
ഉറങ്ങുമ്പോള്‍ നിങ്ങള്‍ക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടോ? ഉറക്കത്തില്‍ ഒരു രൂപം അടുത്തേത്ത് വരുന്നു. അത് നിങ്ങളുടെ ശരീരത്തില്‍ കയറിയിരുന്ന് കഴുത്തില്‍ ഞെക്കിപിടിച്ച് ശ്വാസംമുട്ടിക്കുന്നു. ആ സമയത്ത് ബോധമുണ്ടെങ്കിലും അനങ്ങാന്‍ സാധിക്കുന്നില്ല. കൈകാലുകള്‍ ചലിപ്പിക്കാന്‍ സാധിക്കുന്നില്ല. ഒച്ചയുണ്ടാക്കാന്‍ ശ്രമിച്ചിട്ടും ശബ്ദം പുറത്തേക്ക് വരുന്നില്ല. ചില ആളുകള്‍ക്ക് പ്രേതാനുഭവം ഉണ്ടായില്ലെങ്കിലും അനങ്ങാന്‍ കഴിയാതെ കിടന്ന കിടപ്പില്‍ കിടക്കേണ്ടതായി വരുന്നു. എന്തൊക്കെയോ സ്വപ്‌നങ്ങള്‍ കാണുന്നു. കൈകാലുകള്‍ അനങ്ങുന്നില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് എപ്പോഴെങ്കിലും വിചാരിച്ചിട്ടുണ്ടോ? ഇതിന് ഒരു കാരണമുണ്ട്. അപകടവശങ്ങളുണ്ട്, ചികിത്സയുണ്ട്. സ്ലീപ് പരാലിസിസ് ( Sleep paralysis)എന്നറിയപ്പെടുന്ന ഈ അവസ്ഥയെക്കുറിച്ച് കൂടുതല്‍ അറിയാം.
ഉറക്കത്തിലേക്ക് വഴുതിവീഴുന്ന സമയത്തോ ഉറക്കം ഉണരുന്ന സമയത്തോ കുറച്ചുനേരത്തേക്ക് അനങ്ങാനോ സംസാരിക്കാനോ ശരീരഭാഗങ്ങള്‍ ചലിപ്പിക്കാനോ കഴിയാത്ത സ്ഥിതിവിശേഷമാണ് സ്ലീപ് പരാലിസിസ്. ഉറക്കത്തില്‍നിന്ന് ഉണരുന്ന സമയത്ത് 'ദ്രുദനേത്രചലന അവസ്ഥ' (REM Sleep) എന്ന അവസ്ഥയിലായിരിക്കും ശരീരം ഉള്ളത്. ഈ സമയത്ത് തലച്ചോറ് പൂര്‍ണ്ണമായും മന്ദീഭവിച്ച് വിശ്രമാവസ്ഥയില്‍ ആയിരിക്കും. അതുകൊണ്ട് ബോധം തിരിച്ചുവരുമ്പോള്‍ പോലും ശരീരം ചലിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷം കുറച്ചുനേരത്തേക്കെങ്കിലും ഉണ്ടായേക്കാം. ഇത് വല്ലാത്ത ഭയവും ആശങ്കയും വ്യക്തിയില്‍ ഉണ്ടാക്കുന്നു. തനിക്ക് ചലനശേഷി നഷ്ടപ്പെട്ടോ, പക്ഷാഘാതം സംഭവിച്ചോ എന്ന ഒരു ഭീതി കടന്നുവന്നേക്കാം. ചിലപ്പോഴെങ്കിലും ഹ്രസ്വനേരം നീണ്ടുനില്‍ക്കുന്ന മിഥ്യാനുഭവങ്ങള്‍ അഥവാ Hallucination ഉണ്ടാകാന്‍ സാധ്യതയുണ്ട്.
നെഞ്ചിനകത്ത് വലിയ സമ്മര്‍ദ്ദം അനുഭവപ്പെടുക, ഏതോ വ്യക്തി മുറിക്കുള്ളിലേക്ക് കടന്നുവരിക, അത് പ്രേതം ആണെന്ന് തെറ്റിദ്ധരിക്കുക, ശരീരം ബാലന്‍സ് തെറ്റി പോവുക ഇത്തരത്തിലുളള മിഥ്യാനുഭവങ്ങളും കുറച്ച് നേരത്തേക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ട്. സാധാരണഗതിയില്‍ ഏതാനും സെക്കന്റുകള്‍ മുതല്‍ ഏതാനും മിനിട്ടുകള്‍ വരെ ഈ ബുദ്ധിമുട്ട് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഒരുതരത്തിലുളള ശാരീരിക ആരോഗ്യപ്രശ്‌നവും ഇത് ഉണ്ടാക്കാറില്ല. പക്ഷേ മോശം അനുഭവത്തിലൂടെ കടന്നുപോകുന്ന ആളുകള്‍ക്ക് അതൊരു പേടിപ്പെടുത്തുന്ന അനുഭവമായിരിക്കും.
