
വസ്ത്രങ്ങളുടെ നിറമനുസരിച്ച് അവ അടുക്കിവയ്ക്കുക, ഒരു തരി പൊടിയുണ്ടെങ്കില്‍ കൂടി വീണ്ടും വീണ്ടും അടുക്കള സ്ലാബുകള്‍ തുടച്ച് വൃത്തിയാക്കുക, വീടിന്റെ ചുമരിലെ ചെറിയ അഴുക്കുപോലും കണ്ടാലൊന്ന് വൃത്തിയാക്കിയില്ലെങ്കില്‍ സ്വസ്ഥത കിട്ടാത്ത ആളുകളില്ലേ..? അവരെ കാണുമ്പോള്‍ ചിലരെങ്കിലും പറയാറില്ല, എനിക്കും ഒസിഡി ഉണ്ട് എന്ന്.. എന്നാല്‍ ഇരുകൂട്ടര്‍ക്കും ആ പ്രശ്‌നമുണ്ടാകില്ലെന്നതാണ് വാസ്തവം. പിന്നെ ഈ പ്രശ്‌നത്തിനെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്..?
ഒബ്‌സസീവ് കംപള്‍സീവ് ഡിസോഡറിനെ ഗുരുതരമായ മാനസിക ബുദ്ധിമുട്ടാണെന്നിരിക്കെ സാധാരണപോലെ പറയുകയാണ് പലരും ചെയ്യാറ്. പക്ഷേ ആ സാഹചര്യത്തിലൂടെ കടന്നുപോകുന്നവര്‍ പറയുന്നത്, അത്ര സിമ്പിളായ ഒരവസ്ഥയല്ല ഇതെന്നാണ്. ഒരുപാട് വൃത്തിയും നിയന്ത്രണവുമൊന്നുമല്ല ഒസിഡി എന്ന അവസ്ഥ. ഒരു കാര്യത്തെ കുറിച്ചുള്ള അമിതവും അനാവശ്യവും നിയന്ത്രിക്കാന്‍ കഴിയാത്തതുമായ ചിന്തകള്‍ ഇങ്ങനെ വന്നുകൊണ്ടെയിരിക്കും, ഒടുവില്‍ ഇവ ഇല്ലാതാക്കാന്‍ ചെയ്ത പ്രവര്‍ത്തി തന്നെ വീണ്ടും തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഒരുതരം രീതി.. ഉദാഹരണത്തിന്, നിങ്ങളുടെ ലൈറ്റിന്റെ സ്വിച്ച് അഞ്ച് തവണ ഞെക്കിയില്ലെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരിലാരെങ്കിലും മരിച്ചുപോകും എന്നൊരു ചിന്തയാണ് മനസില്‍ വരുന്നതെങ്കില്‍ എങ്ങനെയിരിക്കും. യാത്രക്കിടയില്‍ നിങ്ങളുടെ കാര്‍ ആരെയെങ്കിലും തട്ടിയോ എന്ന ചിന്ത, അങ്ങനെ സംഭവിച്ചതിന് ഒരു തെളിവുമില്ലെങ്കിലും വീണ്ടും റോഡില്‍ പോയി നോക്കേണ്ടി വരിക, ഇതാണ് ഒസിഡിയുടെ യാഥാര്‍ത്ഥ്യം. ഇത് രസമുള്ള കാര്യമല്ല, തമാശയുമല്ല.. ഒസിഡി ഉള്ള ചിലര്‍ക്ക് വൃത്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടാവാം, പക്ഷേ എല്ലാവര്‍ക്കും ആ ബുദ്ധിമുട്ട് ഉണ്ടാവണമെന്നില്ലെന്നതാണ് വാസ്തവം. കൈ കഴുകിക്കൊണ്ടേയിരിക്കുന്ന അവസ്ഥ, വൃത്തിയുമായി മാത്രം ബന്ധപ്പെട്ടതല്ല. എന്തോ മോശമായ ഒന്നിനെ പൂര്‍ണമായി ഒഴിവാക്കാന്‍ കൂടിയുള്ള ശ്രമമായിരിക്കാം. അതിരുകടക്കുന്ന ഉത്കണ്ഠയുടെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള ഒരു ശ്രമമാണ്. അതായത് ഒസിഡി പലതരത്തിലായിരിക്കും. പക്ഷേ ഇത്തരക്കാര്‍ക്കുണ്ടാവുന്ന ചിന്തകള്‍ വലിയ വിഷമതകള്‍ ഉണ്ടാക്കുന്നതും ആകുലത ഒരാളെ ദുര്‍ബലപ്പെടുത്തുന്നതുമാണ്.
