

സിനിമാ ലോകത്തെ തിരക്കിട്ട ജീവിതത്തിൽ നിന്ന് മാറി, കൂടുതൽ ശാന്തവും സന്തോഷവും നിറഞ്ഞ ഒരു ഘട്ടത്തിലൂടെയാണ് നടി സാമന്ത റൂത്ത് പ്രഭു ഇപ്പോൾ കടന്നുപോകുന്നത്. കഴിഞ്ഞ ദിവസമായിരുന്നു നടിയുടെ വിവാഹം നടന്നിരുന്നത്. ആഢംബരവും ഒച്ചപ്പാടും ഒന്നും ഇല്ലാതെ വളരെ ലളിതമായി കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിൽ വെച്ചാണ് വിവാഹം നടന്നത്. നടിയുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചിത്രങ്ങൾക്കിടയിൽ നടിയുടെ വിവാഹ മോതിരത്തിലാണ് ആരാധകരുടെ കണ്ണുടക്കിയത്.
വെറും ഒരു ഡയമണ്ട് മോതിരമല്ല സാമന്തയുടെ കയ്യിൽ കിടക്കുന്നത്. ലോസഞ്ച് കട്ട് ഡയമണ്ട് ആണ്. ഒന്നര കോടിയിലും അധികമാണ് ഈ മോതിരത്തിന്റെ വില എന്നാണ് റിപ്പോർട്ടുകൾ. നാലുവശവും ഒരേ രീതിയിൽ കൂർത്താണ് ഈ ഡയമണ്ട്. നടുവില്‍ ഒരു വലുതും അതിന് ചുറ്റും ദളങ്ങള്‍ പോലെ ഘടിപ്പിച്ച ചെറിയ വജ്രങ്ങളുമാണ് ഇതിന്റെ പ്രത്യേകത. ഈ വജ്രങ്ങള്‍ പ്രത്യേകം കട്ട് ചെയ്‌തെടുത്തതാണ്. ഉയര്‍ന്ന പരിശീലനം ലഭിച്ച വിദഗ്ധർക്ക് മാത്രമാണ് ഈ ഡയമണ്ടുകൾ കട്ട് ചെയ്യൻ സാധിക്കുകയുള്ളു. ഗ്രീസിലെ ഏഥൻസിൽ നിന്നുള്ള ആഭരണ നിർമാതാവാണ് സാമന്തയുടെ വിവാഹമോതിരത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.

തിങ്കളാഴ്ച രാവിലെയായിരുന്നു നടിയുടെയും സംവിധായകൻ രാജ് നിദിമോരുവിന്റേയും വിവാഹം. ചുവന്ന സാരിയിലാണ് സാമന്ത വിവാഹത്തിനെത്തിയത്.പ്രമുഖ ഡിസൈനറായ അർപ്പിത മേത്തയാണ് സാമന്തയ്ക്ക് സാരി ഒരുക്കിയത്. 30-ഓളം അതിഥികള്‍ മാത്രമാണ് നടിയുടെ വിവാഹത്തില്‍ പങ്കെടുത്തത്. ആമസോൺ പ്രൈമിന്റെ സീരീസ് ആയ ഫാമിലി മാൻ സീസൺ 2 വിലാണ് സാമന്തയും രാജും ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളത്. സീരിസിൽ നെഗറ്റീവ് കഥാപാത്രത്തെയാണ് സാമന്ത അവതരിപ്പിച്ചത്. അതേസമയം, ബോളിവുഡിലെ ഹിറ്റ് കൂട്ടുകെട്ടുകളിൽ ഒന്നാണ് രാജ് ആൻഡ് ഡികെ കോമ്പോ. എ ജന്റിൽമാൻ, ഫാമിലി മാൻ, സ്ത്രീ തുടങ്ങി നിരവധി ഹിറ്റ് സിനിമകൾ ആണ് ഇവർ ഒരുക്കിയിട്ടുള്ളത്.

സംവിധായകൻ രാജ് നിദിമോരുവിനേക്കാൾ ആസ്തിയും സമ്പാദ്യവും സമാന്തയ്ക്കാണ് ഉള്ളതെന്നാണ് റിപ്പോർട്ടുകൾ. നിരന്തരം സിനിമകളിൽ അഭിനയിക്കുന്നിലെങ്കിലും ഒടിടി, ബ്രാൻഡ് അംബാസഡർ, നിക്ഷേപങ്ങൾ, ബിസിനസ് എന്നിവയാണ് സാമന്തയുടെ വരുമാന സ്രോതസുകൾ. ഈ വർഷത്തെ കണക്കുകൾ പ്രകാരം സാമന്തയുടെ സമ്പത്ത് ഏകദേശം 100 കോടി മുതൽ 110 കോടി വരെയാണ്. 83 കോടി മുതൽ 85 കോടി വരെയാണ് ഈ വർഷത്തെ കണക്കനുസരിച്ച് രാജ് നിദിമോറുവിന്റെ ഏകദേശ ആസ്തി.

അതേസമയം, സാമന്തയും രാജും ഉടന്‍ വിവാഹിതരാവുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. രാജിന്റെ ആദ്യ ഭാര്യ ശ്യാമിലി ഡേയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെയാണ് പ്രചാരണം ചൂടുപിടിച്ചത്. രാജും ശ്യാമിലിയും 2022-ല്‍ വേര്‍പിരിഞ്ഞിരുന്നു. സാമന്തയും രാജും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നേരത്തെ രാജിനൊപ്പം സാമന്ത പങ്കുവെച്ച ഒരു ചിത്രം വൈറലായിരുന്നു. ഈ വർഷം ജീവിതത്തിൽ നടത്തിയ ധീരമായ ചുവടുവെപ്പുകളെക്കുറിച്ചായിരുന്നു സാമന്തയുടെ പോസ്റ്റ്. നടൻ നാഗ ചൈതന്യയുമായായിരുന്നു സാമന്തയുടെ ആദ്യവിവാഹം. 2021 ൽ അവർ വിവാഹമോചനം നേടി.
Content Highlights: What's special about Samantha's wedding ring?