ഉറക്കത്തിലേക്ക് വഴുതിവീഴുമ്പോഴോ ഉണര്‍ന്നെഴുന്നേല്‍ക്കുന്ന സമയത്തോ ശരീരം അനക്കാന്‍ കഴിയാത്ത അവസ്ഥയാണ് പ്രധാന ലക്ഷണം. കൈകളോ കാലുകളോ അനക്കാന്‍ ശ്രമിച്ചാല്‍ ഒട്ടും സാധിക്കില്ല.ശരീരം തളര്‍ന്നുപോയതുപോലെ അനുഭവപ്പെടുന്നു. സംസാരിക്കാനോ ഉറക്കെ നിലവിളിക്കാനോ വ്യക്തി ശ്രമിച്ചാലും ശബ്ദം പുറത്തുവരില്ല. തൊണ്ടയില്‍ എന്തോ തടഞ്ഞിരിക്കുന്നതായി തോന്നും.അല്ലെങ്കില്‍ ശ്വാസംകിട്ടാത്ത അനുഭവം ഉണ്ടാകുന്നു. ഈ അനുഭവങ്ങളോടൊപ്പം മിഥ്യാനുഭങ്ങളും ഉണ്ടാവാം. രണ്ട് തരത്തിലാണ് മിഥ്യാനുഭവങ്ങള്‍ ഉണ്ടാകുന്നത്. ഉറക്കത്തിലേക്ക് വഴുതിവീഴുന്ന സമയത്താണ് സ്ലീപ് പരാലിസിസ് വരുന്നതെങ്കില്‍ 'നിദ്രാപൂര്‍വ്വമിഥ്യാനുഭവങ്ങള്‍' (Hypnogogic halicination )എന്ന അവസ്ഥ ഉണ്ടാകാം. ഉറക്കത്തില്‍ നിന്ന് ഉണരുന്ന സമയത്താണ് സ്ലീപ് പരാലിസിസ് വരുന്നതെങ്കില്‍ 'നിദ്രാനന്തര മിഥ്യാനുഭവങ്ങള്‍' (Hypnopompic) .
പ്രധാനമായും ഉറക്കുറവാണ് ഇതിലേക്ക് നയിക്കുന്ന പ്രധാനഘടകം. 6 മണിക്കൂറെങ്കിലും സുഖനിദ്ര കിട്ടാതെ വരുന്ന വ്യക്തികളിലാണ് ഈ അവസ്ഥ വരാന്‍ സാധ്യത കൂടുതല്‍. രണ്ടാമതായി നിദ്രാചക്രം ക്രമം തെറ്റി പോവുക( ഓരോ ദിവസം ഓരോ സമയത്ത് ഉറങ്ങുക) ചിലര്‍ക്ക് ജോലിയുടെ ഭാഗമായി പല സമയങ്ങളിലാകും ഉറങ്ങേണ്ടിവരിക. ഷിഫ്റ്റുള്ള ജോലിക്രമങ്ങള്‍ അനുഭവിക്കുന്ന വ്യക്തികളില്‍. ജോലിയുടെ ഭാഗമല്ലാതെ ഉറക്ക സമയം ശരിയാകാത്ത ആളുകളിലും ഇത്തരത്തില്‍ ബുദ്ധിമുട്ട് ഉണ്ടാകാം.
അമിതമായ മാനസിക സമ്മര്‍ദ്ദം (ജോലി സമ്മര്‍ദ്ദം, കുടുംബ സംഘര്‍ഷം, വ്യക്തികള്‍ തമ്മിലുളള പ്രശ്‌നങ്ങള്‍) ഉളളവര്‍, ഉത്കണ്ഠ അനുഭവിക്കുന്നവര്‍(ജീവിതത്തില്‍ വലിയ പ്രയാസമുണ്ടാക്കുന്ന കാര്യങ്ങള്‍ ഇല്ലെങ്കില്‍ പോലും ചെറിയ കാര്യത്തിന് പോലും ഉത്കണ്ഠപ്പെടുകയും അസ്വസ്ഥതപ്പെടുകയോ ചെയ്യുന്നവര്‍). യുവാക്കളിലാണ് സ്ലീപ് പരാലിസിസ് കൂടുതലായും ഉണ്ടാകുന്നത്. ചിലപ്പോള്‍ മറ്റ് ചില രോഗങ്ങളുടെ ഭാഗമായും സ്ലീപ് പരാലിസിസ് ഉണ്ടാകാം. 'നാര്‍ക്കോലപ്‌സി' എന്ന രോഗത്തിന്റെ ഒരു ലക്ഷണമായും ഇത് ഉണ്ടാവാം.ചില ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന വ്യക്തികളിലും സ്ലീപ് പരാലിസിസ് ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ഭയപ്പെടാതിരിക്കുക, കൈകള്‍ അനക്കാനോ ശബ്ദമുണ്ടാക്കാതിരിക്കാനോ ശ്രമിക്കാതിരിക്കുക. ശാന്തമായി കണ്ണടച്ച് ദീര്‍ഘ ശ്വസനവ്യായാമങ്ങള്‍ ചെയ്യുക. ഏതാനും മിനിട്ടുകള്‍ക്കുളളില്‍ ഈ അവസ്ഥ മാറിപ്പോകും എന്ന് വിശ്വസിക്കുക, പരിഭ്രാന്തരാകാതിരിക്കുക.
Content Highlights :What is sleep paralysis? Why does it happen? What to do if you have sleep paralysis?