സഹപ്രവർത്തകനും ഭാര്യയും തമ്മിൽ 'അവിഹിതബന്ധമെന്ന്' കേണൽ;കോർട്ട് മാർഷലിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഭാര്യ

അവിഹിതബന്ധം ആരോപിക്കപ്പെട്ട സെെനികനെ സേനയില്‍ പുറത്താക്കി

സഹപ്രവർത്തകനും ഭാര്യയും തമ്മിൽ 'അവിഹിതബന്ധമെന്ന്' കേണൽ;കോർട്ട് മാർഷലിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഭാര്യ
dot image

മറ്റൊരു കേണലിന്റെ ഭാര്യയുമായി ബന്ധം പുലർത്തിയെന്ന ആരോപണം നേരിട്ട കേണലിനെ സേനയിൽ നിന്നും പിരിച്ചുവിട്ടു. ഇലക്ട്രോണിക്‌സ് ആന്റ് മെക്കാനിക്കൽ വകുപ്പിലെ കേണലിനെയാണ് പുറത്താക്കിയിരിക്കുന്നത്. ചണ്ഡീഗഡിൽ വെച്ച് നടത്തിയ കോർട്ട് മാർഷലിന് ശേഷമാണ് ഉദ്യോഗസ്ഥനെ പുറത്താക്കിയത്.

2025 മെയ് മാസത്തിലായിരുന്നു കോർട്ട് മാർഷൽ ആരംഭിച്ചത്. ബ്രിഗേഡിയർ ജഗ്മീന്ദർ സിംഗ് ഗില്ലിന്റെ നേതൃത്വത്തിൽ നടന്ന കോർട്ട് മാർഷലിൽ മറ്റ് ആറ് കേണലുകളും ഉൾപ്പെട്ടിരുന്നു. ആർമി ആക്ട് പ്രകാരം ഒരാളെ പിരിച്ചുവിടാനുള്ള നാല് കുറ്റങ്ങളിൽ മൂന്നും കേണലിന്റെ ഭാഗത്തും ഉണ്ടായതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

2021 സെപ്റ്റംബർ 1 മുതൽ 2022 ഓഗസ്റ്റ് 31 വരെ രാത്രി പത്ത് മണി മുതൽ രാവിലെ ആറ് മണി വരെയുള്ള സമയങ്ങളിൽ കേണലിന്റെ ഭാര്യയുമായി പുറത്താക്കപ്പെട്ട കേണൽ ഫോണിലൂടെ സംസാരിച്ചു എന്നതായിരുന്നു ആദ്യ ആരോപണം. ഭാര്യയുടെ കോൾ ഡീറ്റെയ്ൽസ് അജ്ഞാതനായ ഒരാൾ അയച്ചു തന്നു എന്നാണ് ഭർത്താവായ കേണൽ കോർട്ട് മാർഷലിൽ പറഞ്ഞത്.

കേണലിന്റെ ഭാര്യയോടൊപ്പം ഹരിദ്വാറിലെയും ഡെറാഡൂണിലെയും ഹോട്ടലുകളിൽ കുറ്റാരോപിതനായ കേണൽ താമസിച്ചു എന്നതാണ് അടുത്ത ആരോപണം. വ്യാജ ഡിപ്പന്റന്റ് കാർഡ് ഉപയോഗിച്ചു എന്നതാണ് മറ്റൊരു കുറ്റം. ഫോൺ വിളിച്ചതുമായി ബന്ധപ്പെട്ട് കേണലിനെതിരെ നടപടി ഉണ്ടായില്ലെങ്കിലും മറ്റ് രണ്ട് ആരോപണങ്ങളിൽ ഇയാളെ കോർട്ട് മാർഷലിൽ കുറ്റക്കാരനായി കണ്ടെത്തുകയായിരുന്നു.

കോർട്ട് മാർഷലിനിടെ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യയും രംഗത്തെത്തി. 16 വർഷത്തോളമായി താൻ ഗാർഹിക പീഡനവും ലൈംഗിക പീഡനവുമടക്കം അനുഭവിക്കുകയാണെന്നാണ് ഈ സ്ത്രീ വെളിപ്പെടുത്തിയത്. സ്ത്രീധനത്തിന്റെ പേരിലടക്കം തന്നെ ഉപദ്രവിച്ചിരുന്നു എന്നും ഇങ്ങനെയൊരാൾക്ക് ഒപ്പം തുടരാൻ ആഗ്രഹമില്ലെന്നും ഇവർ അറിയിക്കുകയായിരുന്നു.

ഇപ്പോൾ കുറ്റാരോപിതനായിക്കുന്ന കേണൽ തന്റെ ബാല്യകാല സുഹൃത്താണെന്നും ഇവർ പറഞ്ഞു. 42 വയസുള്ള താൻ ആരുമായി സംസാരിക്കണമെന്നത് താനല്ലേ തീരുമാനിക്കേണ്ടത് എന്നും ഇവർ ചോദിച്ചു. ഹോട്ടലിൽ കഴിഞ്ഞു എന്ന ആരോപണത്തെ ഇവർ പൂർണമായും നിഷേധിക്കുകയും ചെയ്തു.

കോർട്ട് മാർഷൽ നേരിടേണ്ടി വന്നവരുടെയോ ബന്ധപ്പെട്ടവരുടെയോ വിവരങ്ങൾ വെളിപ്പെടുത്താറില്ല. അവിടെ നടന്ന സംഭവങ്ങളെ കുറിച്ച് വിവിധ സ്രോതസുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Content Highlights: Affair with another colonel's wife, a colonel dismissed from military after court martial

dot image
To advertise here,contact us
dot image