ട്രെയിനില്‍ യാത്ര ചെയ്യുന്നവരാണോ? എന്നാല്‍ റെയില്‍വേയുടെ 9 നിയമങ്ങള്‍ അറിഞ്ഞിരിക്കണം

സുഗമമായ യാത്ര ഉറപ്പാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ചില പ്രധാനപ്പെട്ട നിയമങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്

ട്രെയിനില്‍ യാത്ര ചെയ്യുന്നവരാണോ? എന്നാല്‍ റെയില്‍വേയുടെ 9 നിയമങ്ങള്‍ അറിഞ്ഞിരിക്കണം
dot image

ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്രചെയ്യാന്‍ തിരഞ്ഞെടുക്കുന്ന ഗതാഗത മാര്‍ഗ്ഗമാണ് ട്രെയിന്‍. അതുകൊണ്ടുതന്നെ യാത്രയിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്കായി പല സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാര്‍ അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതുമായ ചില റെയില്‍വേ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെക്കുറിച്ച് അറിയാം.

ആധാറുമായി ബന്ധിപ്പിച്ച ടിക്കറ്റ് ബുക്കിംഗ് നിയമങ്ങള്‍

ഐആര്‍സിടിസിയുടെ വെബ്‌സൈറ്റ് അല്ലെങ്കില്‍ ആപ്പ് വഴി ബുക്ക് ചെയ്യുന്ന തത്കാല്‍ ടിക്കറ്റുകള്‍ക്ക് ആധാറുമായി ബന്ധിപ്പിച്ച ഒരു അക്കൗണ്ട് ആവശ്യമാണ്. പരിശോധന കൂടാതെ തത്കാല്‍ ഓപ്ഷന്‍ ഉപയോക്താവിന് തുറക്കാന്‍ സാധിക്കില്ല. ബുക്കിംഗ് സമയത്ത് ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപി സംവിധാനവും ഏര്‍പ്പാടാക്കിയിട്ടുണ്ട്.

ഏജന്റ് ബുക്കിംഗുകളിലെ നിയന്ത്രണങ്ങള്‍

സ്ഥിരം യാത്രക്കാര്‍ക്ക് തത്കാല്‍ സീറ്റുകള്‍ ഉറപ്പാക്കുന്നതിന് മികച്ച അവസരം നല്‍കുന്നതിനായി തത്കാല്‍ വിന്‍ഡോയുടെ ആദ്യ 30 മിനിറ്റില്‍ അംഗീകൃത ഏജന്റ്മാര്‍ക്ക് ബുക്ക് ചെയ്യാന്‍ ഇനി അനുവാദം ഉണ്ടാവുകയില്ല. എസി ക്ലാസുകള്‍ക്ക് രാവിലെ 10-30 തിന് ശേഷംമാത്രമേ അംഗീകൃത ഏജന്റുമാര്‍ക്ക് ബുക്ക് ചെയ്യാന്‍ കഴിയൂ. ഏസി അല്ലാത്ത ക്ലാസുകള്‍ക്ക് രാവിലെ 11.30 ന് പ്രവേശനം ആരംഭിക്കും. ഐആര്‍സിടിസി പ്ലാറ്റ്‌ഫോമുകള്‍ക്ക് മുഴുവന്‍ ഈ നിയന്ത്രണം ബാധകമാണ്.

സ്ഥിരീകരിച്ച ടിക്കറ്റുകള്‍ക്കുള്ള നിയമങ്ങള്‍

കയറുന്നതിന് മുന്‍പ് ഓരോ യാത്രക്കാരനും ടിക്കറ്റ് കൈവശം വയ്ക്കണം. അതില്‍ കൗണ്ടര്‍ ടിക്കറ്റുകള്‍, ഓണ്‍ലൈന്‍ ബുക്കിംഗുകള്‍ അല്ലെങ്കില്‍ അംഗീകൃത പാസുകളും ഉള്‍പ്പെടുന്നു. ടിക്കറ്റോ അംഗീകൃത രേഖകളോ ഇല്ലാതെ യാത്രചെയ്യുന്നത് പിഴ ഈടാക്കാനോ ട്രെയിനില്‍നിന്ന് പുറത്താക്കുന്നതിനോ ഇടയാക്കും. തിരക്കേറിയ റൂട്ടുകളാണെങ്കില്‍ ടിക്കറ്റ് പരിശോധന ഒന്നിലധികം തവണ നടന്നേക്കാം.

