'എന്റെ ഫിഫ്റ്റിയോ സെഞ്ച്വറിയോ അല്ല, ഇന്ത്യ ജയിക്കണം'; മത്സരശേഷം കണ്ണീരണിഞ്ഞ് ജമീമ റോഡ്രി​ഗ്സ്

'ഒന്നും ഞാൻ ഒറ്റയ്ക്ക് ചെയ്തല്ല. കാണികൾ ഉൾപ്പെടെ വലിയ പിന്തുണയാണ് നൽകിയത്'

'എന്റെ ഫിഫ്റ്റിയോ സെഞ്ച്വറിയോ അല്ല, ഇന്ത്യ ജയിക്കണം'; മത്സരശേഷം കണ്ണീരണിഞ്ഞ് ജമീമ റോഡ്രി​ഗ്സ്
dot image

വനിതാ ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയയെ തകർത്തെറിഞ്ഞതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ജമീമ റോഡ്രി​ഗ്സ്. തന്റെ ഫിഫ്റ്റിയോ സെഞ്ച്വറിയോ അല്ല, ഇന്ത്യയുടെ വിജയമാണ് പ്രധാനമെന്ന് ജമീമ പ്രതികരിച്ചു. മത്സരശേഷമായിരുന്നു താരത്തിന്റെ വാക്കുകൾ.

'ഞാൻ ദൈവത്തിന് നന്ദി പറയുന്നു. എനിക്ക് ഇത് സ്വന്തമായി ചെയ്യാൻ കഴിയുമായിരുന്നില്ല. എന്റെ അമ്മയ്ക്കും അച്ഛനും കോച്ചിനും എന്നിൽ വിശ്വസിച്ച ഓരോ വ്യക്തിക്കും നന്ദി. കഴിഞ്ഞ മാസം ഏറെ ബുദ്ധിമുട്ടിലൂടെ താൻ കടന്നുപോയി. ഈ വിജയം ഒരു സ്വപ്നം പോലെ തോന്നുന്നു. എനിക്കിപ്പോഴും അത് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല,' ജമീമ പറഞ്ഞു.

'ഞാൻ മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നതെന്ന് അറിയില്ലായിരുന്നു. ഞാൻ കുളിക്കുകയായിരുന്നു. എന്നെ അറിയിച്ചാൽ മതിയെന്ന് അവരോട് പറഞ്ഞു. കളത്തിലിറങ്ങുന്നതിന് അഞ്ച് മിനിറ്റ് മുമ്പാണ് ഞാൻ മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നതെന്ന് അറിഞ്ഞത്. ആദ്യ റൗണ്ടിൽ നിർണായക മത്സരങ്ങൾ തോറ്റതിനാൽ, ഈ മത്സരം ഇന്ത്യയ്ക്ക് വേണ്ടി വിജയിക്കണമെന്ന് ഞാൻ ആ​ഗ്രഹിച്ചു. എന്റെ അർദ്ധ സെഞ്ച്വറിയോ സെഞ്ച്വറിയോ പ്രധാന്യമുള്ള കാര്യമല്ല. മറിച്ച് ഇന്ത്യയുടെ വിജയമാണ് പ്രധാനം,' ജമീമ കൂട്ടിച്ചേർത്തു.

'കഴിഞ്ഞ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഞാൻ ഒഴിവാക്കപ്പെട്ടു. ഞാൻ നല്ല ഫോമിലായിരുന്നു. പക്ഷേ അങ്ങനെ സംഭവിച്ചു. ഈ ടൂറിലുടനീളം ഞാൻ ഏകദേശം എല്ലാ ദിവസവും കരഞ്ഞിട്ടുണ്ട്. മാനസികാവസ്ഥ മോശമായിരുന്നു. ഏറെ ആശങ്കയുണ്ടായിരുന്നു. മികച്ച പ്രകടനം കാഴ്ചവെയ്ക്കണമെന്ന് എനിക്കറിയാമായിരുന്നു. ദൈവം എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചു. തുടക്കത്തിൽ, ഞാൻ വെറുതെ കളിക്കുകയായിരുന്നു. ഞാൻ എന്നോട് തന്നെ സംസാരിച്ചുകൊണ്ടിരുന്നു,' ജമീമ പ്രതികരിച്ചു.

'അവസാനമായപ്പോൾ ദൈവം എനിക്കുവേണ്ടി പോരാടുമെന്ന് ഞാൻ മനസിൽ കരുതി. ദൈവം എനിക്ക് വേണ്ടി പോരാടി. ഇന്ത്യ അഞ്ച് വിക്കറ്റിന് ജയിക്കുന്നത് കണ്ടപ്പോൾ എനിക്ക് എന്നെ നിയന്ത്രിക്കാനായില്ല. ഹർമൻപ്രീതിനൊപ്പം മികച്ച കൂട്ടുകെട്ട് ഉയർത്താനായി. അവസാന ഓവറുകളിൽ ഞാൻ സ്വയം പ്രോത്സാഹിപ്പിച്ചു. ദീപ്തി മികച്ച പിന്തുണ നൽകി. ഒന്നും ഞാൻ ഒറ്റയ്ക്ക് ചെയ്തല്ല. കാണികൾ ഉൾപ്പെടെ വലിയ പിന്തുണയാണ് നൽകിയത്,' ജമീമ വ്യക്തമാക്കി.

വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ചരിത്ര വിജയവുമായി ഇന്ത്യ ഫൈനലിൽ കടന്നിരിക്കുകയാണ്. വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ പിന്തുടർന്ന് വിജയിച്ച് ഇന്ത്യ കലാശപ്പോരിന് യോ​ഗ്യത നേടിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ.

ഇന്ന് നടന്ന സെമി ഫൈനലിൽ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് തകർത്താണ് ഇന്ത്യ ചരിത്രം കുറിച്ചത്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയൻ വനിതകൾ 49.5 ഓവറിൽ 338 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ വനിതകൾ 48.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ജമീമ റോഡ്രി​ഗ്സിന്റെയും 89 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെയും വീരോചിത പോരാട്ടമാണ് ഇന്ത്യൻ വിജയത്തിന് കാരണായത്.

Content Highlights: Jemimah Rodrigues reacts after India's thrashing of Australia

dot image
To advertise here,contact us
dot image