
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ പകര്‍ത്തിയ നേതാവാണ് വെളളാപ്പളളി നടേശനെന്ന് പിണറായി വിജയന്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗം സാമ്പത്തിക ഉന്നതിയിലേക്ക് ഉയര്‍ന്നത് വെളളാപ്പളളിയുടെ കാലത്താണെന്നും അദ്ദേഹത്തിന്റേത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണീയം കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനച്ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ നിര്‍ണായക സ്ഥാനം എസ്എന്‍ഡിപിക്ക് ഉണ്ടെന്നും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കാലത്ത് അറിവാണ് യഥാര്‍ത്ഥ ശക്തിയെന്നും അത് നേടാനുളള ഏക മാര്‍ഗം വിദ്യാഭ്യാസമാണെന്ന് പഠിപ്പിച്ചതും ഗുരുവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അത് സമൂഹത്തിലുണ്ടാക്കിയ മാറ്റം ചെറുതായിരുന്നില്ലെന്നും ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രായോഗികമായി നടപ്പാക്കുന്നതിന് എസ്എന്‍ഡിപി യോഗം വഹിച്ച പങ്ക് നിര്‍ണായകമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ശ്രീനാരായണ ഗുരു ആലുവയില്‍ സര്‍വമത സമ്മേളനം നടത്താന്‍ കാരണം മാപ്പിള ലഹളയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മാപ്പിളമാര്‍ ഹിന്ദു മതത്തിലുള്ളവരെ കൊല്ലുന്നത് കണ്ടതുകൊണ്ടാണ് എല്ലാ മതത്തിന്റെയും ആശയം ഒന്നാണെന്ന് പഠിപ്പിക്കാന്‍ വേണ്ടി ഗുരു സര്‍വ്വമത സമ്മേളനം നടത്തിയതെന്നും ഈ മാപ്പിള ലഹളയെ പറ്റി കുമാരനാശാന്‍ കവിത എഴുതിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. മതങ്ങളുടെ ദര്‍ശനങ്ങള്‍ ആരും നടപ്പാക്കുന്നില്ല. ഗുരുവിന്റെ ദര്‍ശനങ്ങള്‍ പോലും മാറ്റി മറിക്കപ്പെടുന്നു. ചിലര്‍ മനസിലായ കാര്യങ്ങള്‍ പോലും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മതങ്ങളുടെ ദര്‍ശനങ്ങള്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights:CM Pinarayi Vijayan praises vellappally natesan