ടാകും പക്ഷേ ഇത് നിലനിര്‍ത്തണോ വേണ്ടയോ എന്നത് വ്യക്തികളുടെ തീരുമാനമായിരിക്കുമെന്നും ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.

Content Highlights : Sanchar Saathi app now mandatory on all smartphones; Will privacy be compromised? Criticism is rising

dot image
To advertise here,contact us
dot image