ചെറിയ കാര്യങ്ങള്‍ക്ക് പോലും അമിതമായ ആശങ്ക, കൈകാല്‍ വിറയല്‍, നെഞ്ചിടിപ്പ്;ഇത് വെറും ടെന്‍ഷനല്ല

ഉത്കണ്ഠ നിയന്ത്രിക്കാന്‍ കഴിയാതെ വരുമ്പോഴാണ് അത് ഒരു രോഗമായി മാറുന്നത്. ആങ്‌സൈറ്റി ഡിസോര്‍ഡറും ടെന്‍ഷനും തമ്മിലുള്ള അതിര്‍വരമ്പുകള്‍ പോലും പലര്‍ക്കും മനസ്സിലാകാറുമില്ല.

dot image

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുറന്നുപറയാനും അതുമായി ബന്ധപ്പെട്ട ടാബൂ മാറ്റാനും എന്തൊക്കെ പറഞ്ഞാലും കാരണമായത് ജെന്‍ സി തലമുറയാണ്. തങ്ങളുടെ മാനസികാരോഗ്യത്തിന് ഏറ്റവും പ്രാധാന്യം നല്‍കുന്ന ആ തലമുറ തങ്ങള്‍ക്കനുഭവപ്പെടുന്ന മാനസിക പ്രശ്‌നങ്ങളെ മറച്ചുവയ്ക്കാനോ, ചികിത്സ തേടാനോ മടിക്കുന്നില്ല. അങ്ങേയറ്റം മത്സരബുദ്ധിയോടെ കാര്യങ്ങള്‍ കാണുന്ന ഇന്നത്തെ സാഹചര്യത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന അമിത സമ്മര്‍ദം ചിലപ്പോള്‍ ആശങ്കയിലേക്കും അമിത ഉത്കണ്ഠയിലേക്കും നയിച്ചേക്കാം. ഈ ഉത്കണ്ഠ നിയന്ത്രിക്കാന്‍ കഴിയാതെ വരുമ്പോഴാണ് അത് ഒരു രോഗമായി മാറുന്നത്. ആങ്‌സൈറ്റി ഡിസോര്‍ഡറും ടെന്‍ഷനും തമ്മിലുള്ള അതിര്‍വരമ്പുകള്‍ പോലും പലര്‍ക്കും മനസ്സിലാകാറുമില്ല.

നിങ്ങള്‍ക്ക് ഉത്കണ്ഠ രോഗം ഉണ്ടോ?

തലച്ചോറിലെ രാസവസ്തുക്കളിലെ അളവില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ നിങ്ങളെ ഉത്കണ്ഠയിലേക്ക് നയിച്ചേക്കാം. ഉത്കണ്ഠ നിങ്ങളെ ബാധിക്കുമ്പോള്‍ അത് പ്രതിരോധിക്കുന്നതിനായി ശരീരം നിങ്ങളെ തയ്യാറെടുപ്പിക്കുന്നത് അല്പമൊന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. ഒരു ട്രിഗര്‍ സ്റ്റിമുലസ് നിങ്ങള്‍ക്കുണ്ടാകും..അത് ചിലപ്പോള്‍ നിങ്ങളെ വിഷമിപ്പിക്കുന്ന എന്തെങ്കിലും ചിന്തയാകാം. സാഹചര്യം അപകടകരമാണെന്ന ചിന്തയിലേക്കാണ് മസ്തിഷ്‌കം എത്തിച്ചേരുന്നത്.

ഇതിനോടുള്ള പ്രതികരണമായി മസ്തിഷ്‌കം അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ എന്നീ ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കും. തലകറക്കം, അമിതവിയര്‍പ്പ്, ഹൃദയമിടിപ്പ് വര്‍ധിക്കുക തുടങ്ങിയ രീതിയില്‍ ഇത് പ്രകടമാകുകയും ചെയ്യും. ഇതോടെ കൂടുതല്‍ വിനാശകരമായ എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന ചിന്ത കലശലാവുകയും ഉത്കണ്ഠയുടെ ലക്ഷണങ്ങള്‍ അതിന്റെ പാരമ്യത്തിലെത്തുകയും ചെയ്യും. ഇത് ഒരു ലൂപ്പായി മാറും. ഭയം വരുമ്പോള്‍ ശരീരം ഇത്തരത്തില്‍ പ്രതികരിക്കുക, അതോടെ കൂടുതല്‍ ഭയപ്പെടുക, ശരീരം കുറേക്കൂടി വേഗത്തില്‍ ഇതിനോട് പ്രതികരിക്കുക. ഇത്് ആങ്‌സൈറ്റി അറ്റാക്ക്, പാനിക് ഡിസോര്‍ഡര്‍ എന്നിവയിലേക്ക് നയിക്കും.

ആര്‍ക്കും സംഭവിക്കാം

ഏത് പ്രായത്തിലുള്ളവര്‍ക്കും ഏത് പശ്ചാത്തലത്തില്‍ നിന്ന് വരുന്നവര്‍ക്കും, ഏത് ജീവിതശൈലി പിന്തുടരുന്നവരെയും ഉത്കണ്ഠ പിടികൂടാം. എത്ര കരുത്തരാണോ, ജീവിത വിജയം നേടിയവരാണോ, എല്ലായ്‌പ്പോഴും സന്തോഷത്തോടെ നടക്കുന്നവരാണോ എന്നുള്ളതൊന്നും അതിന് ബാധകമല്ല. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ അനാവശ്യ ഉത്കണ്ഠ പിടികൂടുന്നുണ്ടെങ്കില്‍ അത് ശ്രദ്ധിക്കണം. ജീവിതത്തിലെ മാറ്റങ്ങള്‍, ജോലി സമ്മര്‍ദം, കുടുംബവുമായുള്ള പ്രശ്‌നം, ആരോഗ്യ ഉത്കണ്ഠകള്‍ എന്നിവയെല്ലാം നിങ്ങളെ ഉത്കണ്ഠാകുലരാക്കിയേക്കാം. ഇതൊരിക്കലും നിങ്ങള്‍ ദുരബര്‍ലര്‍ ആണെന്നതിന്റെ സൂചനയല്ല. ആരും എന്തിനും അതീതരല്ലെന്ന് മനസ്സിലാക്കുക. കൃത്യമായ സഹായം തേടുകയാണെങ്കില്‍ എല്ലാം നിഷ്പ്രയാസം മറികടക്കാനാകും.

