ജങ്ക് ഫുഡും മധുരവും പോയിട്ട് ഭക്ഷണത്തോട് കൊതി പോലുമില്ല പക്ഷെ ഭാരം കൂടുന്നു; എന്താണ് കാരണം

ജീവിതശൈലിയിലുണ്ടാകുന്ന മാറ്റം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ശാരീരികാവസ്ഥകളിലെ മാറ്റങ്ങള്‍ തുടങ്ങി ഭാരം വര്‍ധിക്കുന്നതിന് കാരണങ്ങള്‍ പലതായിരിക്കാം.

dot image

മിതമായി ഭക്ഷണം കഴിക്കുന്നില്ല, മധുരം കഴിക്കുന്നില്ല, ജങ്ക് ഫുഡ്‌സ് കഴിക്കുന്നില്ല പക്ഷെ ഭാരം വല്ലാതെ കൂടുന്നു. തുടര്‍ച്ചയായി ഭാരം കൂടിക്കൊണ്ടിരിക്കുന്നുണ്ടെങ്കില്‍ അത് മറ്റുചില ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയാകാം. ദഹനം, വെള്ളംകുടി, ഹോര്‍മോണ്‍ ലെവല്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഒന്നുരണ്ട് കിലോഗ്രാം വ്യത്യാസം വരുന്നത് സ്വാഭാവികമാണ്. ഇവിടെ പറയുന്നത് അതിനെ കുറിച്ചല്ല. ഡയറ്റില്‍ പ്രത്യേകിച്ച് മാറ്റമൊന്നും വരുത്താതെ ക്രമാതീതമായി ഭാരം കൂടുന്നുണ്ടെങ്കില്‍ മാത്രമാണ് ശ്രദ്ധിക്കേണ്ടത്.

ജീവിതശൈലിയിലുണ്ടാകുന്ന മാറ്റം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ശാരീരികാവസ്ഥകളിലെ മാറ്റങ്ങള്‍ തുടങ്ങി ഭാരം വര്‍ധിക്കുന്നതിന് കാരണങ്ങള്‍ പലതായിരിക്കാം.

ഉറക്കമില്ലായ്മ

ഉറക്കം ശരീരഭാരത്തെ സ്വാധീനിക്കുമെന്ന് പറഞ്ഞാല്‍ പലരും വിശ്വസിക്കാന്‍ കൂട്ടാക്കിയെന്ന് വരില്ല. പക്ഷെ അത് വാസ്തവമാണ്. നല്ല ഉറക്കം കിട്ടിയില്ലെങ്കില്‍ അത് ഹോര്‍മോണ്‍ വ്യതിയാനത്തിന് കാരണമാവും. വിശപ്പിനെ ബാധിക്കും..അതായത് കൂടുതല്‍ വിശപ്പ് അനുഭവപ്പെടും, അത് കൂടുതല്‍ കാലറിയുള്ള ഭക്ഷണം കഴിക്കാനുള്ള അമിതമായ താല്പര്യം അനുഭവപ്പെടും. ഇത് സ്വാഭാവികമായും ഭാരക്കൂടുതലിലേക്ക് നയിക്കും.

പുകവലി നിര്‍ത്തുന്നത്

പുകവലി നിര്‍ത്തുന്നത് ആരോഗ്യത്തെ മെച്ചപ്പെടുത്തുമെങ്കിലും അത് താല്ക്കാലികമായി ഭാരക്കൂടുതലിലേക്ക് നയിച്ചേക്കാം. നിക്കോട്ടിന് വിശപ്പ് കെടുത്താനുള്ള കഴിവ് കൂടുതലാണ്. പുകവലി നിര്‍ത്തുന്നതോടെ സ്വഭാവികമായും വിശപ്പ് തിരിച്ചുവരും ചിലപ്പോള്‍ കൂടുതല്‍ വിശപ്പും അനുഭവപ്പെടും. ഭക്ഷണം പതിവില്‍ കൂടുതല്‍ കഴിക്കാന്‍ അത് കാരണമാകും. വ്യായമത്തിലൂടെ കാലക്രമേണ ഇത് നിയന്ത്രിക്കാവുന്നതേയുള്ളൂ.

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം

പിസിഓഎസ് ഒരു ഹോര്‍മോണല്‍ ഡിസോര്‍ഡറാണ്. ഇതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് ഭാരം കൂടുന്നത്. പ്രത്യേകിച്ച് വയര്‍കൂടും. ഇത് ഇന്‍സുലിന്‍ റെസിസ്റ്റന്‍സിലേക്ക് നയിക്കുന്നതിനാല്‍ ശരീരത്തിന് ഇന്‍സുലിനെ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കാതെ വരും. ഇത് കൊഴുപ്പ് ശേഖരണത്തിലേക്കും ഭാരക്കൂടുതലിലേക്കും നയിക്കും. ചിട്ടയായ വ്യായാമം, ആരോഗ്യകരമായ രീതിയില്‍ ഭക്ഷണം കഴിക്കുക, ഭാരം നിയന്ത്രിക്കുന്നതിനുള്ള മറ്റുവഴികള്‍ എന്നിവയിലൂടെ പിസിഒഎസ് കാരണമുള്ള ഭാരക്കൂടുതല്‍ നിയന്ത്രിക്കാന്‍ സാധിക്കും.

