
പാലക്കാട്: അലനല്ലൂര്‍ ഭീമനാട് പെരിമ്പടാരി പുത്തന്‍പള്ളിയാലില്‍ കൃഷ്ണന്‍കുട്ടിയുടെ മകന്റെ വീടിന്റെ പാലുകാച്ചലായിരുന്നു ഇന്നലെ. ഇതിനിടെ ഒരു സന്തോഷവാര്‍ത്ത തേടിയെത്തി. കേരള സര്‍ക്കാര്‍ സമൃദ്ധി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ അടിച്ചു.
കേള്‍ക്കാനും സംസാരിക്കാനും കഴിയാത്ത കൃഷ്ണന്‍കുട്ടി കൂലിപ്പണിക്കാരനാണ്. ഇദ്ദേഹത്തിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. ഇദ്ദേഹം പല ദിവസങ്ങളിലും മൂന്നും നാലും ലോട്ടറി ടിക്കറ്റുകളെടുക്കാറുണ്ട്.
മൂത്ത മകന്‍ അനീഷ് ബാബുവിന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങായിരുന്നു ഇന്നലെ നടന്നത്. ഇതിനിടെയാണ് സമ്മാനവിവരം അറിഞ്ഞത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പെരിമ്പടാരിയിലെ ലോട്ടറി വില്‍പ്പനക്കാരന്‍ മാമ്പറ്റ അബ്ദുവില്‍ നിന്നു വാങ്ങിയ നാല് ടിക്കറ്റുകളില്‍ എംവി 122462 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്. ഒന്നാം സമ്മാനം കിട്ടിയ വിവരം ലോട്ടറി വില്‍പ്പനക്കാരന്‍ തന്നെയാണ് അറിയിച്ചത്. ടിക്കറ്റ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അലനല്ലൂര്‍ ശാഖയില്‍ ഏല്‍പ്പിച്ചു.
Content Highlights: kerala lottery, latest news,