
രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുന്നതിന് മുന്‍പ് സ്വപ്‌നം കാണാറുണ്ടോ? അതോ സ്ഥിരമായി ഈ സമയത്ത് സ്വപ്‌നം കാണുന്നവരാണോ? രാവിലെ കാണുന്ന സ്വപ്‌നം യാഥാര്‍ഥ്യമാകുമെന്നാണ് നമ്മള്‍ കേട്ടിട്ടുള്ളത് അല്ലേ? ഇത് യഥാര്‍ഥത്തില്‍ വാസ്തവമാണോ? ശാസ്ത്രീയമായി നിരീക്ഷിക്കുമ്പോള്‍ എന്തായിരിക്കും പ്രഭാത സ്വപ്‌നത്തിന് പിന്നിലെ രഹസ്യം.
സ്വപ്‌നത്തില്‍ വളരെ കാലമായി കാണാതിരുന്ന ഒരാളെ കണ്ടുമുട്ടുക, മലയുടെ മുകളില്‍നിന്ന് താഴേക്ക് വീഴുക, പേടിപ്പെടുത്തുന്ന ഭീകരരൂപം നിങ്ങളെ ഓടിക്കുക, നടന്നിട്ടും ഓടിയിട്ടും എത്താത്ത വഴികള്‍…നിങ്ങളുടെ വിവാഹം, പ്രണയിതാവിനൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവുമുള്ള സുന്ദര നിമിഷങ്ങള്‍, ആഗ്രഹിച്ച കാര്യങ്ങള്‍ സാധിക്കുക തുടങ്ങി എന്തൊക്കെ സ്വപ്‌നങ്ങളായിരിക്കും ഉണര്‍ന്നെഴുന്നേല്‍ക്കുന്നതിന് മുന്‍പ് കണ്ടിട്ടുണ്ടാവുക.
ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സൈക്യാട്രിസ്റ്റായ ഡോ. ശ്രീകാന്ത് ശ്രീനിവാസന്‍ പറയുന്നത് ഇങ്ങനെയാണ്. ' രാവിലെയുള്ള സ്വപ്‌നങ്ങള്‍ പുലര്‍ച്ചെ 4 മണിക്കും 6 മണിക്കും ഇടയില്‍ സംഭവിക്കുന്നതാണ്. റാപ്പിഡ് ഐ മൂവ്‌മെന്റ് പിരീഡ് (REM) എന്നറിയപ്പെടുന്ന ഉറക്ക ചക്രത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിലാണ് ഇത്തരം സ്വപ്‌നങ്ങള്‍ കാണുന്നത്. ഇത് റാപ്പിഡ് ഐ മൂവ്‌മെന്റ് സ്‌ളീപ്പ് ബിഹേവിയര്‍ എന്നും അറിയപ്പെടുന്നു. ഉറക്ക സമയത്ത് ധാരാളം റാപ്പിഡ് ഐ മൂവ്‌മെന്റ് കാലയളവുകള്‍ സംഭവിക്കുന്നുണ്ടെങ്കിലും ഏറ്റവും ദൈര്‍ഘ്യമേറിയ കാലയളവാണ് രാവിലെയുള്ള ഉറക്കസമയം. ഇത് ഏകദേശം 90 മിനിറ്റ് നീണ്ടുനില്‍ക്കുന്നതുകൊണ്ട് ആ സമയത്ത് കാണുന്ന സ്വപ്‌നങ്ങള്‍ ഏറെനേരം മനസില്‍ ഓര്‍ത്തുവയ്ക്കപ്പെടുന്നു.
രാവിലെ കാണുന്ന സ്വപ്‌നങ്ങളുടെ യാഥാര്‍ഥ്യം എന്താണ്
ഈ സമയത്തിനിടയില്‍ കാണുന്ന സ്വപ്‌നത്തില്‍ നമ്മുടെ ഉള്ളിലെ അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങള്‍, ആഴത്തിലുളള മാനസിക സംഘര്‍ഷങ്ങള്‍, കഴിഞ്ഞകാലത്ത് സംഭവിച്ച പല സംഭവങ്ങള്‍ എന്നിവയെല്ലാം കടന്നുവരുന്നു. ഉറക്കത്തിന്റെ അവസാനമുളള ഈ പ്രത്യേക സമയത്ത് തലച്ചോറിലെ ചില ഭാഗങ്ങള്‍ സജീവമാകുന്നതാണ് ഇതിന് കാരണം. മാത്രമല്ല തലച്ചോറിന്റെ ഓര്‍മ്മയെ നിയന്ത്രിക്കുന്ന ഭാഗം, വൈകാരികതയെ നിയന്ത്രിക്കുന്ന ഭാഗം, കാഴ്ചയെ നിയന്ത്രിക്കുന്ന ഭാഗം ഇവയൊക്കെ ഈ സമയത്ത് സജീവമാകുന്നതുകൊണ്ട് അതിരാവിലെ കാണുന്ന സ്വപ്‌നങ്ങളുടെ ഉള്ളടക്കം കൂടുതല്‍ വൈകാരികവും ആയിരിക്കും.
നമ്മുടെ ഉള്ളിലെ പല മാനസിക സംഘര്‍ഷങ്ങളും ഒരു ഡയറിയിലോ ഉറക്ക ജേണലിലോ എഴുതിക്കൊണ്ടിരുന്നാല്‍ നമ്മുടെ ഉള്ളിലെ വൈകാരിക സംഘര്‍ഷങ്ങള്‍ എന്തൊക്കെയാണെന്നും ചിന്തകള്‍ എന്തൊക്കെയാണെന്നും വിശകലനം ചെയ്യാന്‍ സാധിക്കുമെന്നും ഡോ. ശ്രീനിവാസന്‍ പറഞ്ഞു.
Content Highlights:Some secrets about dreams seen in the morning