

ഒരാളെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു എന്ന് കേള്‍ക്കുമ്പോള്‍ മനസില്‍ ഒരു ഭീതിയാണല്ലേ. എന്തോ അപകടം ഉണ്ടായിട്ടാണ് വെന്റിലേറ്ററില്‍ കയറ്റുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ രോഗി എന്ത് അവസ്ഥയില്‍ എത്തുമ്പോഴാണ് വെന്റിലേറ്ററിന്റെ സഹായം വേണ്ടിവരിക?, എന്തെങ്കിലും ആശങ്കയുളള കാര്യമാണോ അത് ?..

ശ്വസിക്കുക എന്നത് ജീവന്‍നിലനിര്‍ത്താനുള്ള അടിസ്ഥാന ഘടകമാണ്.എന്തെങ്കിലും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഒരു രോഗിക്ക് സ്വാഭാവികമായി ശ്വസിക്കാന്‍ കഴിയാതെ വരുമ്പോള്‍ അല്ലെങ്കില്‍ ശരീരത്തിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാതെ വരുമ്പോള്‍ ജീവന്‍ നിലനിര്‍ത്താനാണ് ഡോക്ടര്‍മാര്‍ വെന്റിലേറ്ററിനെ ആശ്രയിക്കുന്നത്.

സ്വയം ശ്വസിക്കാന്‍ കഴിയാത്ത അവസ്ഥ ശ്വസന പരാജയം എന്നറിയപ്പെടുന്നു. ഇത് ജീവന് ഭീഷണിയായ അവസ്ഥയാണ്. തലച്ചോറ്, ഹൃദയം, കരള്‍, വൃക്കകള്‍, മറ്റ് അവയവങ്ങള്‍ എന്നിവയ്ക്ക് ആവശ്യത്തിന് ഓക്‌സിജന്‍ ലഭിച്ചില്ലെങ്കില്‍ അവയ്ക്ക് ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അവയവങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാന്‍ ഒരു വെന്റിലേറ്റര്‍ കൊണ്ട് സാധ്യമാകും. Life Support എന്നറിയപ്പെടുന്ന ഈ സംവിധാനം ശ്വാസകോശങ്ങള്‍ക്ക് പകരം പ്രവര്‍ത്തിച്ച് ശരീരത്തിന് ആവശ്യമായ ഓക്‌സിജന്‍ എത്തിക്കുകയും കാര്‍ബണ്‍ഡൈഓക്‌സൈഡിനെ പുറത്തുവിടുകയും ചെയ്യുന്നു.

ശ്വസിക്കാന്‍ സഹായം ആവശ്യമുള്ള കാരണത്തെ ആശ്രയിച്ചിരിക്കും നിങ്ങള്‍ എത്ര സമയം വെന്റിലേറ്ററില്‍ കഴിയണം എന്നുള്ളത്. ശസ്ത്രക്രിയക്കിടയില്‍ വെന്റിലേറ്റര്‍ ആവശ്യമുണ്ടെങ്കില്‍ മണിക്കൂറുകളോ ദിവസങ്ങളോ ആഴ്ചകളോ അതില്‍ കൂടുതലോ വെന്റിലേറ്ററിനെ ആശ്രയിക്കേണ്ടിവന്നേക്കാം. വെന്റിലേറ്റര്‍ ഒരിക്കലും ഒരു രോഗിയേയും സുഖപ്പെടുത്തുന്നില്ല. ശരീരം ഒരു അണുബാധയേയോ രോഗത്തേയോ ചെറുക്കുമ്പോഴോ ഒരു പരിക്കില്‍നിന്ന് സുഖം പ്രാപിക്കുന്ന സമയത്തോ നിങ്ങളുടെ ശ്വസനം നിലനിര്‍ത്തുക എന്നതാണ് വെന്റിലേറ്ററിന്റെ ജോലി.
Content Highlights : Do you know when someone is put on a ventilator? We know when a person has a health problem and what kind of help the ventilator provides.