ക്രിക്കറ്റ് താരം തിലക് വര്‍മയെ ബാധിച്ച അപൂര്‍വ്വ രോഗം; ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന്‍പോലും അപകടത്തിലാകും

പേശികള്‍ തകരുന്ന ഗുതുതര അവസ്ഥയായ റാബ്‌ഡോമയോളിസിസുമായുള്ള തന്റെ പോരാട്ടത്തെക്കുറിച്ചാണ് തിലക് വര്‍മ്മ വെളിപ്പെടുത്തുന്നത്

ക്രിക്കറ്റ് താരം തിലക് വര്‍മയെ ബാധിച്ച അപൂര്‍വ്വ രോഗം; ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന്‍പോലും അപകടത്തിലാകും
dot image

ഇന്ത്യന്‍ ക്രിക്കറ്റ് താരം തിലക് വര്‍മ്മ താന്‍ നേരിട്ട റാബ്‌ഡോമയോളിസിസ് എന്ന ജീവന്‍ അപകടപ്പെടുത്തുന്ന ഒരു രോഗത്തെക്കുറിച്ച് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. പേശികള്‍ തകരുന്ന അപൂര്‍വ്വ രോഗമായ റാബ്‌ഡോമയോളിസിസുമായുള്ള പോരാട്ടം ഇടംകയ്യന്‍ ബാറ്റ്‌സ്മാന്റെ ജീവിതത്തില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. കഠിനമായ പരിശീലനം ചെയ്യുന്നതുകൊണ്ടും മതിയായ ആരോഗ്യം ഇല്ലാത്തതുകൊണ്ടും ശരീരം അമിതമായി സമ്മര്‍ദ്ദത്തിലായതാണ് തന്റെ മോശം അവസ്ഥയ്ക്ക് കാരണമായതെന്ന് ബ്രേക്ക് വിത്ത് ചാമ്പ്യന്‍സ് എന്ന പരിപാടിയില്‍ സംസാരിക്കവേ തിലക് വര്‍മ്മ പറഞ്ഞു.2022 ല്‍ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ കളിക്കുമ്പോഴാണ് തനിക്ക് ബാറ്റ് ഉയര്‍ത്താന്‍ കഴിയാതെ വരികയും വിരലുകള്‍ പോലും അനക്കാന്‍ കഴിയാതെ ഞരമ്പുകള്‍ വലിഞ്ഞുമുറുകുകയും ചെയ്ത അവസ്ഥയുണ്ടായതെന്ന് തിലക് വര്‍മ്മ പറയുന്നു

എന്താണ് റാബ്‌ഡോമയോളിസിസ്

സാധാരണയായി മസില്‍ ഫൈബര്‍ ബലമുളളവയും വഴങ്ങുന്നവയുമാണ്. എങ്കിലും ചില ആളുകളില്‍ അപൂര്‍വ്വവും ജീവന് ഭീഷണിയാകാന്‍ സാധ്യതയുള്ളതുമായ മെഡിക്കല്‍ അവസ്ഥയായ റാബ്‌ഡോമയോളിസിസ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇവ സ്‌കെലിറ്റല്‍ മസിലുകളിലെ കലകള്‍ നശിച്ചുപോകുന്ന അവസ്ഥയാണ്. കലകള്‍ നശിക്കുമ്പോള്‍ ഇത് വിഷാംശമുളള ഇന്‍ട്രാ സെല്ലുലാര്‍ ഘടകങ്ങള്‍ രക്തത്തിലേക്ക് കടത്തിവിടുന്നു. ഈ രോഗത്തിന്റെ അനന്തരഫലങ്ങള്‍ കഠിനമാണ്. നേരിയ പേശിവേദന മുതല്‍ ഗുരുതരമായ വൃക്ക തകരാറും ചിലപ്പോള്‍ മരണം വരെയും സംഭവിച്ചേക്കാവുന്ന അവസ്ഥയാണിത്. വൃക്കകള്‍, നാഡികള്‍, ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയും ഹൃദയാഘാതവും, ഒന്നിലധികം അവയവങ്ങളുടെ പരാജയം എന്നിവയൊക്കെ സംഭവിച്ചേക്കാം.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്

യു എസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം അത്‌ലറ്റുകള്‍ മുതല്‍ സാധാരണക്കാരായവര്‍ വരെ ആര്‍ക്കും ഈ അസുഖം വരാന്‍ സാധ്യതയുണ്ട്.പക്ഷേ ചിലരില്‍ അപകട സാധ്യത കൂടുതലാണ്. ചൂടുള്ള കാലാവസ്ഥയില്‍ ജോലി ചെയ്യുന്നതോ കഠിനമായ ശാരീരിക അധ്വാനമുള്ള ജോലികള്‍ ചെയ്യുന്നവരോ ആയ ആളുകള്‍ക്ക് റാബ്‌ഡോമയോളിസിസ് വരാനുള്ള സാധ്യത കൂടുതലാണ്. രണ്ട് തരത്തിലാണ് ഈ അവസ്ഥ വരുന്നത്.

