വിരലുകളുടെ ഞൊട്ട ഒടിച്ചാൽ ആർത്രൈറ്റിസ് വരുമോ? ഡോക്ടർ പറയുന്നത് ഇങ്ങനെ

വിരലിലെ ഞൊട്ട ഒടിക്കുമ്പോള്‍ എല്ലുകളല്ല ഒടിയുന്നത്

dot image

ചിലനേരം ടെന്‍ഷന്‍ വരുമ്പോള്‍ വിരലുകളില്‍ ഞൊട്ട ഒടിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ എല്ലിന് എന്തെങ്കിലും പ്രശ്‌നമുണ്ടാവാന്‍ സാധ്യതയുണ്ടോ? അതോ ഇനി ആര്‍ത്രൈറ്റിസ് വരാന്‍ സാധ്യതയുണ്ടോ? ഇക്കാര്യത്തില്‍ സംശയമുള്ളവര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ഒരു ഡോക്ടര്‍.

സന്ധികള്‍ക്ക് ഉണ്ടാവുന്ന വേദനയ്ക്കും നീരിനുമൊക്കെയാണ് ആര്‍ത്രൈറ്റിസ് എന്ന് പറയുന്നത്. നിരന്തരമായ വേദനയും നീരും രോഗിയെ അസ്വസ്ഥമാക്കുന്നതിനൊപ്പം എഴുന്നേല്‍ക്കാനും ഇരിക്കാനുമൊക്കെ ബുദ്ധിമുട്ടുണ്ടാക്കും. സാധാരണ ജോലികള്‍ ചെയ്യാനും കഴിയില്ല. ഈ സാഹചര്യത്തിലാണ് വിരലിലെ ഞൊട്ട ഒടിച്ചാല്‍ ആര്‍ത്രൈറ്റിസ് വരുമെന്ന് കേള്‍ക്കുന്നത്. മാത്രമല്ല ഇത്തരത്തില്‍ ചെയ്യുന്നത് വിരലുകളെ ദുര്‍ബലമാകുമെന്നും പ്രചരിക്കുന്നുണ്ട്.

ആയുര്‍വേദ - യുനാനി വിദഗ്ദനായ ഡോ. സലീം സെയ്ദി പറയുന്നത് വിരലിലെ ഞൊട്ട ഒടിക്കുന്നത് ശീലമാക്കിയവര്‍ക്കും ആ ശീലമില്ലാത്തവര്‍ക്ക് ഉണ്ടാകുന്നത് പോലെ തന്നെയാണ് ആര്‍ത്രൈറ്റിസ് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതെന്നാണ്. അതായത് ഞൊട്ട ഒടിക്കുന്നത് കൊണ്ട് ആര്‍ത്രൈറ്റിസ് വരില്ലെന്ന് സാരം. വിരലിലെ ഞൊട്ട ഒടിക്കുമ്പോള്‍ എല്ലുകളല്ല ഒടിയുന്നത്. മറിച്ച് എല്ലുകള്‍ക്കിടിയിലുള്ള വായു ബബിളുകളാണ് പൊട്ടുന്നത്. ഇവയാണ് ഒടിയുന്ന പോലുള്ള ശബ്ദം കേള്‍ക്കുന്നത്.

പക്ഷേ അപ്പോഴും വിരലുകളിലെ ഞൊട്ട ഒടിക്കുന്നത് നല്ല ശീലമല്ല. ഇത് വര്‍ഷങ്ങളായി തുടര്‍ന്ന് വരികയാണെങ്കില്‍, വിരലുകളിലെ ഗ്രിപ്പ് നഷ്ടപ്പെടും. അതുകൂടാതെ മറ്റ് പ്രശ്‌നങ്ങളൊന്നും ഈ ശീലം മൂലം ഉണ്ടാകില്ല. എന്നാലും ഈ ശീലം പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും ഡോക്ടര്‍ പറയുന്നു. പ്രായം കൂടുമ്പോള്‍ ആര്‍ത്രൈറ്റിസ് ഉണ്ടാകാം. ജനിതകമായ ഘടകങ്ങള്‍, സന്ധികളിലെ പരിക്ക്, അണുബാധ, അമിതവണ്ണം, മികച്ച ജീവിതരീതി പിന്തുടരാതെയിരിക്കുന്ന ശീലമെല്ലാം ആര്‍ത്രൈറ്റിസിന് കാരണമാകും.

(ശ്രദ്ധിക്കുക: ഈ ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്. പ്രൊഫണല്‍ മെഡിക്കല്‍ നിര്‍ദേശത്തിന് പകരമല്ല. നിങ്ങളുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുണ്ടാവുന്ന സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും ഡോക്ടര്‍മാരുടെ മാര്‍ഗനിര്‍ദേശം തേടുക)

Content Highlights: Does cracking Fingers cause arthritis?

dot image
To advertise here,contact us
dot image