വൃത്തിയില്‍ വളരെയധികം താല്‍പര്യമുള്ളയാളെ ഒസിഡിയുള്ളയാള്‍ എന്ന് വിളിച്ച് ഈ രോഗത്തിന്റെ ഗുരുതര സ്വഭാവത്തെ ഇല്ലാതാക്കുന്ന പ്രവണത, ഇതിലൂടെ കടന്നുപോകുന്ന വ്യക്തികള്‍ക്ക് കിട്ടേണ്ട പരിഗണന പോലും ഇല്ലാതാക്കുകയാണ്. മുഴുവനായി എല്ലാവരുടെയും ഇടയില്‍ തെറ്റിദ്ധാരണകള്‍ ശക്തമാക്കുകയാണ് ചെയ്യുന്നത്. ഒസിഡി പ്രശ്‌നത്തിലൂടെ കടന്നുപോകുന്നവരോട് ചോദിച്ചാല്‍ മാത്രമേ അതിന്റെ ആഴം മനസിലാവുകയുള്ളു. വാതില്‍ പൂട്ടിയോന്ന് വീണ്ടും വീണ്ടും ഉറപ്പിക്കാനായി പതിനേഴാം തവണയും അത് പരിശോധിക്കേണ്ടി വരുന്ന അവസ്ഥ അത്ര നിസാരമല്ല. അങ്ങനെയാണെങ്കില്‍, അങ്ങനെയൊരു അവസ്ഥയാണെങ്കില്‍ എന്നൊക്കെ ചിന്തിച്ച് ഒരു ജീവിതകാലം കഴിയുക അത്ര എളുപ്പവുമല്ല.
നിങ്ങള്‍ക്ക് അല്പം വൃത്തികൂടുതലാണെങ്കില്‍ നിങ്ങള്‍ പെര്‍ഫക്ഷണിസ്റ്റ് ആകാം. അല്ലെങ്കില്‍ ശ്രദ്ധ കുറച്ച് കൂടുതലാവാം.. അതിനപ്പുറം മറ്റൊന്നുമല്ല നിങ്ങള്‍ക്കുള്ളത്. പക്ഷേ ഒസിഡി അത് ഒരു രോഗനിര്‍ണയമാണ്. വളരെ ബുദ്ധിമുട്ടുള്ള, ഒരാളെ ദുര്‍ബലമാക്കുന്ന അതേ സൂക്ഷമതയോടെയും എല്ലാ ബഹുമാനത്തോടെയും പരിഗണിക്കേണ്ട അവസ്ഥ. കോഗ്‌നെറ്റീവ് ബിഹേവിയറല്‍ തെറാപ്പി, പ്രത്യേകിച്ച് എക്‌സ്‌പോഷര്‍ ആന്‍ഡ് റെസ്‌പോണ്‍സ് പ്രിവന്‍ഷന്‍ രീതിയിലൂടെ ഒസിഡിക്ക് പരിഹാരം കാണാന്‍ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ അതിന് മുമ്പ് ഒസിഡി എന്താണെന്ന് വ്യക്തമായി അറിഞ്ഞിരിക്കണം.
Content Highlights: Loving perfection and cleanliness doesn't mean you have OCD