പേശികലകള്‍ക്ക് നേരിട്ടുണ്ടാകുന്ന കേടുപാടുകള്‍

  • വാഹനപകടങ്ങള്‍ അല്ലെങ്കില്‍ വീഴ്ചകള്‍ പോലെയുള്ള ഗുരുതരമായ ആഘാതങ്ങള്‍ പേശികളെ ഞെരുക്കുകയും രക്തയോട്ടം തടസ്സപ്പെടുത്തുകയും പേശിതകരാര്‍ ഉണ്ടാവുകയും ചെയ്യും.
  • വളരെനേരം അബോധാവസ്ഥയിലോ നിശ്ചലമായോ കഴിയുന്ന വ്യക്തികളില്‍ പേശികളുടെ കലകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ട്.
  • വലിയ ശസ്ത്രക്രിയകള്‍ നടത്തുന്നത് ചിലപ്പോള്‍ പേശികളുടെ പരിക്കിന് കാരണമാകും

പേശികള്‍ക്ക് നേരിട്ട് പരിക്കേല്‍ക്കാതെ സംഭവിക്കുന്നത്

  • അമിതമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍, ആവശ്യത്തില്‍ കൂടുതല്‍ വ്യായാമം ചെയ്യുന്നത് (പ്രത്യേകിച്ച് അത്‌ലറ്റുകളുടെയും സൈനികരുടെയും ഇടയില്‍)
  • തീവ്രതയുള്ള വര്‍ക്കൗട്ടുകള്‍ ചെയ്യുന്നത്
  • ചൂടും നിര്‍ജ്ജലീകരണവും, ചൂടുള്ള അന്തരീക്ഷത്തില്‍ ജലാംശം ഇല്ലാതെ വ്യായാമം ചെയ്യുന്നത്
  • ചില മരുന്നുകളുടെ പാര്‍ശ്വ ഫലങ്ങള്‍ (കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന ചില മരുന്നുകള്‍, ആന്റി സൈക്കോട്ടിക്കുകള്‍ തുടങ്ങിയ ചില മരുന്നുകള്‍), ചില മയക്കുമരുന്നുകളുടെ ഉപയോഗം
  • പേശികളുടെ മെറ്റബോളിസത്തെ ബാധിക്കുന്ന അപൂര്‍വ്വ പാരമ്പര്യ രോഗങ്ങള്‍
  • ഹൈപ്പോ തൈറോയ്ഡിസം അല്ലെങ്കില്‍ ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ
  • കഠിനമായ ബാക്ടീരിയല്‍, വൈറല്‍ അണുബാധകള്‍

ലക്ഷണങ്ങള്‍

യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പ്രകാരം റാബ്‌ഡോമയോളിസിസിന്റെ ലക്ഷണങ്ങള്‍ പേശികള്‍ക്ക് പരിക്കേറ്റ് മണിക്കൂറുകളോ ദിവസങ്ങളോ കഴിഞ്ഞേ തുടങ്ങുകയുളളൂ. കഠിനമായ പേശി വലിവ്, ഇരുണ്ട നിറമുള്ള മൂത്രം, ബലഹീനത, ക്ഷീണം ഇവയൊക്കെയാണ് ലക്ഷണങ്ങള്‍.

ചികിത്സകള്‍

നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും രോഗത്തില്‍നിന്ന് പൂര്‍ണ്ണമയായി രക്ഷപെടാന്‍ സഹായിക്കും. വൃക്കകളുടെ പ്രവര്‍ത്തനം ഗുരുതരമായി തകരാറിലാകുന്ന സന്ദര്‍ഭത്തില്‍ ഡയാലിസിസ് ആവശ്യമായി വന്നേക്കാം.

Content Highlights :What is the life-threatening disease rhabdomyolysis that affected cricketer Tilak Verma?





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image