ലഗേജ് പരിധികള്‍

ഇന്ത്യന്‍ റെയില്‍വേയ്ക്ക് ക്ലാസ് തിരിച്ചുള്ള ലഗേജ് പരിധികളുണ്ട്. ഫസ്റ്റ് എസി -70 കിലോ, സെക്കന്‍ഡ് എസി-50 കിലോ, തേഡ് എസി / സ്‌ളീപ്പര്‍- 40 കിലോ, ജനറല്‍-30 കിലോഗ്രാം എന്നിങ്ങനെയാണ് ലഗേജ് പരിധികള്‍. പരിധിക്ക് മുകളിലുള്ള എന്തും ലഗേജ് കോച്ചില്‍ പ്രത്യേകം ബുക്ക് ചെയ്യണം. അപകടമെന്ന് തിരിച്ചറിയുന്ന ഇനങ്ങള്‍ നിരോധിച്ചിരിക്കുന്നു.

പുകവലി നിരോധനം

ട്രെയിനുകളിലും പ്ലാറ്റ്‌ഫോാമുകളിലും റെയില്‍വേയുമായി ബന്ധപ്പെട്ട എല്ലാ ഇടങ്ങളിലും പുകവലി നിരോധിച്ചിട്ടുണ്ട്. നിയമലംഘനങ്ങള്‍ നടത്തിയാല്‍ റെയില്‍വേ സുരക്ഷാ നിയമങ്ങള്‍ പ്രകാരം പിഴയോ നിയമ നടപടിയോ നോരിടേണ്ടി വരും.

ഭക്ഷണകാര്യത്തിലുള്ള നിയമങ്ങള്‍

യാത്രക്കാര്‍ക്ക് പുറത്തുനിന്ന് ഭക്ഷണം കൊണ്ടുവന്ന് കഴിക്കാവുന്നതാണ്. പാന്‍ട്രികാറുകളും അംഗീകൃത വില്‍പ്പനക്കാരും ഭക്ഷണസ്രോതസുകളായി തുടരുന്നു.

മദ്യനിയന്ത്രണങ്ങള്‍

ട്രെയിനുകളിലോ സ്‌റ്റേഷന്‍ പരിസരത്തോ മദ്യം കഴിക്കുന്നത് അനുവദനീയമല്ല. യാത്രക്കാര്‍ ഈ നിയമം ലംഘിച്ചാല്‍ ആര്‍പിഎഫിനും ഓണ്‍ബോര്‍ഡ് ജീവനക്കാര്‍ക്കും ഇടപെടാവുന്നതാണ്.

റദ്ദാക്കലും റീഫണ്ടുകളും

റീഫണ്ടുകള്‍ റദ്ദാക്കല്‍ സമയത്തെ ആശ്രയിച്ചിരിക്കും. ട്രെയിന്‍ പുറപ്പെടുന്ന സമയം അടുക്കുംതോറും റീഫണ്ടിന് കിഴിവ് കൂടുതലായിരിക്കും. ഇന്ത്യന്‍ റെയില്‍വേയുടെ റീഫണ്ട് നയം അനുസരിച്ച് സ്റ്റേഷനില്‍നിന്ന് ട്രെയിന്‍ വിടുന്നതിന് മുന്‍പ് എല്ലാ റദ്ദാക്കലും പൂര്‍ത്തിയാക്കണം.

സുരക്ഷാ ഓര്‍മ്മപ്പെടുത്തലുകള്‍

യാത്രക്കാര്‍ വിലപിടിപ്പുളള വസ്തുക്കള്‍ സുരക്ഷിതമായി സൂക്ഷിക്കാനും വാതിലുകള്‍ക്ക് സമീപം തിരക്ക് ഒഴിവാക്കാനും ഓടുന്ന ട്രെയിനുകളില്‍ കയറുമ്പോഴോ ഇറങ്ങുമ്പോഴോ ജാഗ്രതപാലിക്കാനും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു. ഇത്തരത്തിലുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു.

Content Highlights : 9 important railway rules that passengers should know





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image