
രാവിലെ ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍… അല്ലെങ്കില്‍ ദിവസങ്ങളായി കഴുത്തിനും പുറത്തിനും ഒക്കെ വേദനയുള്ളവരാണോ? ചിലപ്പോള്‍ ഈ വേദനയ്ക്ക് കാരണം നിങ്ങളുടെ തലയണ ആയിരിക്കാം. തലയണയെ ഉറങ്ങുമ്പോള്‍ തലയ്ക്കടിയില്‍ വയ്ക്കുന്ന വെറുമൊരു ഉപകരണമായി കാണുന്നവരാണ് പലരും. എന്നാല്‍ നിങ്ങള്‍ക്ക് കംഫര്‍ട്ടബിളായ തലയണ തെരഞ്ഞെടുത്തില്ലെങ്കില്‍ അത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും.
കഴുത്തിനും നടുവിനും വേദനയുണ്ടാക്കുന്നു
സ്‌പോള്‍ഡിംഗ് റീഹാബിലിറ്റേഷന്‍ ഹോസ്പിറ്റലിലെ ഫിസിക്കല്‍ തെറാപ്പിസ്റ്റായ മാത്യു ഒ റൂര്‍ക്കിന്റെ അഭിപ്രായത്തില്‍, വളരെ മൃദുവായതോ അല്ലെങ്കില്‍ വളരെ ഉറച്ചതോ ആയ തലയിണകള്‍ കഴുത്തിന്റെയും നട്ടെല്ലിന്റെയും ആരോഗ്യത്തെ ബാധിക്കും.
ഒരു വശത്തേക്ക് ഉറങ്ങുന്നവര്‍
മൃദുവായ തലയണ തല അസ്വസ്ഥമായി ചരിഞ്ഞിരിക്കാന്‍ കാരണമാകുന്നു. ഇത് കഴുത്തിന് ആയാസം ഉണ്ടാക്കും.
കമഴ്ന്ന് കിടന്ന് ഉറങ്ങുന്നവര്‍
കമിഴ്ന്ന് കിടന്ന് ഉറങ്ങുമ്പോള്‍ കഴുത്ത് ഹൈപ്പര്‍ എക്‌സ്റ്റെന്‍ഡഡ് പൊസിഷനിലേക്ക് മാറാന്‍ സാധ്യതയുണ്ട്. കട്ടിയുള്ളതോ ഉറച്ചതോ ആയ തലയണ ഉപയോഗിക്കുന്നവരാകുമ്പോള്‍ അവസ്ഥ കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ട്.
നിവര്‍ന്ന് കിടന്ന് ഉറങ്ങുന്നവര്‍
അമിതമായി ഉറച്ച തലയണകള്‍ കഴുത്തിനെ വളരെയധികം പൊങ്ങിയിരിക്കാനിടയാക്കും. ഇത് കഴുത്തിന് സമ്മര്‍ദ്ദത്തിനും വേദനയ്ക്കും കാരണമാകുന്നു. അതുപോലെ നട്ടെല്ലിന് ആയാസമല്ലാത്ത രീതിയില്‍ വേണം കിടക്കേണ്ടത്. അതിനനുസരിച്ചുളള തലയണ തിരഞ്ഞെടുത്തില്ലെങ്കില്‍ ഒടുവില്‍ മസ്‌കുലോസ്‌കലെറ്റല്‍ അസ്വസ്ഥതയ്ക്ക് (സന്ധികള്‍ക്കും പേശികള്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ട്) കാരണമാകും.
ഉറക്കക്കുറവ്
ഉറക്കക്കുറവ് എന്നത് വെറും ക്ഷീണം മാത്രമല്ല. അത് മാനസിക, ശാരീരിക, ഉപാപചയ ആരോഗ്യത്തെ ആഴത്തില്‍ ബാധിക്കുന്നു. അസ്വസ്ഥത ഉണ്ടാക്കുന്ന തലയണമൂലം പല തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാകുന്നു. പേശികളുടെ വളര്‍ച്ചയ്ക്കും കോശങ്ങള്‍ നന്നാക്കലിനും ബുദ്ധിമുട്ടുണ്ടാവുക, വൈജ്ഞാനിക പ്രവര്‍ത്തനം, മാനസികാവസ്ഥ നിയന്ത്രണം, ഓര്‍മ്മശക്തി എന്നിവ തകരാറിലാവുക, പൊണ്ണത്തടി, പ്രമേഹം, രക്താതിമര്‍ദ്ദം, ഹൃദ്രോഗം എന്നിവയുള്‍പ്പെടെയുള്ള ദീര്‍ഘകാല അപകടസാധ്യതകള്‍ എന്നിവയ്‌ക്കെല്ലാം ഉറക്കക്കുറവ് കാരണമായേക്കാം. ഉറക്കക്കുറവിന് തലയിണയും ഒരു ചെറിയ ഘടകമാണ്.
ഉറക്കത്തില്‍ തലയണകളുടെ പങ്ക്
തലയണകള്‍ സുഖകരമായ ഉറക്കത്തിന് സഹായിക്കുന്നതുപോലെ ചില സാഹചര്യങ്ങളില്‍ അവ ആരോഗ്യ പ്രശ്‌നങ്ങള്‍ വഷളാക്കാനും സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ് ഓരോരുത്തര്‍ക്കും അനുയോജ്യമായവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ശരിയായ തലയിണ ആഡംബരം മാത്രമല്ല, അത് നിങ്ങളുടെ നട്ടെല്ലിനെ സംരക്ഷിക്കുന്നതിനും, ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും, ആരോഗ്യപരമായ സങ്കീര്‍ണതകള്‍ തടയുന്നതിനും വേണ്ടിയുള്ളതുകൂടിയാണ്.
Content Highlights :Not choosing a comfortable pillow can seriously affect your health