ഹൃദയാരോഗ്യം

ഹൃദയാരോഹ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് വളരെ വേഗത്തില്‍ ഭാരം കൂടും. ഫ്‌ളൂയിഡ് റിടെന്‍ഷന്‍ കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഹൃദയത്തിന് ഫലപ്രദമായി രക്തം പമ്പുചെയ്യുന്നതില്‍ വീഴ്ചപറ്റുമ്പോഴാണ് ഫ്‌ളൂയിഡ് റിടെന്‍ഷന്‍ സംഭവിക്കുന്നത്.

വൃക്ക രോഗം

ശരീരത്തിലെ മാലിന്യങ്ങളും കൂടുതലായി വരുന്ന ഫ്‌ളൂയിഡുകളും ഫില്‍റ്റര്‍ ചെയ്യുന്നത് വൃക്കകളാണ്. അത് കൃത്യമായി പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ ശരീരത്തില്‍ ഫ്‌ളൂയിഡ് വര്‍ധിക്കും. ഇത് നീര്‍വീക്കത്തിനും ഭാരക്കൂടുതലിനും കാരണമാകും. ഇത് ചികിത്സിക്കാതെ വിട്ടുകഴിഞ്ഞാല്‍ വൃക്കരോഗം മൂര്‍ച്ഛിക്കാനും ആരോഗ്യത്തെ മുഴുവന്‍ ബാധിക്കാനും കാരണമാകും.

കരള്‍ രോഗം

സിറോസിസ് കരളിനെ ബാധിക്കുന്ന ഒന്നാണ് എന്ന് നമുക്കറിയാം. ഈ അവസ്ഥയിലെത്തുന്നതോടെ കരളിന്റെ സ്വാഭാവിക പ്രവര്‍ത്തനം നിലയ്ക്കും. ഇത് വയറില്‍ ഫ്‌ളൂയിഡ് നിറയുന്നതിന് കാരണമാകും. അത് വയര്‍ വലുതാക്കുകയും ഭാരക്കൂടുതലിന് കാരണമാകുകയും ചെയ്യും. ഇത് കൊഴുപ്പ് അടിഞ്ഞുകൂടിയല്ല ഇവരില്‍ തടി കൂടുന്നത്.

ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുക

ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നത് ഭാരം കൂടുന്നതിന് കാരണമാകും. പ്രത്യേകിച്ച് സ്ത്രീകളില്‍. കാരണം വിശപ്പ് നില്‍ക്കുന്നതിനാല്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിലേക്ക് ഇത് നയിക്കുകയും ഭാരം കൂടുന്നതിന് കാരണമാവുകയും ചെയ്യും.

ദഹനപ്രശ്‌നങ്ങള്‍

മലബന്ധം, വയറുവീര്‍ക്കല്‍, ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെല്ലെയാവുക തുടങ്ങി ദഹനത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഭാരക്കൂടുതലിലേക്ക് നയിച്ചേക്കാം. ഡയറ്റിലെ മാറ്റങ്ങള്‍, ഹൈഡ്രേഷന്‍, ഫിസിക്കല്‍ ആക്ടിവിറ്റി എന്നിവയാണ് കാരണം. ഫൈബര്‍ സമ്പുഷ്ടമായ ഭക്ഷണം, ചിട്ടയായ വ്യായാമം എന്നിവയിലൂടെ ദഹനം മെച്ചപ്പെടുത്താം.

ഇതിനെല്ലാം പുറമേ മെനോപോസ്, തൈറോയ്ഡ് തുടങ്ങിയവ കാരണമുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, കാലറി കൂടുതല്‍ ശരീരത്തിലെത്തുന്നത്, ശാരീരിക പ്രവര്‍ത്തനങ്ങളിലെ കുറവ്, സമ്മര്‍ദം മൂലമുള്ള അമിത തീറ്റ, ആര്‍ത്തവ ചക്രവുമായി ബന്ധപ്പെട്ടുള്ള ഫ്‌ളൂയിഡ് റിടെന്‍ഷന്‍ എന്നിവ ഭാരക്കൂടുതലിലേക്ക് വഴിവച്ചേക്കാം

Content Highlights: Rapid weight gain these are the reason

dot image
To advertise here,contact us
dot image