ലക്ഷണങ്ങള്‍ തിരിച്ചറിയുക

  • നേരത്തേ പറഞ്ഞപോലെ ഇത് ശരീരത്തിലും മാനസികാവസ്ഥയിലും മാറ്റങ്ങള്‍ ഉണ്ടാക്കും. ഹൃദയമിടിപ്പ് കൂടുക, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, അമിത വിയര്‍പ്പ്, ശരീരം തണുത്ത് പോവുക, തലകറക്കം, തലവേദന, വയറുവേദന, കണ്ണില്‍ ഇരുട്ട് കയറുക, കൈകാല്‍ വിറയല്‍ ഇവയെല്ലാം ഉത്കണ്ഠ അധികരിക്കുന്നതിന്റെ ലക്ഷണങ്ങളാണ്.
  • അസ്വസ്ഥത അനുഭവപ്പെടുക, വെറുതെ ഇരിക്കാന്‍ സാധിക്കാതെ വരിക.
  • പലതരത്തിലുള്ള ചിന്തകള്‍ വന്നുകൊണ്ടേയിരിക്കുക, ശ്രദ്ധിക്കാന്‍ ബുദ്ധിമുട്ട് നേരിടുക, ഉറങ്ങാന്‍ ബുദ്ധിമുട്ട് നേരിടുക
  • വൈകാരികമായി നോക്കിയാല്‍ വല്ലാതെ പ്രകോപിതരാകും, പിരിമുറുക്കം അനുഭവപ്പെടും
  • ചില കാര്യങ്ങള്‍ ചെയ്യാനുള്ള ഭയം, എന്തുചെയ്താലും അത് കൂടുതല്‍ മോശമാകുമോ എന്ന ആശങ്കയില്‍ ചെയ്യാതാരിക്കുക.
  • ഉത്കണ്ഠ പാനിക് അറ്റാക്കിലെത്തിയാല്‍ നിങ്ങള്‍ക്ക് നെഞ്ചുവേദന, മരവിപ്പ്, ഇക്കിളി, നിയന്ത്രണം നഷ്ടപ്പെടുക എന്നിവ അനുഭവപ്പെട്ടേക്കാം.

എന്തുചെയ്യണം

ഉത്കണ്ഠ അധികരിച്ചാല്‍ പരമാവധി ശാന്തതയോടെ ആ സാഹചര്യത്തെ നേരിടുക. വികാരങ്ങള്‍ താല്ക്കാലികമാണ്. സാവധനാത്തില്‍ ശ്വാസം വലിച്ചുവിടാന്‍ ശ്രമിക്കുക. അത് ചുറ്റും നടക്കുന്നതിനോട് പ്രതികരിക്കുക എന്നതിനേക്കാള്‍ അത് അംഗീകരിക്കുക എന്ന മാനസിക നിലയിലേക്ക് നിങ്ങളെ എത്തിക്കും.

5-4-3-2-1 ഗ്രൗണ്ടിങ് ടെക്‌നിക് പരീക്ഷിക്കാം. നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന അഞ്ചുകാര്യങ്ങള്‍, നിങ്ങള്‍ക്ക് തൊടാനാകുന്ന നാല് കാര്യങ്ങള്‍, നിങ്ങള്‍ക്ക് കേള്‍ക്കാനാകുന്ന മൂന്ന് കാര്യങ്ങള്‍, നിങ്ങള്‍ക്ക് ലഭിക്കുന്ന രണ്ട് ഗന്ധങ്ങള്‍, നിങ്ങള്‍ക്ക് രുചി മനസ്സിലാക്കാനാവുന്ന ഒരു വസ്തു എന്നിവയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക. ഇത് ഹൃദയമിടിപ്പ് കുറയ്ക്കുകയും ശ്രദ്ധകേന്ദ്രീകരിക്കാന്‍ സഹായിക്കുകയും ചെയ്യും.

അമിത ഉത്കണ്ഠ കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍

  • വ്യായാമം പതിവാക്കാം.
  • നന്നായി ഉറങ്ങാം
  • ആരോഗ്യകരമായ ഡയറ്റ്
  • കഫൈന്‍, ആല്‍ക്കഹോള്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുക
  • സുഹൃത്തുക്കള്‍ക്കൊപ്പം ആസ്വദിക്കാന്‍ സമയം കണ്ടെത്തുക.
  • ബ്രീത്തിങ്, മെഡിറ്റേഷന്‍, യോഗ എന്നിവ പരിശീലിക്കാം
  • ജേണല്‍ ചെയ്യാം
  • നിങ്ങളെ ഉത്കണ്ഠപ്പെടുത്തുന്ന കാര്യങ്ങള്‍ മനസ്സിലാക്കി അവയില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാം

Content Highlights: What is anxiety disorder, learn about its symptoms and causes

dot image
To advertise here,contact us
dot image