
പഞ്ചസാരയുടെ ഉപയോഗം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും എന്നതില്‍ സംശയമില്ല. എന്നാല്‍ അറിഞ്ഞോളൂ പഞ്ചസാരയും ഓസ്റ്റിയോ ആര്‍ത്രൈറ്റിസും മുട്ടുവേദനയും ഒക്കെതമ്മില്‍ ബന്ധമുണ്ട്. എന്താണെന്നല്ലേ?. വര്‍ധമാന്‍ മഹാവീര്‍ മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറും ഓര്‍ത്തോപീഡിക് സര്‍ജനുമായ ഡോ. മായങ്ക് ദരല്‍ ഓസ്റ്റിയോ ആര്‍ത്രൈറൈറ്റിസിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുകയാണ്. റീതിങ്ക് ഇന്ത്യ പോഡ്കാസ്റ്റില്‍ ഫുഡ് ഫാര്‍മര്‍ എന്നറിയപ്പെടുന്ന രേവന്ത് ഹിമാത്സിങ്കയുമായുള്ള സംഭാഷണത്തിലാണ് ഡോ. മായങ്ക് ഇക്കാര്യം പറയുന്നത്.
ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ബാധിച്ച വ്യക്തികള്‍ക്ക് രോഗലക്ഷണങ്ങള്‍ പതുക്കെ മാത്രമേ പ്രത്യക്ഷപ്പെടുകയുളളൂ.അതുപോലെ രോഗം സാവാധാനം മാത്രമായിരിക്കും ഗൗരവ സ്വഭാവത്തിലേയ്ക്ക് മാറുക. ഈ അവസ്ഥയ്ക്ക് ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് രോഗികള്‍ക്ക് പഞ്ചസാര ഉപയോഗം തീയില്‍ നെയ്യ് ഒഴിക്കുന്നതുപോലെയാണെന്ന് ഡോ. മായങ്ക് പറയുന്നു. പഞ്ചസാരയുടെ ഉപയോഗം കാല്‍മുട്ടുകളില്‍ നീര് വര്‍ധിപ്പിക്കുന്നു. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് രോഗികളില്‍ അസുഖം പ്രധാനമായും ബാധിക്കുന്ന ഭാഗമാണ് കാല്‍മുട്ടുകള്‍. പഞ്ചസാരയുടെ ഉപയോഗം ഇന്‍സുലിന്‍ വര്‍ധനവിന് കാരണമാകുകയും നീര്‍വീക്കം വര്‍ധിപ്പിക്കുകയും ചെയ്യും.
ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് രോഗികള്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് പകരം ഡ്രൈഫ്രൂട്ട്‌സ് കഴിക്കാനാണ് ഡോ. മായങ്ക് പറയുന്നത്. ഡ്രൈഫ്രൂട്ട്‌സില്‍ സന്ധികളുടെ രൂപീകരണത്തിന് സഹായിക്കുന്ന ചില സൂക്ഷ്മ പോഷകങ്ങളായ കോണ്ട്രോയിറ്റില്‍, ഗ്ലൂക്കോസാമൈന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങളില്‍ നീര്‍വീക്കം തടയുന്ന ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് മീഡിയേറ്റേളഴ്‌സ് ഓഫ് ഇന്‍ഫ്‌ളമേഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടിയാണ്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)
Content Highlights :How sugar consumption affects osteoarthritis patients