ഫാറ്റിലിവറിന് പരിഹാരമുണ്ട്; നാല് പ്രത്യേക ഭക്ഷണ കോമ്പിനേഷനുകള്‍ പരീക്ഷിക്കൂ

ഫാറ്റിലിവര്‍ ചികിത്സയെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചും ഡോ. സൗരഭ് സേഥി പറയുന്നു

ഫാറ്റിലിവറിന് പരിഹാരമുണ്ട്; നാല് പ്രത്യേക ഭക്ഷണ കോമ്പിനേഷനുകള്‍ പരീക്ഷിക്കൂ
dot image

ഫാറ്റിലിവര്‍ ആളുകള്‍ക്കിടയില്‍ ഒരു സാധാരണ ആരോഗ്യപ്രശ്‌നമായി മാറിയിട്ടുണ്ട്. വ്യായാമം ഇല്ലായ്മയും ഭക്ഷണക്രമത്തിലെ വ്യതിയാനങ്ങളും ഒക്കെ ആളുകളെ രോഗികളാക്കുകയാണ്. കരള്‍രോഗ വിദഗ്ധനായ ഡോ. സൗരഭ് സേഥി പറയുന്നതനുസരിച്ച് നാല് ഭക്ഷണ കോമ്പിനേഷനുകള്‍ സംയോജിപ്പിച്ച് കഴിക്കുന്നത് ഫാറ്റിലിവര്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ കുറയാന്‍ സഹായിക്കും എന്നാണ്. ഇവ കരളിലെ കൊഴുപ്പ്, വീക്കം എന്നിവ നിയന്ത്രിച്ച് കുടലിന്റെ ആരോഗ്യം സംരക്ഷിക്കന്നു.

വാല്‍നട്ടും ഈന്തപ്പഴവും

ലയിക്കുന്ന തരത്തിലുള്ള നാരുകള്‍ ഈന്തപ്പഴത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ദഹനത്തെയും പഞ്ചസാരയുടെ ആഗിരണത്തെയും മന്ദഗതിയിലാക്കുന്നതിലൂടെ കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നു. വാല്‍നട്ടില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ കരള്‍വീക്കം കുറയ്ക്കാനും എന്‍സൈമിന്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. ആഴ്ചയില്‍ രണ്ട് തവണ ഒരു പിടി വാല്‍നട്ടും രണ്ട് ഈന്തപ്പഴവും ഒരുമിച്ച് കഴിക്കാവുന്നതാണ്.

നട്ട്‌സിനൊപ്പം ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റും കരളിന്റെ ആരോഗ്യവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നായിരിക്കും നിങ്ങളുടെ സംശയം. പക്ഷേ ചില ഭക്ഷണ കോമ്പിനേഷനുകള്‍ വിചാരിക്കുന്നതുപോലെയല്ല. അവ ആരോഗ്യത്തെ അത്രയധികം സഹായിക്കുന്നുണ്ട്. നല്ല നിലവാരമുള്ള ഡാര്‍ക്ക് ചോക്ലേറ്റില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കും. ഇത് കരളിന് കേടുപാടുകള്‍ വരുത്തുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നു. ചോക്ലേറ്റിനൊപ്പം ചേര്‍ക്കാവുന്ന നട്ട്‌സുകള്‍ ബദാമും പിസ്തയുമാണ്. കരള്‍ കോശങ്ങളെ സംരക്ഷിക്കുന്ന നിര്‍ണ്ണായക പങ്ക് വഹിക്കുന്ന വിറ്റാമിന്‍ ഇ, അപൂരിത കൊഴുപ്പ് എന്നിവ ധാരാളമുളളവയാണ് ബദാമും പിസ്തയും. വിറ്റാമിന്‍ ഇ, അപൂരിത കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണക്രമം പിന്തുടുന്ന രോഗികളില്‍ ഫാറ്റിലിവറിന്റെ ലക്ഷണങ്ങള്‍ കുറയുന്നുവെന്ന് പഠനം തെളിയിക്കുന്നുണ്ട്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഡാര്‍ക് ചോക്ലേറ്റിനൊപ്പം ഈ നട്ട്‌സുകളും ചേര്‍ത്ത് കഴിക്കാവുന്നതാണ്.

തേനും കറുവാപ്പട്ടയും ചേര്‍ത്ത ആപ്പിള്‍

ആപ്പിള്‍ കഷണങ്ങളില്‍ തേനും കറുവാപ്പട്ടയും ചേര്‍ത്ത് കഴിക്കുന്നത് ഒരു ലഘുഭക്ഷണം മാത്രമല്ല. അവ കുടലിന്റെയും കരളിന്റെയും ആരോഗ്യത്തെക്കൂടി സഹായിക്കുന്നുണ്ട്. ആപ്പിളില്‍ ലയിക്കുന്ന തരത്തിലുള്ള ഫൈബറുകളായ പെക്റ്റിന്‍ അടങ്ങിയിരിക്കുന്നു. ഇത് കുടലിലെ ബാക്ടീരിയയെ പരിപോഷിപ്പിക്കുകയും കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുകയും ചെയ്യും. തേന്‍ ചെറിയ അളവില്‍ കഴിക്കുന്നത് കരളിന്റെ മെറ്റബോളിസത്തെ സഹായിക്കുന്നു. ഈ കോമ്പിനേഷന്‍ ചൂടോടെയോ തണുപ്പിച്ചോ കഴിക്കാവുന്നതാണ്.

ബറികളും തൈരും

തൈരുകള്‍ എല്ലാം ഗുണപ്രദമായിരിക്കണമെന്നില്ല. പക്ഷേ പ്ലയിന്‍ ഗ്രീക്ക് തൈര് പ്രോട്ടീന്‍ സമ്പുഷ്ടവും ഷുഗര്‍ കുറവുളളതും കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നവയുമാണ്.

ഇവയോടൊപ്പം ബ്ലൂബറി, അല്ലെങ്കില്‍ സ്‌ട്രോബറി പോലെയുളള ബറികള്‍ കഴിക്കുമ്പോള്‍ പോളിഫെനോളുകളും വിറ്റാമിന്‍ സിയും ലഭിക്കും. ഇവ രണ്ടും കരള്‍ കോശങ്ങളുടെ സമ്മര്‍ദ്ദവും വീക്കവും കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ഒരു ബൗള്‍ വീതം കഴിക്കാവുന്നതാണ്.

Content Highlights :Dr. Saurabh Sethi talks about fatty liver treatment and solutions

dot image
To advertise here,contact us
dot image